ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണം; ഹൈക്കോടതി

കൊച്ചി: ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. നീണ്ടകര താലൂക്കാശുപത്രിയിൽ ഡോക്ടർക്കും നഴ്‌സിനും എതിരെ ആക്രമണമുണ്ടായത് കണക്കിലെടുത്താണ് കോടതി സർക്കാരിന് ഉത്തരമൊരു നിർദ്ദേശം നൽകിയത്.

പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്രമണം ഉണ്ടാകുമെന്ന ആശങ്കമൂലം ഡോക്ടർമാരും നഴ്‌സുമാരും സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് മെഡിക്കൽ അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ആക്രമണം ഉണ്ടായപ്പോൾ സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി സർക്കാർ അറിയിച്ചെങ്കിലും അവർക്ക് നേരെയും ആക്രമണമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ആശുപത്രികൾക്ക് സംരക്ഷണം നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതിന് കർമപദ്ധതി വേണം. ആശുപത്രികളിൽ പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണം വേണമെന്നും ഇക്കാര്യത്തിൽ ഐഎംഎ അടക്കമുള്ള സംഘടനകൾ ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.