അദാനിയുടെ കമ്പനി ശ്രീലങ്കയിൽ വരുന്നതിൽ എതിർപ്പില്ല; നിലപാട് വ്യക്തമാക്കി ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി അദാനിയുടെ കമ്പനി ശ്രീലങ്കയിലേക്ക് വരുന്നതിൽ നിലപാട് അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ഇക്കാര്യത്തിൽ ഏതിർപ്പൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ 50 കോടി ഡോളർ പദ്ധതിയിൽ താത്പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എല്ലാ വലിയ കമ്പനികൾക്കും ഇത്തരം പുനരുപയോഗ ഊർജ്ജ പദ്ധതികൾ വിജയകരമായി നിർവ്വഹിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ അദാനിയുടെ കടുന്നുവരുന്നതിൽ ഇവിടെ ആർക്കും എതിർപ്പൊന്നുമില്ല. ശ്രീലങ്കയിലെ പുനരുപയോഗ ഊർജ്ജ പദ്ധതി അദാനിയ്ക്ക് നൽകാൻ മോദി സർക്കാർ മഹിന്ദ രാജപക്‌സെയുടെ മേൽ നിർബന്ധം ചെലുത്തിയെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അദാനി 50 കോടി ഡോളർ പദ്ധതിയിൽ മുടക്കാനാണ് വന്നത്. ഈയവസരത്തിൽ തങ്ങൾക്ക് അത് അത്യാവശ്യമാണ്. വലിയ നിക്ഷേപകർ ശ്രീലങ്കയുടെ പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ സാധ്യത ഉപയോഗിക്കാൻ കടന്നുവരുന്നത് ശ്രീലങ്കയ്ക്ക് കാറ്റിൽ നിന്നും വൈദ്യുതി നിർമ്മിക്കാനുള്ള സാധ്യത കൂടുതലാണെന്നതിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സർക്കാരിന് ഈ പദ്ധതിൽ പ്രത്യേക താൽപര്യമുണ്ടെങ്കിൽ പദ്ധതിക്ക് വേഗം കൂട്ടാൻ പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ആവശ്യപ്പെട്ടാനെ. അത് ഇതുവരെയും ഉണ്ടായിട്ടില്ല. അദാനിയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു കാൾ പോലും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.