Crime (Page 6)

കോതമംഗലം: നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്താനായി യുവാവ് എത്തിയത് കണ്ണൂരിൽ നിന്നാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.

കണ്ണൂര്‍: മലയാളി മനഃസാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്കേസ് കൊലപാതത്തിന് ഇന്ന് 25 വയസ്.1996 ജൂലൈ 11 നായിരുന്നു സംഭവം. കേസിലെ പ്രതി ഡോ. ഓമന ഇപ്പോഴും കാണാമറയത്താണ്.പയ്യന്നൂരിലെ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്. സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനൊപ്പം ഊട്ടിയിലെത്തിയ ഓമന വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു.

മുരളീധരനെ ലോഡ്ജിലെ മുറിയില്‍ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. പിന്നീട് അവ രണ്ട് സ്യൂട്ട്കേസുകളിലായി നിറച്ച്, ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിലേക്കും യാത്രചെയ്യവേ ദിണ്ഡിക്കലില്‍വച്ചാണു പിടിയിലാകുന്നത്. സ്യൂട്ട്കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ടാക്സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്നാട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.എന്നാല്‍ 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിനെപ്പോലെ കാണാമറയത്താണവര്‍. ഈ സംഭവം പിന്നീട് സ്യൂട്ട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്. ഓമന ഇപ്പോഴും മലേഷ്യയില്‍ ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.

തിരുവനന്തപുരം: സ്ത്രീധനപീഡനപരാതികള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചു. പത്തനംതിട്ട എസ് പി ആര്‍ നിശാന്തിനിക്കാണ് പുതിയ ചുമതല. പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവര്‍ത്തനം തുടങ്ങും. വെബ്‌സൈറ്റിലൂടെയും 9497996992 എന്ന നമ്പറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ നല്‍കാം. നമ്പരുകള്‍- 9497900999, 9497900286.ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കൊല്ലത്ത് മരിച്ച വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കിരണിന്റെ മൊബൈല്‍ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ കിരണിനെ കഴിഞ്ഞദിവസം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേന്ന് കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലം: കൊല്ലത്ത് വിസ്മയ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടി. മോട്ടോര്‍വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ സസ്‌പെന്‍ഡ് ചെയ്യു. നിലവില്‍ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കിരണിനെതിരെ നടപടി സ്വീകരിക്കാത്ത മോട്ടോര്‍ വാഹന വകുപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ കുരുക്കിലാക്കി പോലീസ് റിപ്പോർട്ട്. കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയാണെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പണം തങ്ങളുടേതല്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധർമരാജന്റെ ഹർജിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പണം വന്നത് കർണാടകത്തിൽ നിന്നാണെന്നും ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹവാല പണമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ജില്ലാ ട്രഷറർക്ക് നൽകാനാണ് ഈ പണം കൊണ്ടു വന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കൊണ്ടു വന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

രണ്ട് ലക്ഷം രൂപ വരെ കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതിയുള്ളത്. എന്നാൽ ധർമ്മരാജന്റെ ഡ്രൈവർ സന്ദീപിന്റെ കൈവശം ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധർമരാജൻ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ തന്നെ അത് പുനഃപരിശോധിക്കണമെന്നും പോലീസ് പറയുന്നു.

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തള്ളി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരികെ വേണമെന്നുമായിരുന്നു ധര്‍മ്മരാജന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഒന്നേകാല്‍ കോടിയോളം രൂപ മടക്കി നല്‍കണമെന്നതാണ് ധര്‍മ്മരാജന്റെ ആവശ്യം. എന്നാല്‍ ധര്‍മരാജന്‍ നേരത്തെ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത് 25 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത് എന്നായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴല്‍പ്പണമാണെന്നും ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിരുന്നു.

club house

തിരുവനന്തപുരം: സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ അശ്ലീല ചർച്ചകൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി പോലീസ്. ക്ലബ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അശ്ലീല ചർച്ചകളുടെ ഓഡിയോ ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്. ക്ലബ് ഹൗസിലെ ഓഡിയോ ചർച്ചകൾ റെക്കോർഡ് ചെയ്യരുതെന്നാണ് നിയമമെങ്കിലും റൂമിൽ പ്രവേശിക്കുന്ന ആർക്കും ഇത് റെക്കോർഡ് ചെയ്യാവുന്ന അവസ്ഥയാണ് നിലവിലുള്ളത്

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പുത്തൻ സാമൂഹ്യ മാദ്ധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണെമെന്നും പോലീസ് പറഞ്ഞു.

ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് യാതൊരു ഉറപ്പുമില്ല. സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ഓഡിയോ റെക്കോർഡ് ചെയ്ത് മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ചാറ്റ് റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വീഡിയോയിൽ പതിയും. അതിനാൽ തന്നെ ഇതിന് അപകടം ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്.

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിയുതിർക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജാരി പോലീസിനോട് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് രവി പൂജാരി പോലീസിനോട് ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചത്. കാസർഗോഡ് സ്വദേശിയായ ജിയ, മൈസൂർ സ്വദേശിയായ ഗുലാം തുടങ്ങിയവർ മുഖേനയാണ് താൻ ഗുണ്ടാനേതാവുമായി ഇടപെടലുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു.

ഫോണിൽ വിളിച്ച് ക്വട്ടേഷനെക്കുറിച്ച് തന്നെ അറിയിച്ചത് ഗുലാമാണ്. തുടർന്ന് ലീനാ മരിയാ പോളിനെ വാട്സ്ആപ്പ് കോൾ വഴി മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രവി പൂജാരി വ്യക്തമാക്കി. ഗുണ്ടാനേതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ജിയ ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രവി പൂജാരിയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അനുമതി ഉള്ളത്. കേസിൽ വിശദമായ അന്വേഷണം നടത്താനായി കസ്റ്റഡി കാലാവധി നീട്ടി നൽകാനായി കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് കോടതിയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകും എന്നാണ് വിവരം.

johnson baby powder

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന വിധിയ്‌ക്കെതിരെ ഉള്ള ജോൺസൻ ആൻഡ്‌ ജോൺസന്റെ ഹർജി യു എസ് സുപ്രീം കോടതി തള്ളി

2017 – ൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന 22 സ്ത്രീകളുടെ പരാതിയിൽ കോടതി 417 മില്യൻ യുഎസ് ഡോളർ (2600 കോടിയിലധികം രൂപ) കമ്പനിക്ക് പിഴ വിധിച്ചിരുന്നു .ഇതിനു എതിരെ ജോൺസൻ ആൻഡ് ജോൺസൻ കൊടുത്ത ഹർജി ആണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്‌ ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു എന്നാൽ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചുവച്ചാണു കമ്പനി വിൽപ്പന നടത്തുന്നതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ ആരോപിച്ചു. ആറാഴ്ച്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുഎസ് കോടതി വിധി പ്രസ്താവിച്ചത്.

അതേസമയം, വിധി നിരാശാജനകമാണെന്നും ‌ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചു. പരിശോധനകളിലൊന്നും പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ആസ്ബറ്റോസ് കാൻസറിനു കാരണമാകുമെന്നുള്ളത് തെറ്റാണെന്നും കമ്പനി പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ ഗള്‍ഫിലേക്ക് പോയ യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് നീക്കം. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കമുളളവര്‍ പ്രതികളായത്. യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷയ്ക്കുമുള്ള നയതന്ത്ര പരിരക്ഷയും യു എ ഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തുനില്ക്കുകയായിരുന്നു. നോട്ടീസ് അയച്ചതോടെ സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.