കൊടകര കവര്‍ച്ച: ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തള്ളി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരികെ വേണമെന്നുമായിരുന്നു ധര്‍മ്മരാജന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഒന്നേകാല്‍ കോടിയോളം രൂപ മടക്കി നല്‍കണമെന്നതാണ് ധര്‍മ്മരാജന്റെ ആവശ്യം. എന്നാല്‍ ധര്‍മരാജന്‍ നേരത്തെ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത് 25 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത് എന്നായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴല്‍പ്പണമാണെന്നും ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിരുന്നു.