ക്ലബ് ഹൗസിലെ അശ്ലീല ചർച്ചകൾ ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്

club house

തിരുവനന്തപുരം: സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ അശ്ലീല ചർച്ചകൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി പോലീസ്. ക്ലബ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അശ്ലീല ചർച്ചകളുടെ ഓഡിയോ ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്. ക്ലബ് ഹൗസിലെ ഓഡിയോ ചർച്ചകൾ റെക്കോർഡ് ചെയ്യരുതെന്നാണ് നിയമമെങ്കിലും റൂമിൽ പ്രവേശിക്കുന്ന ആർക്കും ഇത് റെക്കോർഡ് ചെയ്യാവുന്ന അവസ്ഥയാണ് നിലവിലുള്ളത്

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പുത്തൻ സാമൂഹ്യ മാദ്ധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണെമെന്നും പോലീസ് പറഞ്ഞു.

ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് യാതൊരു ഉറപ്പുമില്ല. സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ഓഡിയോ റെക്കോർഡ് ചെയ്ത് മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ചാറ്റ് റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വീഡിയോയിൽ പതിയും. അതിനാൽ തന്നെ ഇതിന് അപകടം ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്.