സ്യൂട്ട്കേസ് കൊലപാതത്തിന് ഇന്ന് 25 വയസ്

കണ്ണൂര്‍: മലയാളി മനഃസാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്കേസ് കൊലപാതത്തിന് ഇന്ന് 25 വയസ്.1996 ജൂലൈ 11 നായിരുന്നു സംഭവം. കേസിലെ പ്രതി ഡോ. ഓമന ഇപ്പോഴും കാണാമറയത്താണ്.പയ്യന്നൂരിലെ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്. സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനൊപ്പം ഊട്ടിയിലെത്തിയ ഓമന വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു.

മുരളീധരനെ ലോഡ്ജിലെ മുറിയില്‍ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. പിന്നീട് അവ രണ്ട് സ്യൂട്ട്കേസുകളിലായി നിറച്ച്, ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിലേക്കും യാത്രചെയ്യവേ ദിണ്ഡിക്കലില്‍വച്ചാണു പിടിയിലാകുന്നത്. സ്യൂട്ട്കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ടാക്സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്നാട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.എന്നാല്‍ 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിനെപ്പോലെ കാണാമറയത്താണവര്‍. ഈ സംഭവം പിന്നീട് സ്യൂട്ട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്. ഓമന ഇപ്പോഴും മലേഷ്യയില്‍ ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.