സ്വര്‍ണകടത്ത് കേസ് : നിര്‍ണായക നീക്കവുമായി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ ഗള്‍ഫിലേക്ക് പോയ യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് നീക്കം. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കമുളളവര്‍ പ്രതികളായത്. യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷയ്ക്കുമുള്ള നയതന്ത്ര പരിരക്ഷയും യു എ ഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തുനില്ക്കുകയായിരുന്നു. നോട്ടീസ് അയച്ചതോടെ സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.