Crime (Page 5)

കോട്ടയം: കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെ തുടർന്നാണ് ഷാനിന്റെ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് കോട്ടയം എസ്പി ഡി ശിൽപ അറിയിച്ചു. കൊല്ലാൻ വേണ്ടിയായിരുന്നില്ല മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോൻ ആക്രമണം നടത്തിയതെന്നും എസ്പി പറഞ്ഞു.

കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊലപാതക കേസിലെ പ്രതി ജോമോൻ കെ ജോസ്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊലപ്പെടുത്തിയതെന്നും ഡി ശിൽപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും എസ് പി വിശദമാക്കി. കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് പോലീസിന്റെ നിഗമനം.

കാപ്പ ചുമത്തി ജോമോനെ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോകുകയും ജോമോന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ജോമോൻ തിരിച്ചു വന്നപ്പോൾ ജില്ലയിൽ ഇയാളുടെ സ്വാധീനം കുറഞ്ഞു. ഇതിനിടെ സൂര്യൻ എന്നയാളുടെ നേതൃത്വത്തിൽ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ജോമോന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാനായിരുന്നു ജോമോന്റെ പദ്ധതി. അതേസമയം കൊല്ലപ്പെട്ട ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കണ്ണൂര്‍: സിപിഎമ്മിനെ കുപ്രസിദ്ധ തീവ്രവാദ സംഘങ്ങളുമായി ഉപമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആസൂത്രിത കൊലപാതങ്ങള്‍ നടത്തുന്ന സംഘടനയായി സി.പി.എം മാറിയിരിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ മുഖംമൂടി പൊളിഞ്ഞിരിക്കുകയാണ്.

വല്ലവരുടെയും മക്കളുടെ ശിരസ്സ് വെട്ടിപ്പിളര്‍ന്നും നെഞ്ച് വെട്ടിപ്പിളര്‍ന്നും ചോരകുടിച്ച് വീര്‍ത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്നും എത്ര കോടികളാണ് ചെലവഴിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാകുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തെ തുടക്കം മുതല്‍ക്കെ എതിര്‍ത്തത്. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിക്കുന്ന മറ്റു കേസുകളെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു. ഇത്രയും ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടന വേറെ ലോകത്തെങ്ങുമില്ല. പാര്‍ട്ടി അറിയാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുള്ള നേതൃത്വങ്ങളെയും അറിയിച്ചുകൊണ്ടാണ് പെരിയയിലെ കൊലപതകം നടത്തിയത്. അതുകൊണ്ടാണ് കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ മുടക്കി സുപ്രീംകോടതി വരെ പോയത്. ക്രൂരന്മാരായ കൊലയാളികളെ സംരക്ഷിക്കാന്‍ നമ്മുടെ നികുതിപ്പണം കൊണ്ടാണ് കേസ് നടത്തിയത്. അല്ലാതെ അവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പണമല്ല. കണ്ണൂരില്‍ നിന്നുള്ള വിദഗ്ദ്ധരായ കൊലയാളികളുടെ സേവനവും പെരിയ കൊലപാതകത്തിന് സി.പി.എം ഉപയോഗിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു. കൊലചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ പോയതുകൊണ്ടാണ് കേസ് സി.ബി.ഐ അന്വേഷിച്ചത്. ഈ കേസിന്റെ അവസാനം വരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം കോണ്‍ഗ്രസുണ്ടാകും. ഇപ്പോഴും കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയാല്‍ ഏതുവിധേനയും സംരക്ഷിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് അപകടകരമാണ്, സതീശന്‍ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3:45ന് ആണ് സംഭവം.

മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ഭദ്രാചലം ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍മാരെ വിദഗ്ദ ചികിത്സക്കായി വിമാനമാര്‍ഗം റായ്പുരിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിആര്‍പിഎഫ് ഉത്തരവിട്ടു.

കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച റോഡുപരോധത്തില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചെന്ന പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 50 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് എറണാകുളം മരട് പോലീസ് കേസെടുത്തത്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി.ജെ പൗലോസിനെ രണ്ടാം പ്രതിയായും കൊടിക്കുന്നില്‍ സുരേഷ് എംപിയെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി മാര്‍ഗതടസ്സം സൃഷ്ടിക്കുക, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, നടന്‍ ജോജുവിന്റെ കാര്‍ നശിപ്പിച്ച കേസിലും പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ പരിശോധിച്ച് യഥാര്‍ഥ പ്രതികളെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്.

.

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനില്‍ ദേശ്മുഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന്, അദ്ദേഹം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

വ്യാജ ട്രസ്റ്റുകളിലൂടെയും മറ്റും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് അനില്‍ ദേശ്മുഖിനെതിരെയുള്ള കേസ്. ആഭ്യന്തര മന്ത്രിയായിരിക്കെ പോലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസിലും തെളിവുകള്‍ പുറത്ത് വന്നിരുന്നു. ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരുന്നത്.

പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് സംഭവങ്ങളുടെ തുടക്കം. മുതിര്‍ന്ന എന്‍സിപി നേതാവായ അനില്‍ ദേശ്മുഖ് അങ്ങനെ അഴിമതി ആരോപണത്തില്‍ മുങ്ങി രാജി വെക്കുകയായിരുന്നു.

കൊല്ലം: ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കുമെന്നും കൊല്ലം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി സൂരജിനെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.

ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജ് നൽകിയ മറുപടി. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് ആവശ്യപ്പെട്ടത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് പറയാനാവില്ലെന്നും ഉത്രയുടേത് ഒരു കൊലപാതകമല്ലെന്നുമാണ് സൂരജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

കൊച്ചി: കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59 ശ്രീലങ്കന്‍ തമിഴരുമായി മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് സേന പിടികൂടിയത്.

തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് ഒളിച്ചോടിയവരായിരുന്നു ബോട്ടില്‍. കഴിഞ്ഞ മാസം 22നു കുളച്ചലില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം പിടിയിലായത്.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇതെന്നു സ്ഥിരീകരിച്ചു. ബോട്ട് പിന്നീട് മാലദ്വീപ് നാവികസേനയ്ക്കു കൈമാറി. മാലദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. ധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാര്‍ഥി ക്യാപുകളില്‍നിന്നു കണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.

കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരി ആറുമാസം മുന്‍പ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞാണ് നീണ്ടകര സ്വദേശി ഷെറീഫില്‍നിന്നു ബോട്ട് വാങ്ങിയത്. കേരളത്തിനു പുറത്തേക്കു ബോട്ട് വില്‍ക്കുന്നതിനു നിയമപരമായ തടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനില നിര്‍ത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി.

മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പിനിടെ കെട്ടിടത്തിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇങ്ങനെയും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെല്‍മറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും സ്ഥലത്തെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തിരുവനന്തപുരം: ട്രെയിനിൽ വൻ കവർച്ച. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് കവർച്ച നടന്നത്. പണവും സ്വർണ്ണവും മൊബൈലും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. നിസാമുദീൻ-തിരുവനന്തപുരം എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്മി, മകൾ ഐശ്വര്യ എന്നിവരാണ് കവർച്ചക്കിരയായത്. തമിഴ്‌നാട് സ്വദേശികളാണ് ഇവർ.

വിജയലക്ഷ്മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം മാത്രമെ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയോ സ്‌പ്രേ ഉപയോഗിച്ചോ സ്ത്രീകളെ ബോധരഹിതരാക്കിയതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പുറത്തു നിന്ന ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: മാനസയെ കൊലപ്പെടുത്താനായി പ്രതി രാഖിൽ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ്. മാനസയെ നിരന്തരം നിരീക്ഷിച്ച ശേഷം ആസൂത്രണം ചെയ്താണ് രാഖിൽ കൊലപാതകം നടത്തിയത്. 7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രാഖിൽ ഉപയോഗിച്ചത്. ഇത് എവിടെ നിന്നാണ് രാഖിൽ സംഘടിപ്പിച്ചതെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മംഗലാപുരം ഭാഗത്ത് നിന്നാണോ കണ്ണൂരിൽ നിന്നും തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നുമെന്നാണ് പോലീസിന്റെ നിഗമനം. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഇത്തരം പിസ്റ്റലുകളുടെ വിലയെന്ന് കേരള പോലീസിലെ ആയുധ വിദഗ്ദ്ധൻ ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാൻ ഇത്തരം പിസ്റ്റളുകൾക്ക് കഴിയും. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെയാണ് നൽകേണ്ടത്. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

രാഖിൽ എവിടെ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് കണ്ടെത്താനായി ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.