ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; പോലീസിനോട് നിർണായക വെളിപ്പെടുത്തലുകൾ നടത്തി രവി പൂജാരി

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിയുതിർക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജാരി പോലീസിനോട് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് രവി പൂജാരി പോലീസിനോട് ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചത്. കാസർഗോഡ് സ്വദേശിയായ ജിയ, മൈസൂർ സ്വദേശിയായ ഗുലാം തുടങ്ങിയവർ മുഖേനയാണ് താൻ ഗുണ്ടാനേതാവുമായി ഇടപെടലുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു.

ഫോണിൽ വിളിച്ച് ക്വട്ടേഷനെക്കുറിച്ച് തന്നെ അറിയിച്ചത് ഗുലാമാണ്. തുടർന്ന് ലീനാ മരിയാ പോളിനെ വാട്സ്ആപ്പ് കോൾ വഴി മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രവി പൂജാരി വ്യക്തമാക്കി. ഗുണ്ടാനേതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ജിയ ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രവി പൂജാരിയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അനുമതി ഉള്ളത്. കേസിൽ വിശദമായ അന്വേഷണം നടത്താനായി കസ്റ്റഡി കാലാവധി നീട്ടി നൽകാനായി കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് കോടതിയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകും എന്നാണ് വിവരം.