ആലുവ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ

തിരുവനന്തപുരം : ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി നടൻ കൃഷ്ണകുമാർ. ജനം എല്ലാം കാണുന്നുണ്ടെന്നും കണക്ക് പറയാൻ അവർക്ക് കൈതരിക്കുന്നുണ്ടെന്നും നടൻ പ്രതികരിച്ചു. മണിപ്പൂരിലെ ഉൾഗ്രാമങ്ങളിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതികരണം നടത്താൻ തീപ്പെട്ടി തെളിക്കുന്ന പ്രബുദ്ധ മലയാളികളെ നമ്മൾ കണ്ടില്ലലോ എന്നും അദ്ദേഹം വിമർശനം നടത്തി.

മണിപ്പൂർ കലാപത്തിൽ അപമാന ഭാരം കൊണ്ട് ഒരു പ്രമുഖ നടന്റെ തല താഴ്ന്ന് പോയിട്ട് തിരികെ വന്നോയെന്ന് നടൻ പരിഹസിക്കുകയും ചെയ്തു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു നടന്റെ ആലുവ വിഷയത്തിലെ പ്രതികരണം. മദ്യവും മയക്കുമരുന്നുമൊക്കെ നിറച്ച് കേരളത്തെ നമ്പർ വൺ ആക്കിയ സർക്കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ ആരും സുരക്ഷിതർ അല്ലെന്നും ഹിന്ദുവായി ജനിച്ചാൽ പിന്നെ പറയേണ്ട എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആലുവയിലെ അഞ്ച് വയസുകാരിക്ക് മാപ്പ് ചോദിച്ചു കൊണ്ടാണ് നടന്റെ ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നത്.