സർചാർജിൽ വർദ്ധനവ് വരുത്തി കെഎസ്ഇബി; 10 പൈസ അധികം ഈടാക്കും

തിരുവനന്തപുരം: സർചാർജിൽ വർദ്ധനവ് വരുത്തി കെഎസ്ഇബി. നിലവിലുള്ള ഒമ്പതുപൈസ സർചാർജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. മാർച്ച് മാസത്തിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുക. മേയിലെ ബില്ലിൽ സർചാർജ് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സർചാർജ് ആകെ 19 പൈസയായി ഉയരും.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ്ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കെഎസ്ഇബി സർചാർജ് വർധനയും നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ട്.

രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാൻ ആവശ്യപ്പെടുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവർത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും.

വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാർഹിക ഉപഭോക്താക്കൾ എയർ കണ്ടീഷണറുകൾ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും. ഫീൽഡ് തലത്തിൽ ക്രമീകരണങ്ങൾ നടത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി. വീണ്ടും സർക്കാരിന് റിപ്പോർട്ട് നൽകുന്നതായിരിക്കും.