നളന്ദ : എപിജെ അബ്ദുൽ കലാമിന്‍റെ സ്വപ്നം പൂര്‍ത്തിയാക്കി മോദി സർക്കാർ

nalanda

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല. ലോകത്തിൽ ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാല സ്ഥാപിതമാകുന്നതിനും മുൻപ് തന്നെ നളന്ദ സർവ്വകലാശാല നിലവിലുണ്ട്.

ഗുപ്ത സാമ്രാജ്യത്തിലെ കുമാരഗുപ്തൻ പണി കഴിപ്പിച്ച നളന്ദ സർവകലാശാലയിൽ ലോകമെമ്പാടുമുള്ള രണ്ടായിരത്തിലേറെ അധ്യാപകരും പതിനായിരത്തിലേറെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. 427 മുതൽ 1197 വരെ നിലവിൽ ഉണ്ടായിരുന്ന നളന്ദ സർവകലാശാലയിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ അവിടെ താമസിച്ചു കൊണ്ടാണ് വിദ്യ അഭ്യസിച്ചിരുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് നശിപ്പിക്കപ്പെട്ട നളന്ദ സർവ്വകലാശാല പുനരുദ്ധാരണത്തിന്റെ പാതയിലാണിപ്പോൾ. കുത്തുബ്ദീൻ ഐബക്കിന്റെ സൈന്യാധിപനായ ഖിൽജിയാണ് 1193 ൽ നളന്ദ സർവ്വകലാശാല നശിപ്പിച്ചത്.

നളന്ദ യൂണിവേഴ്‌സിറ്റി അതിന്റെ ഗതകാലപ്രൗഢിയോടെ പുനരുദ്ധരിക്കണമെന്ന സ്വപ്നം ആദ്യമായി കണ്ടത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആയിരുന്നു. അതിനായി അമർത്യ സെൻ അടക്കമുള്ള ചിലർക്കായിരുന്നു 2010 മുതൽ ഇതിന്റെ ചുമതല നൽകിയിരുന്നത്. കോടികൾ ധൂർത്തടിച്ചിട്ടും ഡൽഹിയിലെ പഞ്ചനക്ഷത്ര പാർട്ടികൾ അല്ലാതെ നളന്ദ സർവ്വകലാശാല പുനരുദ്ധാരണം നടന്നില്ല.

താത്ക്കാലിക ക്യാമ്പസിൽ ചില കോഴ്സുകൾ തുടങ്ങിയത് മാത്രമായിരുന്നു ഇക്കാലയളവിൽ ഉണ്ടായ ഒരേയൊരു നേട്ടം. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നളന്ദ യൂണിവേഴ്‌സിറ്റിയുടെ പുനർനിർമ്മാണം പൂർത്തിയായി. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് സർവ്വകാലാശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.

400 ഏക്കറുള്ള ക്യാമ്പസിൽ 100 ഏക്കർ ജലാശയമാണ്. 2017 ൽ അമർത്യ സെന്നിനെ ചുമതലയിൽ നിന്ന് മാറ്റിയ ശേഷമാണ് സർവ്വകലാശാലയുടെ പുനർ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. നളന്ദയുടെ പുനർനിർമ്മാണത്തിന് മുൻനിരയിൽ നിന്നും പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് സർവ്വകലാശാല അധികൃതർ പദ്ധതിയിടുന്നത്. മികച്ച സൗകര്യങ്ങളിലാണ് സർവ്വകലാശാല ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.