തട്ടിപ്പില്‍ വീഴരുതേ…!മുന്നറിയിപ്പുമായി ബാങ്കുകള്‍

തിരുവനന്തപുരം: വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം. പല ഉപഭോക്താക്കളില്‍ നിന്നും പണം നഷ്ടമായതോടെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, വൈദ്യുതി ബോര്‍ഡിന്റെ പേരിലും ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ വഴി പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ പാസ്വേഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന രീതി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്‌ക്രീന്‍ പങ്കുവെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക ലഭിക്കും.

ഇത്തരത്തിലുള്ള ചില ആപ്‌ളിക്കേഷനുകള്‍ പരിചയപ്പെടാം

  • എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്ടോപ് സോഫ്‌റ്റ്വേര്‍
  • ടീം വീവര്‍ റിമോട്ട് കണ്‍ട്രോള്‍
  • എയര്‍ ട്രോയിഡ് ഫയല്‍ ആന്‍ഡ് റിമോട്ട് ആക്‌സസ്
  • സ്‌ക്രീന്‍ ഷെയര്‍ റിമോട്ട് അസിസ്റ്റന്റ്
  • ടീം വീവര്‍ ക്വിക് സപ്പോര്‍ട്ട്
  • എയര്‍ മിറര്‍ റിമോട്ട് കണ്‍ട്രോള്‍
  • റെമോട്രോയിഡ്
  • വി.എന്‍.സി. വ്യൂവര്‍ റിമോട്ട് ഡെസ്‌ക്ടോപ്
  • ടീം വീവര്‍ ഹോസ്റ്റ്

അതേസമയം, ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. ഒരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടാറില്ല. ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ അവഗണിക്കുകയും, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി.വി.സി, ഒ.ടി.പി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെക്കുകയുമരുത്.