ഡോ. വന്ദന ദാസ് കൊലപാതക കേസ് ; പ്രതി മനപൂർവ്വമാണ് കൊല ചെയ്തതെന്ന് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് കൊലക്കേസിന്റെ കുറ്റ പത്രം ചൊവ്വാഴ്ച്ച കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. പ്രതിയും സ്കൂൾ അധ്യാപകനുമായിരുന്ന സന്ദീപ് മനപൂർവ്വമാണ് കൊല നടത്തിയതെന്ന് കാണിക്കുന്ന തെളിവുകളും നൂറോളം സാക്ഷി മൊഴികളും ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കയ്യിലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കുറ്റപത്രം വാങ്ങി ഉടൻ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കും.

സന്ദീപിന്റെ വസ്ത്രത്തിലെ വന്ദനയുടെ രക്തക്കറയും സി സി ടി വി ദൃശ്യകളും ദൃക്‌സാക്ഷികളായ വന്ദനയുടെ സുഹൃത്തുക്കളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും കൊണ്ട് പ്രതി രക്ഷപ്പെടാത്ത രീതിയിലുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. യാതൊരു വിധത്തിലുള്ള മാനസിക രോഗവും പ്രതിക്കില്ലെന്ന് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തിയെങ്കിലും മദ്യാസക്തിയെ തുടർന്നുള്ള വിത്ത് ഡ്രോവൽ സിൻഡ്രോവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്നം പ്രതി പ്രകടിപ്പിച്ചുവെന്ന് പ്രതിഭാഗം വാദിക്കുന്നുണ്ട്. എഫ് ഐ ആറിലെ പിഴവ് അടക്കം അനേകം പ്രശ്നങ്ങൾ അന്വേഷണ സംഘം നേരിട്ടെങ്കിലും അത് കേസിനെ സ്വാധീനിക്കില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്.