ബംഗളുരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദ സംഘത്തെ പോലീസ് പിടികൂടി

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെ ആയുധ ശേഖരങ്ങളുമായി പിടി കൂടി. കർണാടക സ്വദേശികളായ അഞ്ച് പേരെയാണ് വെടിക്കോപ്പുകളും തോക്കുകളുമായി സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്തസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻ പാളയത്തിലെ ഒരു വീട്ടിൽ നിന്ന് പിടി കൂടിയത്. സംഘത്തിലുള്ള മറ്റ് 5 ഭീകരർക്കായി സി സി ബി അന്വേഷണം തുടരുകയാണെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ത് വ്യക്തമാക്കി.

ഇവരെ ബെംഗളൂരു സെൻട്രൽ ജയിലിൽ വച്ച് തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസിറാണെന്നും ആക്രമണത്തിന്റെ സൂത്രധാരൻ അയാൾ തന്നെയാണെന്നും സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കുന്നു. ലഷ്‌കർ ത്വയ്യിബയുമായി ബന്ധമുള്ള ഇവർ ബംഗളുരുവിൽ വലിയ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി സി സി ബി അറിയിച്ചു. 7 നാടൻ തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെല്ലാം 2017 മുതൽ കൊലക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിലായിരുന്നുവെന്നും ജാമ്യത്തിലിറങ്ങി വര്ഷങ്ങളായി ഭീകരാക്രമത്തിന് പദ്ധതി ഇട്ട് വരുന്നതായും പോലീസ് പറഞ്ഞു.

സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന പരിശീലനം ജയിലിൽ പ്രതികൾക്ക് കിട്ടിയെന്നാണ് വിവരം. സി സി ബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം, പിടിച്ചുപറി എന്നീ കുറ്റങ്ങളിൽ ജയിലിലകപ്പെട്ടയിവർ പരപ്പന അഗ്രഹാര ജയിലിൽ വച്ചാണ് തടിയന്ടവിട നസിറുമായി ചങ്ങാത്തം കൂടുന്നതും ഭീകരപ്രവർത്തനത്തിന് പദ്ധതിയിടുന്നതുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ പ്രതികളെപ്പറ്റി കൂടുതൽ വിവരങ്ങൾ പിന്നീട് മാത്രമേ പുറത്തുവിടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു