Uncategorized (Page 3)

കൊച്ചി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. കപ്പൽ ശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയെന്ന സൂചനയെത്തുടർന്നാണ് നടപടി. ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2023 മാർച്ച് 1 മുതൽ ഡിസംബർ പത്ത് വരെയുള്ള കാലയളവിൽ എയ്ജൽ പായൽ എന്ന ഫെയ്സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി: നടൻ ബാബുരാജ് അമ്മ താരസംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ. ബാബു രാജിനെതിരെ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

താനിപ്പോൾ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. ആരായാലും മാറി നിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ ജൂനിയർ എന്നോ സീനിയർ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കിൽ മാറിനിന്നേ പറ്റൂവെന്ന് നടി അറിയിച്ചു.

അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.

മാധ്യമങ്ങൾ സർക്കാരിനെ താറടച്ചു. തനിക്ക് മൂന്ന് പെൺകുട്ടികളാണ്. സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രഥമ ‘കേരള സ്‌കൂൾ ഒളിമ്പിക്‌സ് കൊച്ചി ട്വന്റി ഫോർ’ എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ രാവും പകലുമായി എറണാകുളം ജില്ലയിൽ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് 45 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യവും സ്‌പോർട്‌സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ഇൻക്ലൂസിവ് സ്‌പോർട്‌സ് ഒളിമ്പിക്‌സിന്റെ ഭാഗമാകും. 24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ 16 മത്സരവേദികളിലാണ് ഒളിമ്പിക്‌സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞദിവസം കേരള സ്‌കൂൾ ഒളിമ്പിക്‌സിന്റെ സംഘാടകസമിതി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. 15 സബ്ക്കമ്മിറ്റികൾക്ക് യോഗം അംഗീകാരം നൽകി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ചെയർമാൻമാരായും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരായും ഉള്ള കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി.

വൈദ്യുതി ഉത്പാദനക്കുറവിൽ മാത്രം രണ്ടേ മുക്കാൽ കോടി രൂപയുടെ നഷ്ടമാണ് വന്നത്. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകർന്നു. പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ മണ്ണും കല്ലും മരങ്ങളും നിറഞ്ഞ് മൂടി. ഇവിടെ മാത്രം രണ്ടര കോടിയുടെ നഷ്ടം. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തങ്കോട്ട്‌നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ട്. ഇതിന് പുറമെയാണ് ഉൽപാദന നഷ്ടം.

വിലങ്ങാട് പൂർവ്വസ്ഥിതിയിലാകാൻ ഒരു മാസമെടുക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മൂന്ന് കോടിയുടെ ഉൽപാദന കുറവുണ്ടാകും. പൂഴിത്തോടും ചെമ്പുകടവുമായി പ്രതീക്ഷിക്കുന്നത് 60 ലക്ഷത്തിന്റെ ഉത്പാദന കുറവാണ്. വൈദ്യുതി തൂണുകളും ട്രാൻസ്‌ഫോർമറുകളും തകർന്നതിലൂടെ 1.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നല്ല മഴ ലഭിച്ചിരുന്ന സമയത്തെ വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടതാണ് മറ്റൊരു പ്രതിസന്ധി.

തകരാറിലായ വൈദ്യുതി ബന്ധം പുനരാരംഭിച്ചു. നൂറോളം ജീവനക്കാർ രാപ്പകൽ അധ്വാനിച്ച് നാല് കിലോമീറ്റർ നീളത്തിൽ പുതുതായി ലൈൻ നിർമ്മിച്ചും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിലെ തേവയ്ക്കലിലുള്ള വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്.

എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നതെന്നാണ് വിവരം. വീട്ടിൽ പരിശോധന തുടരുകയാണ്.

തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയിൽ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ജില്ലയിൽ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങൾ ഈ ടീം ഉറപ്പാക്കുന്നു. ഇതിൽ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരേയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേൾക്കുവാനും അവർക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോൾ പ്രവർത്തകർ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതിൽതന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗർഭിണികളുടെയും പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നുണ്ട്.

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉൽകണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകൾ ഊർജിതമായി നിലനിർത്തുവാൻ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് വയനാട്ടിൽ ദുരന്ത ബാധിത മേഖലയിൽ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.

ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും ടീമുകൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നൽകി വരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റെസ്‌ക്യൂ മിഷൻ പ്രവർത്തകർ എന്നിവർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ഈ ടീം നൽകുന്നതാണ്.

ഇതുകൂടാതെ ‘ടെലി മനസ്സ്’ 14416 എന്ന ടോൾ ഫ്രീ നമ്പരിലൂടെ 24 മണിക്കൂറും മാനസിക പ്രശ്‌നങ്ങൾക്കും, വിഷമങ്ങൾക്കും സംശയ നിവാരണങ്ങൾക്കും സേവനം ലഭ്യമാണ്.

തൃശൂർ: മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത ധന്യാ മോഹനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. നാല് കാറും ആഡംബര വീടുമാണ് തട്ടിപ്പിലൂടെ നേടിയ പണമെടുത്ത് ധന്യ വാങ്ങിയത്. മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജരായിരുന്നു ധന്യ മോഹൻ.

കഴിഞ്ഞ ദിവസം ധന്യ പോലീസിൽ കീഴടങ്ങിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ധന്യയെ ചോദ്യം ചെയ്യുന്നത്. തട്ടിയെടുത്ത പണം ആഡംബര വീടും കാറും വാങ്ങാനും ഓൺലൈൻ ട്രേഡിങ്ങിനും ചെലവഴിച്ചതായാണ് കണ്ടെത്തൽ.

ധന്യ ആഡംബര വീട് നിർമിക്കുന്നത് കൊല്ലത്താണ്. ഇവിടെ പാർക്കിങ്ങിനായി മാത്രം സ്ഥലം വാങ്ങിയിട്ടുണ്ട്. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് 2 കോടി രൂപയുടെ ദുരൂഹ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. സ്വന്തം പേരിലുള്ള അഞ്ച് അക്കൗണ്ടുകൾ അടക്കം 8 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം കൈമാറ്റം ചെയ്തിരിക്കുന്നത്.

കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

പ്രവീഷിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം നേരിടേണ്ടി വന്നത്.

സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രവീഷിനെതിരെ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും നടപടി സ്വീകരിച്ചതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

തിരുവനന്തപുരം: ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്. പ്രൊഫഷണൽ കോളേജുകളെപ്പോലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും നവീന ആശയങ്ങൾ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങൾക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉൾപ്പെടുത്താവുന്നത്.

ആർട്‌സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐടിഐകൾ, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാം. വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കിൽ കുറഞ്ഞത് 2 ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (SDF) നിർമ്മിക്കാൻ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ച ഭാവി സംരംഭകർക്കും സ്ഥാപനങ്ങൾക്കും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഡെവലപ്പർമാരാകാം. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത് 2008ലെ കേരള നെൽവയൽ, തണ്ണീർത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA) തീരദേശ നിയന്ത്രണ മേഖലയിലോ (CRZ) ഒഴിവാക്കപ്പെട്ട പ്ലാന്റേഷൻ ഏരിയയിലോ ഉൾപ്പെടുന്നതാകരുതെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓൺലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം. സ്ഥാപനം അല്ലെങ്കിൽ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകൻ എൻ ഒ സി സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്പരം രൂപീകരിച്ച കരാറും സമർപ്പിക്കണ്ടതുണ്ട്. വൈദ്യുതി, വെള്ളം, റോഡ്, ഡ്രെയിനേജ്, ETP/CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ലബോറട്ടറി, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ തുടങ്ങിയ പൊതു സൗകര്യങ്ങൾക്കായി ഒരു പാർക്കിന് നിബന്ധനകൾക്ക് വിധേയമായി 150 ലക്ഷം രൂപ വരെ പരിധിയിൽ, ഏക്കറിന് 20 ലക്ഷം രൂപ വരെ വായ്പയായി നൽകും. ഓരോ കാമ്പസിനും ഇൻഡസ്ട്രിയൽ പാർക്കിന് വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കുകയും അനുമതിക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും.

ഈ വർഷം 25 പാർക്കുകൾക്ക് അനുമതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ മികച്ച വ്യവസായ സംരഭങ്ങൾ എത്തുന്ന പക്ഷം അവയ്ക്ക് കൂടി അനുമതി നൽകുന്നത് പരിഗണിക്കും. പാർട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംരഭക സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിലുണ്ടായിരുന്ന ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചത് ഇതിന്റെ ഉദാഹരണമാണ്. വ്യവസായ സംരഭങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ പരാതി പരിഹരിക്കൽ, അനുമതി നൽകൽ എല്ലാം സുതാര്യമായി ഏകജാലക സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നൽകുന്ന രീതി നിലവിൽ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതമാശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ, കിൻഫ്ര തോമസ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി എന്നിവർ ആശംസകളർപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ കൃതജ്ഞതയറിയിച്ചു.