എപ്പോഴും കുറ്റം പറഞ്ഞാൽ പോലീസിന്റെ മനോവീര്യം തകരുമെന്ന് ഇ പി ജയരാജൻ

കൊച്ചി : പോലീസിനെ യഥാ സമയം കുറ്റം പറഞ്ഞാൽ അവരുടെ മനോവീര്യം തകരുമെന്ന് ഇ പി ജയരാജൻ. ആലുവയിൽ ക്രൂരമായി പീഡിപിക്കപ്പെട്ട 5 വയസുകാരിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു എൽ ഡി എഫ് കൺവീനറുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഴുതടച്ചുള്ള അന്വേഷണത്തിൽ കുറ്റവാളി ഒരു കാരണവശാലും രക്ഷപെടില്ലെന്നും പോലീസുകാർക്കെതിരെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

പോലീസ് ആലുവ വിഷയത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചെന്നും ദുഖകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എൽ ഡി എഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ ഭാഗത്തു വീഴ്ച്ചയുണ്ടെങ്കിൽ ചൂണ്ടികാണിക്കാമെന്നും ആലുവ പോലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തു പൊലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വരുമ്പോൾ പോലീസിന്റെ നിര ഇറങ്ങുമെന്നും ആലുവയിൽ കുഞ്ഞു കാണാതായപ്പോൾ പോലീസ് എത്ര പേരെ ഇറക്കിയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം ബാലിശമാണെന്നും അദ്ദേഹം പ്രതികരിച്ചു.