Uncategorized (Page 2)

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലന്നും . ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെന്നും എന്നാലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു . തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു . അപകടം നടന്ന് 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് 21, 22, 23 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. ജില്ലകൾ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്. മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളിൽ നിന്നും സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 45 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 40 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 6 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.

കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 29-ാം പതിപ്പ് പ്രേക്ഷകപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ചരിത്ര വിജയമാകുമെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമയും സിനിമാന്തരീക്ഷവും നവീകരിക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ചലച്ചിത്രമേളയുടെ മികച്ച സംഘാടനത്തിലും പ്രതിഫലിക്കും.

രാജ്യാന്തര ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, മീഡിയ, ഡെലിഗേറ്റ് സെൽ, ടെക്നിക്കൽ, സ്പോൺസർഷിപ്പ്, വോളന്റിയർ, ഓഡിയൻസ് പോൾ, ഹെൽത്ത്, എക്സിബിഷൻ, തിയറ്റർ കമ്മിറ്റി തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായാണ് നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിൽ 14 സിനിമകളാണുള്ളത്. സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക്ക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മൽസര വിഭാഗത്തിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്. വനിതാ സംവിധായകരെ പ്രോൽസാഹിപ്പിക്കുന്ന പാക്കേജ് മുൻ മേളയിലെ പോലെ ഇത്തവണയും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

മേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യൻ പ്രാദേശികഭാഷാചിത്രങ്ങളിൽ നിന്നും ജയൻ ചെറിയാന്റെ ദ് റിഥം ഓഫ് ദമാം, അഭിജിത് മജുംദാറിന്റെ ബോഡി എന്നീ സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകൻ സലിം അഹമ്മദ് ചെയർമാനും സംവിധായകരായ ലിജിൻ ജോസ്, ശാലിനി ഉഷാദേവി, വിപിൻ ആറ്റ്ലി, നിരൂപകൻ ആദിത്യ ശ്രീകൃഷ്ണ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ആകെ ഒമ്പത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് 10 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര സിനിമാ മേഖലയിലെ ഇരുനൂറോളം വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. പതിനയ്യായിരം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപ്പൺഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്സിബിഷൻ എന്നിവയും നടക്കും.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ സംസാരിച്ചു.

ചെന്നൈ: തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

400-ലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1976-ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1979-ൽ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

തമിഴിന് പുറമെ, തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തിൽ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്‌സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാൽ പലതരം പകർച്ച പനികൾ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 ഇൻഫ്‌ളുവൻസ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ കാണുന്നുണ്ട്. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാൻ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. കുടിവെള്ള സ്‌ത്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകർച്ചവ്യാധി റിപ്പോർട്ട് ചെയ്താൽ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികൾ ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചർച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാൻ സാധിക്കും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരർക്കോ കോൺഗ്രസിന്റെ ഗൂഢതന്ത്രങ്ങൾക്കോ കശ്മീരിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷായുടെ പരാമർശം. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിൽ പാകിസ്താൻ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാടാണെന്ന് ഖവാദ പറഞ്ഞിരുന്നു. പാകിസ്താന്റെയും കോൺഗ്രസിന്റെയും ലക്ഷ്യവും അജണ്ടയും ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഖവാജയുടെ പ്രസ്താവനയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ഖവാജയുടെ നിലപാട് കോൺഗ്രസിന്റെ യഥാർത്ഥ മുഖം വീണ്ടും തുറന്നുകാട്ടി. കോൺഗ്രസിനും പാകിസ്താനും ഒരേ ലക്ഷ്യവും അജണ്ടയുമാണുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഖവാജയുടെ പ്രസ്താവന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയരുടെ വികാരങ്ങൾ വ്രണപ്പെടുത്തി ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കും ശക്തികൾക്കുമൊപ്പമാണ് രാഹുൽ നിലക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളിടത്തോളം കാലം ആർട്ടിക്കിൾ 370ക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ജമ്മുകശ്മീരിലേക്ക് മടങ്ങാൻ സാധിക്കില്ല. ഇന്ത്യൻ സൈന്യത്തിനെതിരെ ആക്ഷേപകരമായ പരമാർശങ്ങൾ നടത്തുന്നതിലും രാഹുലിന്റെയും പാകിസ്താന്റെയും നിലപാട് ഒന്നാണ്. രാഹുലും കോൺഗ്രസും എന്നും ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നു. എന്നാൽ അവർ കേന്ദ്രത്തിൽ നരേന്ദ്രമോദിയുള്ള കാര്യം മറക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സുരക്ഷിത ഗതാഗത നിർവഹണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ കേരളത്തിനുവേണ്ടി വയനാടിന്റെ പദ്ധതി അവതരിപ്പിച്ച് രാജ്യത്തിന് അഭിമാനമായി കേരള മോട്ടോർ വാഹനവകുപ്പ്. വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കുന്നതിന് മാനന്തവാടി താലൂക്കിലെ 2022,2023 വർഷങ്ങളിലെ ആക്സിഡന്റ് ഡാറ്റാ വിശകലനവും കേസ് സ്റ്റഡിസും എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ, എൻഫോഴ്സ്മെന്റ് അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗ്ഗനിർദേശങ്ങളും റോഡുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടും സുരക്ഷാ പദ്ധതികളും Post Crash കെയർ മാർഗങ്ങളുമാണ് ലോകവേദിയിൽ എത്തിയത്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി എ സുമേഷാണ് കേരളത്തെ പ്രതിനിധീകരിച്ച് IIT Delhi TRIP സെന്ററിന്റെ സ്‌പോൺസർഷിപ്പോട് കൂടി ഈ അഭിമാന വേദിയിൽ പങ്കെടുത്തത്.

ഡൽഹി ഐഐടിയുടെ ട്രാൻ സ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇൻജുറി പ്രിവൻഷൻ സെന്റർ (ട്രിപ്), ഇൻഡിപെൻഡന്റ് കൗൺസിൽ ഫോർ റോഡ് സേഫ്റ്റി ഇന്റർ നാഷണൽ (ഐകോർസി) എന്നിവ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. അപകട ങ്ങൾ തടയലും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ ശാക്തീകര ണവുമായിരുന്നു പ്രധാന ചർച്ച. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് 2022-23 വർഷം നടത്തിയ റോഡ് ഓഡിറ്റും സുരക്ഷാ പദ്ധതികളുടെ വിവരണവുമാണ് അവതരിപ്പിച്ചത്. ആക്സിഡന്റ് ഡാറ്റാ വിശകലനവും റോഡ് ഓഡിറ്റ് അടക്കമുള്ള പരിഹാര മാർഗ്ഗങ്ങളും നേരത്തെ ഡൽഹി ഐഐടി യിൽ അവതരിപ്പിച്ചിരുന്നു.

ഇതേ തുടർന്നാണ് അന്താരാഷ്ട്ര കോൺഫറൻസിന് ക്ഷണം ലഭിച്ചത്. വയനാട് കലക്ടറും ഡൽഹി IIT ട്രാൻസ്പോർട്ടേഷൻ റിസർച്ച് ആൻഡ് ഇഞ്ചുറി പ്രെവെൻഷൺസെന്റ്‌റും മോട്ടോർ വാഹന വകുപ്പിലെയും PWD യിലെയും ഇതിനായി പരിശ്രമിച്ച ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകിയിരുന്നു. കൂടാതെ ഈ റിപ്പോർട്ട് ഡൽഹി IIT TRIP സെന്ററിലെ സ്റ്റുഡന്റസ് റെഫെറെൻസിനായി ലൈബ്രറിയിൽ വച്ചിരുന്നു.18.92 കോടി രൂപയുടെ പദ്ധതികൾ ക്ക് ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ അംഗീകാരവുമായിട്ടുണ്ട്. ഡൽഹി ഐഐടിയിലെ ട്രിപ് സെന്ററിന്റെ സ്‌പോൺസർഷിപ്പിലാണ് വയനാടിന്റെ പ്രോജക്ട് രാജ്യത്തിനഭിമാനമായി ലോകവേദിയിൽ അവതരിപ്പിച്ചത് കേരളത്തിൽ നടപ്പാക്കിയ എഐ കാമറ ഉൾപ്പെടെയുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും കോൺഫറൻസിൽ പ്രശംസിക്കപ്പെട്ടു.

മാനന്തവാടി താലൂക്കിൽ നടത്തിയ ഓഡിറ്റും തയ്യാറാക്കിയ പദ്ധതിയും ലോക വേദിയിൽ എത്തിയതിന്റെ അഭിമാന നിറവിലാണ് മോട്ടോർ വാഹന വകുപ്പ്. നിലവിൽ ബത്തേരി താലൂക്കിൽ റോഡ് ഓഡിറ്റ് പൂർത്തിയാകുകയാണ്. വൈത്തിരി താലൂക്കിലും റോഡ് പരിശോധന നടത്തി പദ്ധതികൾ തയ്യാറാക്കും. റോഡ് സേഫ്റ്റി കൗൺസിൽ ഈ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കാനാകും.

കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നടൻ നിവിൻ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നും പരാതിയിൽ പറയുന്നു.

പീഡനം നടന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ താൻ കേരളത്തിലുണ്ടായിരുന്നുവെന്നും നടൻ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.