നീതിന്യായ സംവിധാനത്തിന്റെ ഉത്തരവിൽ സന്തോഷവും സമാധാനവുമെന്ന് മഅദനി

ബംഗളുരു : സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ബംഗളുരുവിൽ നിന്ന് 11 .40 ന് പുറപ്പെടും. സുപ്രീം കോടതി സ്വദേശത്ത് പോകാൻ അനുമതി നൽകിയതോടെയാണ് മഅദനിനാട്ടിലേക്ക് തിരിച്ചത്. നീതിന്യായവ്യവസ്ഥയുടെ യശസ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീം കോടതിയുടേതെന്ന് മഅദനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുറെ ആരോഗ്യ വിഷമതകൾ അനുഭവിച്ചെന്നും ഇപ്പോൾ വീട്ടിൽ പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

തിരുവനന്തപുരത്ത് നിന്ന് കാർ മാർഗം നാട്ടിലേക്ക് പോകുന്ന മഅദനിയോടൊപ്പം കുടുംബവും പി ഡി പി പ്രവർത്തകരുമുണ്ടാകും. പിതാവിനൊപ്പം നാട്ടിൽ കുറച്ചു ദിവസം തങ്ങിയ ശേഷമേ ചകിത്സയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയുള്ളുവെന്ന് പി ഡി പി പ്രവർത്തകർ അറിയിച്ചു. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് വിചാരണക്കോടതിയിലെത്തിയതോടെയാണ് മഅദനിക് ബംഗളുരുവിൽ നിന്ന് നാട്ടിൽ പോകാൻ അനുവാദം ലഭിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സ്വന്തം ജില്ലയ്ക്കു പുറത്ത് പോലീസ് അനുമതിയോടെ പോകാമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്