ഔദ്യോഗിക ബഹുമതി വേണ്ടെന്നറിയിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രി സഭ യോഗം അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി കേരളത്തിന് വേണ്ടി നൽകിയ പ്രവർത്തനങ്ങൾ എക്കാലത്തും ആദരിക്കപ്പെടുമെന്നും മന്ത്രി സഭ യോഗം അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിയുടെ സംസ്‍കാരം ഔദ്യോഗിക ബഹുമതിയോടെ നടത്തുന്നതിനെ സംബന്ധിച്ച് കുടുംബവുമായി ചേർന്ന് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു.

മരണത്തിലും സാധാരണക്കാരനാകാൻ അപ്പ ആഗ്രഹിച്ചത് കൊണ്ടാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് വച്ചതെന്ന് മകൻ ചാണ്ടി ഉമ്മനും ജനങ്ങൾ നൽകുന്ന യാത്ര മൊഴിയാണ് അപ്പയ്ക്ക് കിട്ടുന്ന അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പറഞ്ഞു. എന്നാൽ കുടുംബവുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ ഒടുവിൽ ഔദോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഔദ്യോഗിക ബഹുമതി അനിവാര്യമെന്ന് മുഖ്യമന്ത്രിയും മന്ത്രി സഭായോഗങ്ങളും പറഞ്ഞെങ്കിലും കുടുംബത്തിന്റെയും അദ്ദേഹത്തിന്റെയും ആവശ്യപ്രകാരം സാധാരണ ചടങ്ങുകൾ മതിയെന്ന തീരുമാനത്തിൽ അവസാനം സർക്കാർ എത്തി ചേരുകയായിരുന്നു.