പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലെ പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ മരണമടഞ്ഞതാണ്. പൂഞ്ചും കുപ്‍വാരയും ഉൾപ്പെടെ പാകിസ്ഥാന്റെ ആക്രമണത്തിൽ 15 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ട് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. എല്ലാവരും കശ്മീർ സ്വദേശികളാണ്. 43 പേർക്ക് പരിക്കുകളുണ്ട്, അവർ ചികിത്സയിലാണ്.
ആക്രമണഭീതിയെത്തുടർന്ന് നിരവധി പേർ ഈ പ്രദേശങ്ങൾ വിട്ട് മറ്റിടങ്ങളിലേക്ക് പലയിടങ്ങളിലേക്ക് താമസം മാറുകയാണ്. പൂഞ്ചിൽ അതിർത്തിയോട് ചേർന്നുള്ള മലമേഖലയിൽ തങ്ങിയ പാക് സൈന്യം വീടുകളടക്കം ലക്ഷ്യമാക്കി നിരപരാധികളായ കശ്മീരികളിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രതികരണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ 10 ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനിലെ ഭവല്‍പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് തുടങ്ങിയ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഈ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സംഘടനയുടെ സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളായ 14 പേരടക്കം 32 പേർ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സുരക്ഷാ പരിഗണനകൾ മുൻനിർത്തി പാകിസ്ഥാനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ 10 വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.
ഇന്ത്യ ഒരു സൈനിക കേന്ദ്രത്തെ പോലും ലക്ഷ്യമാക്കിയിട്ടില്ലെന്നും തകർത്തത് ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.