പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ മരണപ്പെട്ടു

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ മരണപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം കനത്ത സാഹചര്യത്തിൽ ഗാസയിൽ നിന്നും വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വാഹനങ്ങളിൽ പലായനം ചെയ്യുന്നവർക്ക് നേരെയായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. എന്നാൽ ഇസ്രയേൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്തത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇതുവരെ ഇരുഭാഗങ്ങളിലുമായി 3000 കവിഞ്ഞു.

അതേസമയം വെടിനിർത്തലിനായി റഷ്യ, ഇരുരാജ്യങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. സംഘർഷത്തിന് അയവ് വരുത്താൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. കൃത്യമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.