Sports (Page 32)

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക ബാറ്റിങ് കരുത്തില്‍ ഉയര്‍ത്തിയ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന രോഹിത് പട ലക്ഷ്യത്തിന് 62 റണ്‍സകലെ മുട്ടുമടക്കി. മുംബൈ നിരയിലെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് വീണ്ടും ഫൈനലിലേക്ക് അനായാസം കടന്നുകയറിയത്.

28ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. മഹേന്ദ്രസിങ് ധോണിയുടെ നായകത്വത്തില്‍ തകര്‍പ്പന്‍ ഫോമോടെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് പറന്നുകയറിയത്. തങ്ങളെ തോല്‍പ്പിച്ച അതേ ചെന്നൈയുമായി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുകയാണ് ഗുജറാത്ത്. പന്തില്‍ 61 റണ്‍സ് തികച്ച സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 43 റണ്‍സുമായി മിന്നുംപ്രകടനം കാഴ്ചവച്ച തിലക് വര്‍മ, 20 ബോളില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മാത്രമാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തില്‍ കൂടാരം കയറിയ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് മുംബൈയുടെ നടുവൊടിച്ചത്.

തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ മറുപടി ബാറ്റിങ്. ഓപണിങ് ജഴ്സിയില്‍ ഇറങ്ങിയ ഇംപാക്ട പ്ലയര്‍ നെഹാല്‍ വധേരയാണ് ആദ്യം മടങ്ങിയത്. പിന്നാലെ രണ്ടാം ഓവറില്‍ ക്യാപ്റ്റനേയും നഷ്ടമായി. പിന്നീട് ക്രീസിലുണ്ടായിരുന്ന തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് അതിവേഗം സ്‌കോറിന്റെ വേഗം കൂട്ടി ടീമിന് ഒരുവേള വിജയപ്രതീക്ഷ നല്‍കി. മൂന്നാമനായിറങ്ങിയ ഗ്രീന്‍ പരിക്കിനെതുടര്‍ന്ന് തിരികെ കയറിയതോടെയാണ് തിലക് വര്‍മയെത്തി ശുഭപ്രതീക്ഷ നല്‍കിയത്. പിന്നീട് വര്‍മ മടങ്ങിയതോടെയാണ് ഗ്രീന്‍ വീണ്ടുമെത്തി ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. എന്നാല്‍ ഇവരെ മൂന്ന്് പേരുടെ പ്രകടനം കൊണ്ട് മാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. ഗ്രീനും സൂര്യകുമാറും വീണതോടെ പിന്നീടെത്തിയവരെല്ലാം ഒന്നിനു പിറകെ ഒന്നാകെ കൂടാരം കയറുകയായിരുന്നു. ഒടുവില്‍ 18.2 ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറുടെ കൈകളില്‍ കുമാര്‍ കാര്‍ത്തികേയ കുടുങ്ങിയതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 171 റണ്‍സിന് ഓള്‍ ഔട്ട്. നേരത്തെ, ശുഭ്മന്‍ ഗില്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് റണ്‍മല ഉയര്‍ത്തിയത്. നിര്‍ണായക മത്സരത്തില്‍ സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച ഗില്‍, 60 പന്തില്‍ 129 റണ്‍സാണ് അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ 43 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സെടുത്തു. ഓപണര്‍ വൃദ്ധിമാന്‍ സാഹ 18 റണ്‍സ് നേടി. റാഷിദ് ഖാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സും സംഭാവന ചെയ്തു. കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗുജറാത്തിന്റെ 233 റണ്‍സ്.

മാഡ്രിഡ്: വംശീയാധിക്ഷേപം നേരിട്ടതിനെക്കുറിച്ചുള്ള റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബസ്.

ആ നിമിഷത്തില്‍ പെട്ടെന്നുണ്ടായ തോന്നലാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും ടെബാസ് വ്യക്തമാക്കി. ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങള്‍ ലാ ലിഗ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ടെബാസ് വെളിപ്പെടുത്തി.

മെയ് 21-ന് വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിട്ടില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തില്‍ ലാ ലിഗയെ വിമര്‍ശിച്ച് വിനീഷ്യസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിനീഷ്യസിനെതിരേ ജാവിയര്‍ ടെബാസ് പോസ്റ്റിട്ടു. ലാ ലിഗയിലെ വംശീയാധിക്ഷേപ സംഭവങ്ങളെ കുറിച്ച് പറയാനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ ലാ ലിഗയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് വിശദീകരിക്കാനും രണ്ട് തവണ യോഗം വിളിച്ചിരുന്നെങ്കിലും രണ്ടിലും വിനീഷ്യസ് വന്നില്ലെന്നും ലാ ലിഗയെ വിമര്‍ശിക്കുന്നതിനും അപമാനിക്കുന്നതിനും മുമ്ബ് കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ടെബാസിന്റെ വാക്കുകള്‍. കാര്യങ്ങള്‍ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ടെബാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിനീഷ്യസും രംഗത്തെത്തി. ഇക്കാര്യത്തില്‍ വംശവെറിയന്‍മാരെ വിമര്‍ശിക്കുന്നതിന് പകരം തന്നെ ആക്രമിക്കാനാണ് ലാ ലിഗ പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളതെന്ന് വിനീഷ്യസ് തുറന്നടിച്ചു.

ക്വാലാലംപുര്‍: എച്ച്.എസ്.പ്രണോയിയും പി.വി.സിന്ധുവും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്‍പതാം നമ്ബര്‍ താരമായ പ്രണോയ് 11-ാം റാങ്കുകാരനായ ചൈനയുടെ ലി ഷിഫെങ്ങിനെ കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 13-21, 21-16, 21-11. ക്വാര്‍ട്ടറില്‍ ജൊനാഥന്‍ ക്രിസ്റ്റിയോ കെന്റാ നിഷിമോട്ടോയോ ആയിരിക്കും പ്രണോയ്യുടെ എതിരാളി.

വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധു ജപ്പാന്റെ ആയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-11. 40 മിനിട്ടുകൊണ്ടാണ് സിന്ധു വിജയം നേടിയത്. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു നിലവില്‍ ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ ചൈനയുടെ യി മാന്‍ ഷാങ്ങാണ് സിന്ധുവിന്റെ എതിരാളി.

നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും അഞ്ച് തവണ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.

ക്വാളിഫയര്‍-1ല്‍ നാല് തവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് 15 റണ്‍സിന് അട്ടിമറിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിറങ്ങുന്നത്. ക്വാളിഫയര്‍-1 ലെ മത്സരത്തില്‍ തോറ്റതിനാല്‍, ജിടിക്ക് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഒരു അവസരം കൂടിയുണ്ട്. വളരെ അപൂര്‍വമായ ബാറ്റിംഗ് തകര്‍ച്ച കാരണം അവര്‍ക്ക് കളി നഷ്ടപ്പെട്ടു, 42 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മാത്രമാണ് മാന്യമായ പ്രകടനം പുറത്തെടുത്തത്, അവസാനം റാഷിദ് ഖാന്‍ 16 പന്തില്‍ 30 റണ്‍സ് നേടി. തോല്‍വിയുടെ മാര്‍ജിന്‍ കുറച്ചു.

മറുവശത്ത്, ഐപിഎല്‍ 2023 ലെ എലിമിനേറ്ററില്‍ 81 റണ്‍സിന്റെ കൂറ്റന്‍ മാര്‍ജിനില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അട്ടിമറിച്ചതിന് ശേഷം മുംബൈ ഇന്ത്യന്‍സ് ഗെയിമിലേക്ക് പോകും. . 3.3 ഓവറില്‍ 5/5 എന്ന തന്റെ ഏറ്റവും മികച്ച ബൗളിംഗ് കണക്കുകള്‍ രേഖപ്പെടുത്തിയതിന് ഏക കാരണം ആകാശ് മധ്വാളായിരുന്നു. എലിമിനേറ്റര്‍ ജയിച്ചതിനാല്‍ ഐപിഎല്ലില്‍ ഏഴാം ഫൈനലിലെത്താന്‍ അവര്‍ക്ക് ഒരു ജയം കൂടി വേണം.

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെതിരെയുണ്ടായ വംശീയാധിക്ഷേപത്തില്‍ നടപടിയുമായി സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍. വലന്‍സിയ ക്ലബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം രൂപ) പിഴയിട്ട അസോസിയേഷന്‍, ഇവരുടെ സൗത്ത് സ്റ്റാന്‍ഡിലേക്ക് അടുത്ത അഞ്ച് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം, വലന്‍സിയക്കെതിരായ കളിയില്‍ വിനീഷ്യസിന് ചുവപ്പ് കാര്‍ഡ് കാണിച്ചത് റദ്ദാക്കാന്‍ കോംപറ്റീഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ചയാണ് വലന്‍സിയയുടെ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ റയലുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ വിനീഷ്യസ് രൂക്ഷമായ അധിക്ഷേപത്തിന് ഇരയായത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം.

ഇപ്രകാരം മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന് വിനീഷ്യസ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പത്ത് മിനിറ്റിലധികം മത്സരം തടസ്സപ്പെട്ടു. എതിര്‍ ടീമുമായുള്ള തര്‍ക്കത്തിനിടെ വലന്‍സിയ സ്‌ട്രൈക്കര്‍ ഹ്യൂഗോ ഡ്യൂറോയുടെ മുഖത്ത് വിനീഷ്യസിന്റെ കൈ തട്ടിയതിന്റെ പേരില്‍ റഫറി താരത്തിന് ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. സ്‌പെയിനും ലാ ലീഗയും വംശീയാധിക്ഷേപകരുടെ കേന്ദ്രമായി മാറിയെന്ന് വിനീഷ്യസ് തുറന്നടിച്ചിരുന്നു.

ചെന്നൈ: ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് 182/8 എന്ന സ്‌കോര്‍ ഉയര്‍ത്തിയശേഷം ലക്‌നൗവിനെ 16.3ഓവറില്‍ 101 റണ്‍സിന് ആള്‍ഔട്ടാക്കുകയായിരുന്നു മുംബയ് ഇന്ത്യന്‍സ്. 3.3 ഓവറില്‍ അഞ്ചുറണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുംബയ് പേസര്‍ ആകാശ് മധ്വാളിന്റെ വിസ്മയപ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റായത്. മൂന്ന് വിക്കറ്റുകള്‍ റണ്‍ഔട്ടിലൂടെ കളയുകകൂടി ചെയ്തതോടെ ലക്‌നൗവിന് ഇളിഭ്യരായി മടങ്ങേണ്ടിവന്നു. കാമറൂണ്‍ ഗ്രീന്‍ (41), സൂര്യകുമാര്‍ യാദവ് (33),തിലക് വര്‍മ്മ(26), നെഹാല്‍ വധേര (23) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് മുംബയ് ഇന്ത്യന്‍സിനെ 182ലെത്തിച്ചത്. ലക്‌നൗവിനായി നവീന്‍ ഉല്‍ ഹഖ് നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. ലക്‌നൗ ബാറ്റിംഗില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന് (40) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്. നവീന്‍ ഉല്‍ ഹഖ് ലക്‌നൗവിനായി നാലുവിക്കറ്റ് നേടി. മുംബയ് ഇന്ത്യന്‍സിന് തുടക്കം മികച്ചതായിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ്മയെ(11) നാലാം ഓവറില്‍ത്തന്നെ നവീന്‍ ഉല്‍ഹഖ് മടക്കി അയച്ചു. അടുത്ത ഓവറില്‍ ഇഷാന്‍ കിഷനെ(15) യഷ് താക്കൂര്‍ കീപ്പര്‍ പുരാന്റെ കയ്യിലെത്തിച്ചു. ഇതോടെ മുംബയ് 38/2എന്ന നിലയിലായി. തുടര്‍ന്ന് കാമറൂണ്‍ഗ്രീനും (41) സൂര്യകുമാര്‍ യാദവും (33) ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 11-ാം ഓവറില്‍ ടീം സ്‌കോര്‍ 104ല്‍ നില്‍ക്കവേ സൂര്യയെ ഗൗതമിന്റെ കയ്യിലെത്തിച്ച് നവീന്‍ ലക്‌നൗവിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.ഒരുപന്തിന്റെ ഇടവേളയ്ക്ക് ശേഷം നവീന്‍ ഗ്രീനിന്റെ കുറ്റിപിഴുതെറിഞ്ഞതോടെ മുംബയ് 105/4 എന്ന നിലയിലായി. തിലക് വര്‍മ്മയും(26) ടിം ഡേവിഡും(13) ചേര്‍ന്ന് 148വരെ എത്തിച്ചു.17-ാം ഓവറില്‍ യഷ് താക്കൂര്‍ ടിം ഡേവിഡിനെ ഹൂഡയുടെ കയ്യിലത്തിച്ചു. അടുത്ത ഓവറില്‍ തിലകിനെ ഹൂഡയുടെതന്നെ കയ്യിലെത്തിച്ച് നവീന്‍ നാലാം വിക്കറ്റ് തികച്ചു.19-ാം ഓവറില്‍ മൊഹ്‌സിന്‍ ഖാന്‍ ജോര്‍ദാനെ(4) പുറത്താക്കി. ഇംപാക്ട് പ്‌ളേയറായി ഇറങ്ങിയ നെഹാല്‍ വധേര 12 പന്തുകളില്‍ 23 റണ്‍സുമായി മുംബയ്യെ 182ലെത്തിച്ച് അവസാന പന്തില്‍ പുറത്തായി.

മറുപടിക്കിറങ്ങിയ ലക്‌നൗവിനും തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമാകാന്‍ തുടങ്ങി. രണ്ടാം ഓവറില്‍ പ്രേരക് മങ്കാഡിനെ (3) ഷൗക്കീന്റെ കയ്യിലെത്തിച്ച് ആകാശ് മധ്വാളാണ് ലക്‌നൗവിന് ആദ്യ പ്രഹരം നല്‍കിയത്. നാലാം ഓവറില്‍ കൈല്‍ മേയേഴ്‌സിനെ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. തുടര്‍ന്ന് സ്റ്റോയ്‌നിസ് കാലുറപ്പിക്കാന്‍ നോക്കിയെങ്കിലും ക്രുനാല്‍ പാണ്ഡ്യ (8),ആയുഷ് ബദോനി (1), നിക്കോളാസ് പുരാന്‍ (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ ലക്‌നൗവിന്റെ താളം തെറ്റി. ക്രുനാലിനെ പിയൂഷ് ചൗളയും ബദോനിയെയും പുരാനെയും മധ്വാളുമാണ് മടക്കിഅയച്ചത്. ഇതോടെ പരിഭ്രാന്തരായ അവര്‍ റണ്‍ഔട്ടുകളിലേക്ക് നീങ്ങി.27 പന്തുകളില്‍ 40 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസും കൃഷ്ണപ്പ ഗൗതവും (2), ദീപക് ഹൂഡയുമാണ് (15) വെറുതെ റണ്‍ഔട്ടായിക്കളഞ്ഞത്. 15-ാം ഓവറില്‍ രവി ബിഷ്‌ണോയ്യെ പുറത്താക്കിയാണ് മധ്വാള്‍ നാലുവിക്കറ്റ് തികച്ചത്.

ഡല്‍ഹി: പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി നീരജ് ചോപ്ര. ഇതോടെ ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമായി 25-കാരന്‍ ചോപ്ര. ലോക ചാമ്ബ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമതെത്തിയത്.

നീരജ് ചോപ്രയ്ക്ക് 1455 പോയിന്റാണുള്ളത്. ജര്‍മനിയുടെ പീറ്റേഴ്സിന് 1433 പോയിന്റാണുള്ളത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. 2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ 88.63 മീറ്റര്‍ ദൂരം എറിഞ്ഞാണ് വിജയം നേടിയെടുത്തത്.

ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ താരതമ്യേന അത്ര വലിയ വിജയ ലക്ഷ്യമല്ല മുന്നോട്ട് വെച്ചത്. ടീം നേടിയ 172 റണ്‍സ് ഗുജറാത്തിന് അത്ര വെല്ലുവിളി ഉയര്‍ത്തുമായിരുന്നില്ല. എന്നാല്‍ ടീം ഗെയിം കളിച്ച ചെന്നൈയുടെ തന്ത്രങ്ങളും താരങ്ങളുടെ മികവും ഗുജറാത്തിനെ വരിഞ്ഞുകെട്ടി. വിക്കറ്റുകള്‍ മുറയ്ക്ക് വീണപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീം ഇടറിവീണു. 20 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഹര്‍ദികും സംഘവും നേടിയത്.

ഓപ്പണര്‍മാരില്‍ ശുഭ്മാന്‍ ഗില്ല് മാത്രം പിടിച്ചുനിന്നു പൊരുതി. 38 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. വാലറ്റത്ത് 15 പന്തില്‍ റാഷിദ് ഖാന്‍ 30 റണ്‍സടിച്ചു കൂട്ടി. ബാക്കിയാരും കാര്യമായ സംഭാവന നല്‍കിയില്ല. വൃദ്ധിമാന്‍ സാഹ (12), നായകന്‍ ഹര്‍ദിക് പാണ്ഡ്യ (8), ദസുന്‍ ശനക (17), ഡേവിഡ് മില്ലര്‍ (4), വിജയ് ശങ്കര്‍ (14), രാഹുല്‍ തേവാട്ടിയ (3), ദര്‍ശന്‍ നാല്‍ക്കണ്ഡെ(0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍മാരെ വീഴ്ത്തിയത് ചാഹറായിരുന്നുവെങ്കില്‍ കൂറ്റനടിക്കാരായ ദസുന്‍ ശനകയെയും ഡേവിഡ് മില്ലറെയും ജഡേജ പറഞ്ഞയച്ചു. നായകന്‍ ഹര്‍ദികിനെയും കൂറ്റനടിക്കാരന്‍ തേവാട്ടിയയെയുമാണ് തീക്ഷണ തിരിച്ചയച്ചത്. മതീഷ പതിരനയും തുഷാര്‍ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതവും നേടി. 11ാം ഓവറില്‍ പതിരനയെ ഇംപാക്ട് താരമായി കൊണ്ടുവന്നതും നിര്‍ണായകമായി. 2023 ഐ.പി.എല്ലില്‍ ഇതിന് മുമ്ബ് ഇരുടീമുകളും കളിച്ച മൂന്നു മത്സരങ്ങളിലും ഗുജറാത്താണ് വിജയിച്ചിരുന്നത്. എന്നാല്‍ നിര്‍ണായകമായ നാലാം മത്സരത്തില്‍ സി.എസ്.കെ സടകുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 173 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്തിന് മുമ്ബില്‍ വെച്ചത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് ചെന്നൈ നേടിയത്. 60 റണ്‍സ് നേടിയ ഋതുരാജ് ഗെയിക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയിക്വാദും ഡെവന്‍ കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ റണ്‍റേറ്റ് ഉയരാതെ നോക്കാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. ടീം സ്‌കോര്‍ 87ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് വീണത്. 60 റണ്‍സ് നേടിയ ഋതുരാജ് ഗെയിക്വാദിനെ മോഹിത് ശര്‍മ്മയാണ് പറഞ്ഞയച്ചത്. ഡെവന്‍ കോണ്‍വെ 40 റണ്‍സ് നേടി. കൂറ്റനടിക്കാരന്‍ ശിവം ദുബെയ നേരിട്ട മൂന്നാം പന്തില്‍ തന്നെ നൂര്‍ അഹമ്മദ് പറഞ്ഞയച്ചു. അതോടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താനുള്ള ചെന്നൈയുടെ ശ്രമങ്ങളെല്ലാം പാളി. അമ്ബാട്ടി റായിഡുവും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മാധ്യഓവറുകളില്‍ കളി കൊണ്ടുപോയെങ്കിലും റണ്‍സ് ഒഴുക്കാനായില്ല. മഹേന്ദ്ര സിങ് ധോണിക്കായി ആരാധകര്‍ ആര്‍ത്തുവിളിച്ചെങ്കിലും നേരിട്ട രണ്ടാം പന്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. മോഹിത് ശര്‍മ്മയാണ് ധോണിയുടെ വഴിയിലും കല്ലിട്ടത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും മുഈന്‍ അലയും ചേര്‍ന്നാണ് സ്‌കോര്‍ 170 കടത്തിയത്. രവീന്ദ്ര ജഡേജ 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്തപ്പോള്‍ അലി നാല് പന്തില്‍ 9 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദര്‍ശന്‍ നാല്‍ക്കണ്ഡെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ നൂര്‍ അഹമ്മദ് 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

മാഡ്രിഡ്: വലെന്‍സിയയ്ക്കെതിരായ തോല്‍വിയില്‍ കടുത്ത വംശീയാക്രമണവും അധിക്ഷേപവുമാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ നടക്കുന്നത്. മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ടായിരുന്നു താരം ഗ്രൗണ്ട് വിട്ടത്.

ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ സംഭവമല്ലെന്ന് വിനീഷ്യസ് പറഞ്ഞു. ലാലിഗയില്‍ വംശീയത സാധാരണ സംഭവമാണ്. ടൂര്‍ണമെന്റും (സ്പാനിഷ് ഫുട്ബോള്‍) ഫെഡറേഷനും ഇതൊരു സ്വാഭാവിക സംഗതിയായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എതിരാളികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി. പണ്ട് റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയുടെയുമെല്ലാം പേരില്‍ അറിയപ്പെട്ട ലീഗാണ്. ഇപ്പോള്‍ വംശീയവാദികളുടെ ലീഗാണിത്. എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്ത രാജ്യമാണിത്. എന്നോട് അംഗീകരിക്കാന്‍ കഴിയാത്ത സ്പെയിനുകാര്‍ ക്ഷമിക്കണം. ഇപ്പോള്‍ ബ്രസീലില്‍ വംശീയവാദികളുടെ രാജ്യമായാണ് സ്പെയിന്‍ അറിയപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്‌ബോള്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ ഞാന്‍ അശക്തനാണ്-വിനീഷ്യസ് തുറന്നടിച്ചു.

അതേസമയം, വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തില്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (സി.ബി.എഫ്) രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇനിയും എത്രകാലം ഇത് അനുഭവിക്കണം? 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇത്തരം സംഭവങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരുന്നു. വംശീയത നിലനില്‍ക്കുന്നിടത്ത് സന്തോഷമില്ല. വംശീയ ക്രൂരതകളെ എത്രകാലം മാനുഷികകുലം ഇങ്ങനെ കാഴ്ചക്കാരനെപ്പോലെ നോക്കില്‍ക്കുമെന്നും സി.ബി.എഫ് പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് ചോദിച്ചു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി കിറ്റ് സ്‌പോണ്‍സര്‍ ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസ്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. ‘കിറ്റ് സ്പോണ്‍സര്‍ എന്ന നിലയില്‍ അഡിഡാസുമായുള്ള ബിസിസിഐയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ക്രിക്കറ്റ് ഗെയിം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡുകളിലൊന്നുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അഡിഡാസിന് സ്വാഗതം’- ജയ് ഷാ ട്വീറ്റ് ചെയ്തു

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജേഴ്സിയാകും ധരിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജേഴ്സി അണിയിച്ചൊരുക്കും. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ദീര്‍ഘകാല കരാറാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സ്‌പോണ്‍സറായ കില്ലര്‍ ജീന്‍സിന്റെ കരാര്‍ മെയ് 31-ന് അവസാനിക്കും. അതിനുശേഷം അഡിഡാസുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരും. കില്ലര്‍ ജീന്‍സിനു മുമ്ബ് എംപിഎല്‍ ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍. വസ്ത്ര ബ്രാന്‍ഡായ കില്ലര്‍ എംപിഎല്ലില്‍ നിന്ന് കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.