വിനീഷ്യസ്…മാപ്പ്!

മാഡ്രിഡ്: വംശീയാധിക്ഷേപം നേരിട്ടതിനെക്കുറിച്ചുള്ള റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബസ്.

ആ നിമിഷത്തില്‍ പെട്ടെന്നുണ്ടായ തോന്നലാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും ടെബാസ് വ്യക്തമാക്കി. ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങള്‍ ലാ ലിഗ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ടെബാസ് വെളിപ്പെടുത്തി.

മെയ് 21-ന് വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിട്ടില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തില്‍ ലാ ലിഗയെ വിമര്‍ശിച്ച് വിനീഷ്യസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിനീഷ്യസിനെതിരേ ജാവിയര്‍ ടെബാസ് പോസ്റ്റിട്ടു. ലാ ലിഗയിലെ വംശീയാധിക്ഷേപ സംഭവങ്ങളെ കുറിച്ച് പറയാനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ ലാ ലിഗയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് വിശദീകരിക്കാനും രണ്ട് തവണ യോഗം വിളിച്ചിരുന്നെങ്കിലും രണ്ടിലും വിനീഷ്യസ് വന്നില്ലെന്നും ലാ ലിഗയെ വിമര്‍ശിക്കുന്നതിനും അപമാനിക്കുന്നതിനും മുമ്ബ് കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ടെബാസിന്റെ വാക്കുകള്‍. കാര്യങ്ങള്‍ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ടെബാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിനീഷ്യസും രംഗത്തെത്തി. ഇക്കാര്യത്തില്‍ വംശവെറിയന്‍മാരെ വിമര്‍ശിക്കുന്നതിന് പകരം തന്നെ ആക്രമിക്കാനാണ് ലാ ലിഗ പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളതെന്ന് വിനീഷ്യസ് തുറന്നടിച്ചു.