വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം; നടപടിയുമായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെതിരെയുണ്ടായ വംശീയാധിക്ഷേപത്തില്‍ നടപടിയുമായി സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍. വലന്‍സിയ ക്ലബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം രൂപ) പിഴയിട്ട അസോസിയേഷന്‍, ഇവരുടെ സൗത്ത് സ്റ്റാന്‍ഡിലേക്ക് അടുത്ത അഞ്ച് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം, വലന്‍സിയക്കെതിരായ കളിയില്‍ വിനീഷ്യസിന് ചുവപ്പ് കാര്‍ഡ് കാണിച്ചത് റദ്ദാക്കാന്‍ കോംപറ്റീഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ചയാണ് വലന്‍സിയയുടെ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ റയലുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ വിനീഷ്യസ് രൂക്ഷമായ അധിക്ഷേപത്തിന് ഇരയായത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം.

ഇപ്രകാരം മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന് വിനീഷ്യസ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പത്ത് മിനിറ്റിലധികം മത്സരം തടസ്സപ്പെട്ടു. എതിര്‍ ടീമുമായുള്ള തര്‍ക്കത്തിനിടെ വലന്‍സിയ സ്‌ട്രൈക്കര്‍ ഹ്യൂഗോ ഡ്യൂറോയുടെ മുഖത്ത് വിനീഷ്യസിന്റെ കൈ തട്ടിയതിന്റെ പേരില്‍ റഫറി താരത്തിന് ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. സ്‌പെയിനും ലാ ലീഗയും വംശീയാധിക്ഷേപകരുടെ കേന്ദ്രമായി മാറിയെന്ന് വിനീഷ്യസ് തുറന്നടിച്ചിരുന്നു.