Sports (Page 33)

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി കിറ്റ് സ്‌പോണ്‍സര്‍ ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസ്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. ‘കിറ്റ് സ്പോണ്‍സര്‍ എന്ന നിലയില്‍ അഡിഡാസുമായുള്ള ബിസിസിഐയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ക്രിക്കറ്റ് ഗെയിം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡുകളിലൊന്നുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അഡിഡാസിന് സ്വാഗതം’- ജയ് ഷാ ട്വീറ്റ് ചെയ്തു

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജേഴ്സിയാകും ധരിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജേഴ്സി അണിയിച്ചൊരുക്കും. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ദീര്‍ഘകാല കരാറാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സ്‌പോണ്‍സറായ കില്ലര്‍ ജീന്‍സിന്റെ കരാര്‍ മെയ് 31-ന് അവസാനിക്കും. അതിനുശേഷം അഡിഡാസുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരും. കില്ലര്‍ ജീന്‍സിനു മുമ്ബ് എംപിഎല്‍ ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍. വസ്ത്ര ബ്രാന്‍ഡായ കില്ലര്‍ എംപിഎല്ലില്‍ നിന്ന് കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഡല്‍ഹി: ഐ.പി.എല്‍ 16ാം സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. ആദ്യ ക്വാളിഫയറില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററില്‍ മുംബൈയാണ് ലക്നൗവിന്റെ എതിരാളികള്‍. ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ ഒരവസരം കൂടിയുണ്ട്.

24ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ 26ന് രണ്ടാം ക്വാളിഫയറില്‍ നേരിടാം. ഇതില്‍ വിജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. മേയ് 29നാണ് ഫൈനല്‍. ലീഗിലെ അവസാന മത്സരത്തില്‍ ഡുപ്ലെസിസും സംഘവും ഉയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു.

മുംബൈ / ബംഗളുരു: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്‌ളേ ഓഫിലേക്ക് കടന്നപ്പോള്‍ അടുത്ത മത്സരത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സിനോട് തോറ്റ് ആര്‍.സി.ബി പ്‌ളേ ഓഫ് കാണാതെ പുറത്തായി.

ഇന്നലെ ചേസിംഗില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കേ എട്ടുവിക്കറ്റിനാണ് മുംബയ് ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ച സണ്‍റൈസേഴ്‌സിനെ കാമറൂണ്‍ ഗ്രീനിന്റെ(100) സെഞ്ച്വറിയുടെ മികവിലാണ് രോഹിത് ശര്‍മ്മയും സംഘവും കീഴടക്കിയത്. എങ്കിലും ആര്‍.സി.ബിയും ടൈറ്റാന്‍സും തമ്മിലുള്ള കളി കഴിഞ്ഞ ശേഷമേ മുംബയ്ക്ക് പ്‌ളേ ഓഫ് ഉറപ്പാക്കാന്‍ കഴിയുമായിരുന്നുള്ളൂ.വിരാടിന്റെ (101 നോട്ടൗട്ട് )സെഞ്ച്വറിയുമായി 197/5 റണ്‍സടിച്ച ആര്‍.സി.ബിയെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുമായി (104 നോട്ടൗട്ട്) ടൈറ്റാന്‍സ് മറികടന്നതോടെ പ്‌ളേഓഫ് ചിത്രം വ്യക്തമായി. തുടര്‍ച്ചയായ മത്സരങ്ങളിലാണ് വിരാടും ഗില്ലും സെഞ്ച്വറി നേടിയത്.

ഗുജറാത്ത് ടൈറ്റാന്‍സ് 20 പോയിന്റുമായി പട്ടികയിലെ ഒന്നാമന്മാരായി ഫിനിഷ് ചെയ്തപ്പോള്‍ ചെന്നൈ (17),ലക്‌നൗ(17) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 16 പോയിന്റുമായി നാലാമന്മാരായാണ് മുംബയ് എലിമിനേറ്ററില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ടൈറ്റാന്‍സും ചെന്നൈയും ഏറ്റുമുട്ടും. ബുധനാഴ്ച എലിമിനേറ്ററില്‍ മുംബയ്യും ലക്‌നൗവും ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ തോറ്റവും എലിമിനേറ്ററിലെ വിജയികളും തമ്മില്‍ വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ഓപ്പണര്‍മാരായ മായാങ്ക് അഗര്‍വാളും (83) വിവ്രാന്ത് ശര്‍മ്മയും (69) ചേര്‍ന്ന് 13.5 ഓവറില്‍ കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് കരുത്തായത്. 47 പന്തുകളില്‍ ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും പായിച്ച വിവ്രാന്ത് ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കാഡും സ്വന്തമാക്കി. വിവ്രാന്ത് പുറത്തായശേഷം മായാങ്ക് ആക്രമണം തുടര്‍ന്നെങ്കിലും 17-ാം ഓവറില്‍ മധ്വാളിന് കീഴടങ്ങി. 46 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സും പായിച്ച മായാങ്ക് ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് തിരിച്ചുനടന്നത്. തുടര്‍ന്ന് ഹെന്റിച്ച് ക്‌ളാസന്‍ (18), ഗ്‌ളെന്‍ ഫിലിപ്പ്‌സ് (1),ഹാരി ബ്രൂക്ക് (0) എന്നിവരുടെ വിക്കറ്റ് കൂടി നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം 13 റണ്‍സുമായി പുറത്താവാതെ നിന്നു.

മറുപടിക്കിറങ്ങിയ മുംബയ്ക്ക് ഇഷാന്‍ കിഷനെ (14) മൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 20ല്‍ നില്‍ക്കേ നഷ്ടമായെങ്കിലും നായകന്‍ രോഹിത് ശര്‍മ്മയും (56) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്തു. ഗ്രീനിനൊപ്പം 128 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് 14-ാം ഓവറില്‍ രോഹിത് പുറത്തായത്.37 പന്തുകളില്‍ എട്ടുഫോറും ഒരു സിക്‌സും പായിച്ച രോഹിതിനെ ഡാഗര്‍ മടക്കി അയച്ചശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍യാദവിനെ (25) ഒപ്പം നിറുത്തി ഗ്രീന്‍ 18 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.47 പന്തുകളില്‍ എട്ടുവീതം ഫോറും സിക്‌സുമടിച്ചാണ് ഗ്രീന്‍ സെഞ്ച്വറിയിലെത്തിയത്.

ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യം ബാറ്റിംഗിനെത്തിയ ചെന്നൈ ഉയര്‍ത്തിയ 224 കൂറ്റന്‍ റണ്‍സിനെ തകര്‍ക്കാന്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹിയ്ക്ക് കഴിഞ്ഞില്ല. 146 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാന്‍ കഴിഞ്ഞത്.

ഡല്‍ഹിക്ക് വേണ്ടി ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 86 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്. പിന്നാലെ വന്നവര്‍ ആര്‍ക്കും തന്നെ രണ്ടക്കം പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 224 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ചെന്നൈയുടെ ഓപ്പണിംഗ് ഇരുവരും ചേര്‍ന്ന് 141 റണ്‍സ് നേടി. 52 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത കോണ്‍വെയാണ് ടോപ് സ്‌കോറര്‍. നിലവില്‍ രണ്ട് ടീമുകളാണ് പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചത്. ആദ്യം ഇടം നേടിയത് ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു

ഇന്ന് നടക്കുന്ന ഐപിഎല്‍ 68-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡബിള്‍ഹെഡറില്‍ ഏറ്റുമുട്ടും. ഈ സീസണിലെ ലീഗ് ഘട്ടത്തിലാണ് ഇരുടീമുകളും ആദ്യമായും അവസാനമായും ഏറ്റുമുട്ടുന്നത്. പ്ലേ ഓഫ് ആരംഭിക്കുന്നതിന് മുമ്ബ് ഇരുവരും തങ്ങളുടെ അവസാന മത്സരം കളിക്കുമെന്നത് ശ്രദ്ധേയമാണ്.

13 മത്സരങ്ങള്‍ കളിച്ച നൈറ്റ് റൈഡേഴ്സ് ആറ് വിജയങ്ങളും ഏഴ് തോല്‍വികളുമായി ഈ കാമ്‌ബെയ്നില്‍ 12 പോയിന്റും നെറ്റ് റണ്‍ റേറ്റുമായി -0.256, അവര്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അവര്‍ക്ക് ഇവിടെ ഒരു വിജയം ആവശ്യമാണ്, തുടര്‍ന്ന് അവസാന നാലില്‍ ഇടം നേടുന്നതിന് മറ്റ് ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. 2012ലെയും 2014ലെയും ഐപിഎല്‍ ജേതാക്കള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള സാധ്യത മങ്ങി.

മറുവശത്ത്, എല്‍എസ്ജി അവരുടെ രണ്ടാം സീസണില്‍ വീണ്ടും ശ്രദ്ധേയമായി. ക്രുനാല്‍ പാണ്ഡ്യയുടെ ടീം 13 മത്സരങ്ങളില്‍ ഏഴ് ജയവും അഞ്ച് തോല്‍വിയുമായി. ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള അവരുടെ ഒരു ഏറ്റുമുട്ടല്‍ ഫലമില്ലാതെ അവസാനിച്ചു. 15 പോയിന്റും 0.304 നെറ്റ് റണ്‍ റേറ്റു0 ഉള്ള അവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. (മത്സര നമ്ബര്‍ 65 വരെയുള്ള എല്ലാ നിലകളും). ഇവിടെ ഒരു വിജയം അവര്‍ക്ക് അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കും. ഈ ഏറ്റുമുട്ടലില്‍ എല്‍എസ്ജി പ്രത്യേക മോഹന്‍ ബഗാന്‍ ജേഴ്സിയില്‍ ആണ് ഇറങ്ങുക എന്നത് ശ്രദ്ധേയമാണ്.

ധര്‍മ്മശാല: അവസാന നിമിഷം വരെ പോരാടിയ മത്സരത്തില്‍ പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയവുമായി രാജസ്ഥാന്‍. 188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ സഞ്ജു സാംസണും സംഘവും രണ്ട് പന്ത് ശേഷിക്കെ വിജയം തൊട്ടു. ദേവ്ദത്ത് പടിക്കലിന്റേയും യശ്വസി ജയ്സ്വാളിന്റേയും അര്‍ധ സെഞ്ച്വറിയുടേയും ഹെറ്റ്മെയ്റുടെ 46 റണ്‍സിന്റേയും പിന്‍ബലത്തിലായിരുന്നു രാജസ്ഥാന്‍ ജയത്തിലേക്കെത്തിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ ഓപണര്‍ ജോസ് ബട്ട്ലറെ നഷ്ടമായെങ്കിലും ജയ്സ്വാളും ദേവ്ദത്തും ചേര്‍ന്ന് ടീമിനെ പ്രതീക്ഷയുടെ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. രണ്ടു പേരും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തതോടെ രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇതിനിടെ 9.5 ഓവറില്‍ 51 റണ്‍സോടെ പടിക്കല്‍ വീണു. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണില്‍ ടീം പതിവുപോലെ വന്‍ പ്രതീക്ഷ വച്ചെങ്കിലും അത് മൂന്ന് പന്തില്‍ തീര്‍ന്നു. വെറും രണ്ട് റണ്‍സെടുത്ത് സഞ്ജു മടങ്ങി. എന്നാല്‍ പിന്നീടെത്തിയ ഹെറ്റ്മെയറും തകര്‍ത്തടിച്ചതോടെ ടീം വീണ്ടും പ്രതീക്ഷയിലേക്ക് തിരികെയെത്തി. ഇതിനിടെ 14.3 ഓവറില്‍ 36 പന്തില്‍ 50 റണ്‍സെടുത്ത ജയ്സ്വാള്‍ വീണു. തുടര്‍ന്നെത്തിയ റിയാന്‍ പരാഗും പതിയെ അടിച്ചുമുന്നേറിയെങ്കിലും 20 റണ്‍സില്‍ കൂടാരം കയറി. മൂന്നും സിക്സും നാല് ഫോറും പറത്തി കുതിച്ച ഹെറ്റ്മെയര്‍ 18.5 ഓവറില്‍ സാം കരന്റെ പന്തില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പിടിച്ച് പുറത്തായി. എന്നാല്‍, പകരക്കാരനായിറങ്ങിയ ധ്രുവ് ജുറേല്‍ അവസാന നിമിഷം ടീമിന്റെ വിജയശില്‍പിയാവുകയായിരുന്നു. ജയിക്കാന്‍ ഒമ്ബത് റണ്‍സ് വേണ്ട അവസാന ഓവറില്‍ നാല് പന്തില്‍ ടീം വിജയം കാണുകയായിരുന്നു.

ചഹാറിന്റെ നാലാം പന്ത് സിക്സര്‍ പറത്തിയാണ് ധ്രുവ് ജുറേല്‍ ടീമിനെ ആശ്വാസത്തിന്റെ തീരത്തെത്തിച്ചത്. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാം കറന്‍, അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫില്‍ നിലവില്‍ ഒരു ടീം മാത്രമാണ് എത്തിയത്. ഇപ്പോഴിതാ ക്വാളിഫയര്‍ മത്സരങ്ങള്‍ക്കും തുടക്കമാവുകയാണ്. ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകര്‍ തുടക്കം മുതല്‍ നേരിട്ട ഒരു പ്രശ്‌നം മത്സരങ്ങള്‍ക്ക് ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ്. കൂടാതെ കരിഞ്ചന്തയില്‍ ടിക്കറ്റുകളുടെ ഇരട്ടിവിലയും. ഇപ്പോഴിതാ ക്വാളിഫയര്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.

ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ക്വാളിഫയര്‍- 1 മത്സരത്തിന്റെയും എലിമിനേറ്റര്‍ മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഐപിഎല്‍ വെബ്സൈറ്റിലൂടെയും പേടിഎം ഇന്‍സൈഡിലുടെയും ടിക്കെറ്റ് എടുക്കാവുന്നതാണ്. 2000, 2500, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചെപ്പോക്കിലെ നീണ്ട ക്യൂവും കരിഞ്ചന്തയും ഒഴിവാക്കാന്‍ ഓണ്‍ലൈനായി മാത്രമാണ് ടിക്കറ്റ് വില്‍പന നടക്കുന്നത്.

മെയ് 23ന് ക്വാളിഫയര്‍ 1 ഉം 24ന് എലിമിറേറ്റര്‍ മത്സരവും നടക്കും. നിലവില്‍ പ്ലേ ഓഫ് സാധ്യതയില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും. സിഎസ്‌കെ പ്ലേ ഓഫില്‍ എത്തിയാല്‍ ചോപ്പോക് തന്നെ ആയിരിക്കും വേദിയാവുക. അങ്ങനെ ആണെങ്കില്‍ ടിക്കറ്റ് വില്‍പന വീണ്ടും പൊടിപൊടിക്കും. ക്വാളിഫയര്‍-1ലെ ഒരു ടീം ഗുജറാത്ത് ടൈറ്റന്‍സാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ആര്‍.സി.ബി പ്‌ളേ ഓഫ് സാധ്യത നിലനിര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് വേണ്ടി ഹെന്റിച്ച് ക്‌ളാസന്‍ (104) സെഞ്ച്വറി നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയും (100) അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്ടന്‍ ഫാഫ് ഡുപ്‌ളെസിയും (71) ചേര്‍ന്ന് ആര്‍.സി.ബിക്ക് വേണ്ടി എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമൊരുക്കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 186/5 എന്ന സ്‌കോര്‍ നാലുപന്തുകളും എട്ടുവിക്കറ്റുകളും ബാക്കിനില്‍ക്കേയാണ് ആര്‍.സി.ബി മറികടന്നത്. ഇതോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റായ ആര്‍.സി.ബി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്‌ളേ ഓഫ് സാദ്ധ്യത സജീവമാക്കുകയും ചെയ്തു. ഞായറാഴ്ച ഗുജറാത്ത് ടൈറ്റാന്‍സുമായുള്ള അവസാന മത്സരം ആര്‍.സി.ബിക്ക് നിര്‍ണായകമാണ്.

51 പന്തുകളില്‍ എട്ടു ഫോറും ആറു സിക്‌സുമടക്കം 104 റണ്‍സ് നേടിയ ക്‌ളാസന്റെ പോരാട്ടമാണ് സണ്‍റൈസേഴ്‌സിനെ നിശ്ചിത 20 ഓവറില്‍ 186/5 എന്ന നിലയിലെത്തിച്ചത്.എയ്ഡന്‍ മാര്‍ക്രം (18), ഹാരി ബ്രൂക്‌സ് (27*) എന്നിവരാണ് ക്‌ളാസന് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത്. ക്‌ളാസന് മികച്ച ഒരു പങ്കാളിയുണ്ടായിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സിന് ഇതിലും മികച്ച സ്‌കോര്‍ ഉയര്‍ത്താമായിരുന്നു. അതേസമയം ചേസിംഗിന് ഇറങ്ങിയ ആര്‍.സി.ബിക്ക് വേണ്ടി വിരാടും ഡുപ്‌ളെസിയും ചേര്‍ന്ന് 17.5 ഓവറില്‍ 172 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ തന്നെ വിജയം ഉറപ്പായി. 62 പന്തുകളില്‍ 12 ഫോറും നാലുസിക്‌സുമടക്കം 100 റണ്‍സ് തികച്ചയുടന്‍ ഭുവനേശ്വറിന്റെ പന്തില്‍ ഗ്‌ളെന്‍ ഫിലിപ്പ്‌സിന് ക്യാച്ച് നല്‍കി വിരാട് മടങ്ങി. വിരാടിന്റെ ആറാം ഐ.പി.എല്‍ സെഞ്ച്വറി ആയിരുന്നു ഇത്. 47 പന്തില്‍ ഏഴുഫോറും രണ്ട് സിക്‌സും പായിച്ച അടുത്ത ഓവറില്‍ മടങ്ങിയെങ്കിലും മാക്‌സ്വെല്ലും ബ്രേസ്വെല്ലും ചേര്‍ന്ന് 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡുപ്‌ളെസി സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെ(11) ലോമോറിന്റെ കയ്യിലെത്തിച്ച് ബ്രേസ്വെല്‍ സണ്‍റൈസേഴ്‌സിന് ആദ്യ പ്രഹരം നല്‍കി. ഇതേ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാതിക്കും (15) ബ്രേസ്വെല്‍ മടക്കടിക്കറ്റ് നല്‍കി. പട്ടേലിനായിരുന്നു ക്യാച്ച്. തുടര്‍ന്ന് ക്‌ളാസന്‍ ക്രീസിലേക്ക് എത്തി. മറുവശത്ത് തനിന്ന് പിന്തുണ നല്‍കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ക്‌ളാസിക് സെഞ്ച്വറിയുമായി ക്‌ളാസന്‍ കളം നിറയുകയായിരുന്നു. നായകന്‍ എയ്ഡന്‍ മാര്‍ക്രമുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 76 റണ്‍സാണ് ക്‌ളാസന്‍ കൂട്ടിച്ചേര്‍ത്തത്. 20 പന്തുകളില്‍ 18 റണ്‍സ് നേടിയ മാര്‍ക്രമിനെ 13-ാം ഓവറില്‍ ഷഹ്ബാസ് അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു.തുടര്‍ന്ന് ഹാരി ബ്രൂക്കിനൊപ്പം (27 നോട്ടൗട്ട്) പോരാട്ടം തുടര്‍ന്ന ക്‌ളാസന്‍ നേരിട്ട 49-ാമത്തെ പന്തില്‍ സെഞ്ച്വറിയിലെത്തി. രണ്ട് പന്തിനകം പുറത്താവുകയും ചെയ്തു.19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ക്‌ളാസനെ ബൗള്‍ഡാക്കുകയായിരുന്നു. പകരമിറങ്ങിയ ഗ്‌ളെന്‍ ഫിലിപ്പ്‌സ് (5) അവസാന പന്തില്‍ പുറത്തായി

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങളുമായി ഐസിസി. പുരുഷ വനിതാ ക്രിക്കറ്റ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചാണ് പുതിയ പരിഷ്‌കാരങ്ങള്‍ എത്തുന്നത്. പുതിയ നിയമങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ടിവി അമ്ബയര്‍ക്ക് ഫീല്‍ഡ് അമ്ബയര്‍ ഇനിമുതല്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ട ആവശ്യമില്ല. സോഫ്റ്റ് സിഗ്നല്‍ നല്‍ കുന്നത് ആശയക്കുഴപ്പമുണ്ടാക്കാറുണ്ടെന്ന് ഐസിസി വ്യക്തമാക്കി. എല്ലാ തീരുമാനമെടുക്കുമ്‌ബോഴും ഓള്‍ ഫീല്‍ഡ് അമ്ബയര്‍ ടിവി അമ്ബയറുമായി ആശയവിനിമയം നടത്തണമെന്നും ഐസിസി അറിയിച്ചു.

മറ്റൊരു പ്രധാന മാറ്റം ഹെല്‍മറ്റുമായി ഉപയോഗത്തിലാണ്. ഓരോ ഫീല്‍ഡിലെയും അപകടസാധ്യത മനസ്സിലാക്കി ക്രീസില്‍ താരങ്ങള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. പേസ് ബൗളര്‍മാരെ നേരിടുന്ന ബാറ്റര്‍മാര്‍, സ്റ്റംപുകള്‍ക്ക് അടുത്ത് നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍, ബാറ്റര്‍മാര്‍ക്ക് അടുത്തുനില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഗാംഗുലിന് വൈ കാറ്റഗറി സുരക്ഷയായിരുന്നു.

ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. പിന്നാലെയാണ് ഇസഡിലേക്ക് ഉയര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ചത്. എട്ട് മുതല്‍ പത്ത് വരെ പൊലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാകും.

നിലവില്‍ ഗാംഗുലി ഐപിഎല്‍ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. ഈ മാസം 21ന് അദ്ദേഹം ബംഗാളില്‍ തിരിച്ചെത്തുമെന്നും ആ സമയം മുതല്‍ ഇസഡ് കാറ്റഗറിയിലായിക്കും അദ്ദേഹത്തിന്റെ സുരക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.