‘തല’യും ടീമും ഫൈനലില്‍

ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ താരതമ്യേന അത്ര വലിയ വിജയ ലക്ഷ്യമല്ല മുന്നോട്ട് വെച്ചത്. ടീം നേടിയ 172 റണ്‍സ് ഗുജറാത്തിന് അത്ര വെല്ലുവിളി ഉയര്‍ത്തുമായിരുന്നില്ല. എന്നാല്‍ ടീം ഗെയിം കളിച്ച ചെന്നൈയുടെ തന്ത്രങ്ങളും താരങ്ങളുടെ മികവും ഗുജറാത്തിനെ വരിഞ്ഞുകെട്ടി. വിക്കറ്റുകള്‍ മുറയ്ക്ക് വീണപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീം ഇടറിവീണു. 20 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഹര്‍ദികും സംഘവും നേടിയത്.

ഓപ്പണര്‍മാരില്‍ ശുഭ്മാന്‍ ഗില്ല് മാത്രം പിടിച്ചുനിന്നു പൊരുതി. 38 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. വാലറ്റത്ത് 15 പന്തില്‍ റാഷിദ് ഖാന്‍ 30 റണ്‍സടിച്ചു കൂട്ടി. ബാക്കിയാരും കാര്യമായ സംഭാവന നല്‍കിയില്ല. വൃദ്ധിമാന്‍ സാഹ (12), നായകന്‍ ഹര്‍ദിക് പാണ്ഡ്യ (8), ദസുന്‍ ശനക (17), ഡേവിഡ് മില്ലര്‍ (4), വിജയ് ശങ്കര്‍ (14), രാഹുല്‍ തേവാട്ടിയ (3), ദര്‍ശന്‍ നാല്‍ക്കണ്ഡെ(0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍മാരെ വീഴ്ത്തിയത് ചാഹറായിരുന്നുവെങ്കില്‍ കൂറ്റനടിക്കാരായ ദസുന്‍ ശനകയെയും ഡേവിഡ് മില്ലറെയും ജഡേജ പറഞ്ഞയച്ചു. നായകന്‍ ഹര്‍ദികിനെയും കൂറ്റനടിക്കാരന്‍ തേവാട്ടിയയെയുമാണ് തീക്ഷണ തിരിച്ചയച്ചത്. മതീഷ പതിരനയും തുഷാര്‍ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതവും നേടി. 11ാം ഓവറില്‍ പതിരനയെ ഇംപാക്ട് താരമായി കൊണ്ടുവന്നതും നിര്‍ണായകമായി. 2023 ഐ.പി.എല്ലില്‍ ഇതിന് മുമ്ബ് ഇരുടീമുകളും കളിച്ച മൂന്നു മത്സരങ്ങളിലും ഗുജറാത്താണ് വിജയിച്ചിരുന്നത്. എന്നാല്‍ നിര്‍ണായകമായ നാലാം മത്സരത്തില്‍ സി.എസ്.കെ സടകുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 173 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്തിന് മുമ്ബില്‍ വെച്ചത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് ചെന്നൈ നേടിയത്. 60 റണ്‍സ് നേടിയ ഋതുരാജ് ഗെയിക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയിക്വാദും ഡെവന്‍ കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ റണ്‍റേറ്റ് ഉയരാതെ നോക്കാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. ടീം സ്‌കോര്‍ 87ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് വീണത്. 60 റണ്‍സ് നേടിയ ഋതുരാജ് ഗെയിക്വാദിനെ മോഹിത് ശര്‍മ്മയാണ് പറഞ്ഞയച്ചത്. ഡെവന്‍ കോണ്‍വെ 40 റണ്‍സ് നേടി. കൂറ്റനടിക്കാരന്‍ ശിവം ദുബെയ നേരിട്ട മൂന്നാം പന്തില്‍ തന്നെ നൂര്‍ അഹമ്മദ് പറഞ്ഞയച്ചു. അതോടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താനുള്ള ചെന്നൈയുടെ ശ്രമങ്ങളെല്ലാം പാളി. അമ്ബാട്ടി റായിഡുവും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മാധ്യഓവറുകളില്‍ കളി കൊണ്ടുപോയെങ്കിലും റണ്‍സ് ഒഴുക്കാനായില്ല. മഹേന്ദ്ര സിങ് ധോണിക്കായി ആരാധകര്‍ ആര്‍ത്തുവിളിച്ചെങ്കിലും നേരിട്ട രണ്ടാം പന്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. മോഹിത് ശര്‍മ്മയാണ് ധോണിയുടെ വഴിയിലും കല്ലിട്ടത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും മുഈന്‍ അലയും ചേര്‍ന്നാണ് സ്‌കോര്‍ 170 കടത്തിയത്. രവീന്ദ്ര ജഡേജ 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്തപ്പോള്‍ അലി നാല് പന്തില്‍ 9 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദര്‍ശന്‍ നാല്‍ക്കണ്ഡെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ നൂര്‍ അഹമ്മദ് 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.