ലക്‌നൗവിനെ എറിഞ്ഞിട്ട് മുംബൈ

ചെന്നൈ: ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് 182/8 എന്ന സ്‌കോര്‍ ഉയര്‍ത്തിയശേഷം ലക്‌നൗവിനെ 16.3ഓവറില്‍ 101 റണ്‍സിന് ആള്‍ഔട്ടാക്കുകയായിരുന്നു മുംബയ് ഇന്ത്യന്‍സ്. 3.3 ഓവറില്‍ അഞ്ചുറണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുംബയ് പേസര്‍ ആകാശ് മധ്വാളിന്റെ വിസ്മയപ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റായത്. മൂന്ന് വിക്കറ്റുകള്‍ റണ്‍ഔട്ടിലൂടെ കളയുകകൂടി ചെയ്തതോടെ ലക്‌നൗവിന് ഇളിഭ്യരായി മടങ്ങേണ്ടിവന്നു. കാമറൂണ്‍ ഗ്രീന്‍ (41), സൂര്യകുമാര്‍ യാദവ് (33),തിലക് വര്‍മ്മ(26), നെഹാല്‍ വധേര (23) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് മുംബയ് ഇന്ത്യന്‍സിനെ 182ലെത്തിച്ചത്. ലക്‌നൗവിനായി നവീന്‍ ഉല്‍ ഹഖ് നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. ലക്‌നൗ ബാറ്റിംഗില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന് (40) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്. നവീന്‍ ഉല്‍ ഹഖ് ലക്‌നൗവിനായി നാലുവിക്കറ്റ് നേടി. മുംബയ് ഇന്ത്യന്‍സിന് തുടക്കം മികച്ചതായിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ്മയെ(11) നാലാം ഓവറില്‍ത്തന്നെ നവീന്‍ ഉല്‍ഹഖ് മടക്കി അയച്ചു. അടുത്ത ഓവറില്‍ ഇഷാന്‍ കിഷനെ(15) യഷ് താക്കൂര്‍ കീപ്പര്‍ പുരാന്റെ കയ്യിലെത്തിച്ചു. ഇതോടെ മുംബയ് 38/2എന്ന നിലയിലായി. തുടര്‍ന്ന് കാമറൂണ്‍ഗ്രീനും (41) സൂര്യകുമാര്‍ യാദവും (33) ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 11-ാം ഓവറില്‍ ടീം സ്‌കോര്‍ 104ല്‍ നില്‍ക്കവേ സൂര്യയെ ഗൗതമിന്റെ കയ്യിലെത്തിച്ച് നവീന്‍ ലക്‌നൗവിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.ഒരുപന്തിന്റെ ഇടവേളയ്ക്ക് ശേഷം നവീന്‍ ഗ്രീനിന്റെ കുറ്റിപിഴുതെറിഞ്ഞതോടെ മുംബയ് 105/4 എന്ന നിലയിലായി. തിലക് വര്‍മ്മയും(26) ടിം ഡേവിഡും(13) ചേര്‍ന്ന് 148വരെ എത്തിച്ചു.17-ാം ഓവറില്‍ യഷ് താക്കൂര്‍ ടിം ഡേവിഡിനെ ഹൂഡയുടെ കയ്യിലത്തിച്ചു. അടുത്ത ഓവറില്‍ തിലകിനെ ഹൂഡയുടെതന്നെ കയ്യിലെത്തിച്ച് നവീന്‍ നാലാം വിക്കറ്റ് തികച്ചു.19-ാം ഓവറില്‍ മൊഹ്‌സിന്‍ ഖാന്‍ ജോര്‍ദാനെ(4) പുറത്താക്കി. ഇംപാക്ട് പ്‌ളേയറായി ഇറങ്ങിയ നെഹാല്‍ വധേര 12 പന്തുകളില്‍ 23 റണ്‍സുമായി മുംബയ്യെ 182ലെത്തിച്ച് അവസാന പന്തില്‍ പുറത്തായി.

മറുപടിക്കിറങ്ങിയ ലക്‌നൗവിനും തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമാകാന്‍ തുടങ്ങി. രണ്ടാം ഓവറില്‍ പ്രേരക് മങ്കാഡിനെ (3) ഷൗക്കീന്റെ കയ്യിലെത്തിച്ച് ആകാശ് മധ്വാളാണ് ലക്‌നൗവിന് ആദ്യ പ്രഹരം നല്‍കിയത്. നാലാം ഓവറില്‍ കൈല്‍ മേയേഴ്‌സിനെ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. തുടര്‍ന്ന് സ്റ്റോയ്‌നിസ് കാലുറപ്പിക്കാന്‍ നോക്കിയെങ്കിലും ക്രുനാല്‍ പാണ്ഡ്യ (8),ആയുഷ് ബദോനി (1), നിക്കോളാസ് പുരാന്‍ (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ ലക്‌നൗവിന്റെ താളം തെറ്റി. ക്രുനാലിനെ പിയൂഷ് ചൗളയും ബദോനിയെയും പുരാനെയും മധ്വാളുമാണ് മടക്കിഅയച്ചത്. ഇതോടെ പരിഭ്രാന്തരായ അവര്‍ റണ്‍ഔട്ടുകളിലേക്ക് നീങ്ങി.27 പന്തുകളില്‍ 40 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസും കൃഷ്ണപ്പ ഗൗതവും (2), ദീപക് ഹൂഡയുമാണ് (15) വെറുതെ റണ്‍ഔട്ടായിക്കളഞ്ഞത്. 15-ാം ഓവറില്‍ രവി ബിഷ്‌ണോയ്യെ പുറത്താക്കിയാണ് മധ്വാള്‍ നാലുവിക്കറ്റ് തികച്ചത്.