ഗുജറാത്ത് ഫൈനലില്‍

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക ബാറ്റിങ് കരുത്തില്‍ ഉയര്‍ത്തിയ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന രോഹിത് പട ലക്ഷ്യത്തിന് 62 റണ്‍സകലെ മുട്ടുമടക്കി. മുംബൈ നിരയിലെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് വീണ്ടും ഫൈനലിലേക്ക് അനായാസം കടന്നുകയറിയത്.

28ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. മഹേന്ദ്രസിങ് ധോണിയുടെ നായകത്വത്തില്‍ തകര്‍പ്പന്‍ ഫോമോടെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് പറന്നുകയറിയത്. തങ്ങളെ തോല്‍പ്പിച്ച അതേ ചെന്നൈയുമായി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുകയാണ് ഗുജറാത്ത്. പന്തില്‍ 61 റണ്‍സ് തികച്ച സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 43 റണ്‍സുമായി മിന്നുംപ്രകടനം കാഴ്ചവച്ച തിലക് വര്‍മ, 20 ബോളില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മാത്രമാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തില്‍ കൂടാരം കയറിയ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് മുംബൈയുടെ നടുവൊടിച്ചത്.

തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ മറുപടി ബാറ്റിങ്. ഓപണിങ് ജഴ്സിയില്‍ ഇറങ്ങിയ ഇംപാക്ട പ്ലയര്‍ നെഹാല്‍ വധേരയാണ് ആദ്യം മടങ്ങിയത്. പിന്നാലെ രണ്ടാം ഓവറില്‍ ക്യാപ്റ്റനേയും നഷ്ടമായി. പിന്നീട് ക്രീസിലുണ്ടായിരുന്ന തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് അതിവേഗം സ്‌കോറിന്റെ വേഗം കൂട്ടി ടീമിന് ഒരുവേള വിജയപ്രതീക്ഷ നല്‍കി. മൂന്നാമനായിറങ്ങിയ ഗ്രീന്‍ പരിക്കിനെതുടര്‍ന്ന് തിരികെ കയറിയതോടെയാണ് തിലക് വര്‍മയെത്തി ശുഭപ്രതീക്ഷ നല്‍കിയത്. പിന്നീട് വര്‍മ മടങ്ങിയതോടെയാണ് ഗ്രീന്‍ വീണ്ടുമെത്തി ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. എന്നാല്‍ ഇവരെ മൂന്ന്് പേരുടെ പ്രകടനം കൊണ്ട് മാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. ഗ്രീനും സൂര്യകുമാറും വീണതോടെ പിന്നീടെത്തിയവരെല്ലാം ഒന്നിനു പിറകെ ഒന്നാകെ കൂടാരം കയറുകയായിരുന്നു. ഒടുവില്‍ 18.2 ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറുടെ കൈകളില്‍ കുമാര്‍ കാര്‍ത്തികേയ കുടുങ്ങിയതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 171 റണ്‍സിന് ഓള്‍ ഔട്ട്. നേരത്തെ, ശുഭ്മന്‍ ഗില്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് റണ്‍മല ഉയര്‍ത്തിയത്. നിര്‍ണായക മത്സരത്തില്‍ സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച ഗില്‍, 60 പന്തില്‍ 129 റണ്‍സാണ് അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ 43 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സെടുത്തു. ഓപണര്‍ വൃദ്ധിമാന്‍ സാഹ 18 റണ്‍സ് നേടി. റാഷിദ് ഖാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സും സംഭാവന ചെയ്തു. കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗുജറാത്തിന്റെ 233 റണ്‍സ്.