Sports (Page 31)

ബംഗളൂരു: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ.

ഗുസ്തി താരങ്ങളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അനില്‍ കുംബ്ലെ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.

‘മേയ് 28ന് നമ്മുടെ ഗുസ്തിക്കാര്‍ക്കുനേരെയുണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”-കുംബ്ലെ ട്വീറ്റ് ചെയ്തു.

തുടര്‍ച്ചയായ നാലാം വര്‍ഷവും ലീഗ് വണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി പാരീസ് സെന്റ് ജെര്‍മെയ്ന്റെ കിലിയന്‍ എംബാപ്പെ.

2019, 2021, 2022 വര്‍ഷങ്ങളില്‍ ലീഗ് 1-ന്റെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാല് സീസണുകളില്‍ ട്രോഫി നേടുന്ന ആദ്യ കളിക്കാരനായി. പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫോര്‍വേഡ് ലീഗില്‍ 28 ഗോളുകളും 5 അസിസ്റ്റുകളും നേടി.

‘ഇത് സന്തോഷകരമാണ്, ലീഗിന്റെ ചരിത്രത്തില്‍ എന്റെ പേര് രേഖപ്പെടുത്താന്‍ ഞാന്‍ എപ്പോഴും വിജയിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, ഇത്ര പെട്ടെന്ന് വിജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,’ എംബാപ്പെയെ ഉദ്ധരിച്ച് ഫ്രാന്‍സ് 24 പറഞ്ഞു.

തങ്ങള്‍ക്ക് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്രംഗ് പൂനിയ അറിയിച്ചു.

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു.

അതേസമയം, ഇന്ത്യാഗേറ്റില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്.

അഹമദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് 2023 ഐപിഎല്‍കിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തില്‍ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ കോണ്‍വെയും ഗെയിക് വാദും ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികള്‍ ഒന്നിനു പിറകെ ഒന്നായി പറന്നു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ തന്നെ ചെന്നൈയുടെ സ്‌കോര്‍ 70 റണ്‍സിന് മുകളിലായിരുന്നു.

എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമദ് ചെന്നൈ കിരീടസ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളില്‍ 47 റണ്‍സെടുത്ത കോണ്‍വെയും 16 ബൗളില്‍ 26 റണ്‍സെടുത്ത ഗെയ്ക്വാദിനെയുമാണ് നൂര്‍ കൂടാരം കയറ്റിയത്. എന്നാല്‍ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവര്‍ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റണ്‍വേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവര്‍ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളില്‍ നിന്ന് 27 റണ്‍സാണ് സംഭാവന ചെയ്തത്. 12-ാം ഓവറില്‍ ശിവം ദുബെ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്‌സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകര്‍ത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവര്‍ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറില്‍ മുംബൈക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തന്നെ ഗില്‍ തുടര്‍ന്നു. കൂടെ സാഹയും. ചെന്നൈ ഫീല്‍ഡര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 62 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ തലയുടെ മിന്നല്‍ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങില്‍ ഗുജറാത്തിന്റെ സ്റ്റാര്‍ പ്ലയര്‍ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗില്‍ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റണ്‍വേഗം കുറഞ്ഞു. സാഹയും സായി സുദര്‍ശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അര്‍ധസെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹര്‍ സാഹയെ വീഴ്ത്തി. രണ്ട് വിക്കറ്റ് പോയിനില്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദര്‍ശന്‍ മറുതലക്കല്‍ തകര്‍പ്പനടികള്‍ക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികള്‍ പായിച്ച് സുദര്‍ശന്‍ ചെന്നൈ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകര്‍ത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്‌കോര്‍ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദര്‍ശന്‍ കളം വിട്ടത്.

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരത്തെ 21-19, 13- 21, 21-18 എന്നീ സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് പ്രണോയി കിരീടനേട്ടം സ്വന്തമാക്കിയത്.

ഇതോടെ മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡും പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.

അഹമ്മദാബാദ്: ഇന്നലെ നടക്കേണ്ടിയിരുന്ന ഐ.പി.എല്‍ ഫൈനല്‍കനത്ത മഴമൂലം ഇന്നത്തേക്ക് മാറ്റി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റാന്‍സും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 7.30ന് ഇതേ വേദിയില്‍ നടക്കും. ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനല്‍ മാറ്റിവയ്‌ക്കേണ്ടിവന്നത്.

ഇന്നലെ രാത്രി 7.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ടോസ് ഇടാന്‍പോലും അനുവദിക്കാതെ മഴ പെയ്തുകൊണ്ടിരുന്നു. ഇതോടെ എത്ര ഓവര്‍ വെട്ടിക്കുറച്ചുള്ള ഫൈനല്‍ നടത്താനാകും എന്ന കണക്കുകൂട്ടലുകളായി. ഫൈനലിന് റിസര്‍വ് ഡേ ഉള്ളതിനാല്‍ ഇന്നലെ ഒരു പന്തുപോലും എറിയാന്‍ കഴിയാതെവന്നാല്‍ മത്സരം മാറ്റിവയ്ക്കുമെന്നുള്ള ആശ്വാസവാര്‍ത്തയുമെത്തി. എന്നാല്‍ 8.50ഓടെ മഴ അല്‍പ്പം ശമിച്ചത് പ്രതീക്ഷയുണര്‍ത്തി. പക്ഷേ അഞ്ചുമിനിട്ടികം വീണ്ടും മഴ ആരംഭിച്ചു. ഈ മഴ അധികം വൈകാതെ തോര്‍ന്നതോടെ ഗ്രൗണ്ടില്‍ നിന്ന് കവറുകള്‍ മാറ്റാന്‍ തുടങ്ങി. എന്നാല്‍ 9.20നും മത്സരം തുടങ്ങാന്‍ കഴിയും വിധം ഗ്രൗണ്ട് ഒരുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും വീണ്ടും മഴയും തുടങ്ങി. മഴ 11 മണിയായിട്ടും തോരാതിരുന്നതോടെയാണ് കളി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ക്വാലാലംപൂര്‍: എച്ച്. എസ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍. അതേസമയം വനിതാ സെന്‍സേഷന്‍ പി.വി സിന്ധു വനിതാ സിംഗിള്‍സ് സെമിയില്‍ തോറ്റ് പുറത്തായി.

പുരുഷ സിംഗിള്‍സ് സെമിക്കിടെ എതിരാളി ഇന്തോനേഷ്യന്‍ താരം ക്രിസ്റ്ര്യന്‍ അഡിനാറ്റ പരിക്കേറ്റ് മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയതോടെ പ്രണോയ് ഉറപ്പിക്കുകയായിരുന്നു. ആദ്യ ഗെയിമില്‍ പ്രണോയ് 19-17ന് മുന്നിട്ട് നില്‍ക്കുമ്‌ബോഴായിരുന്നു ക്രിസ്റ്ര്യന്‍ പരിക്കേറ്റ് പിന്മാറിയത്. പരിക്കേറ്റ ക്രിസ്റ്ര്യനെ ശുശ്രൂഷിക്കാന്‍ ഓടിയെത്തിയ പ്രണോയ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റ നല്ലമാതൃക ലോകത്തിന് കാട്ടിക്കൊടുത്തും കൈയടി നേടി.

വനിതാ സിംഗിള്‍സ് സെമിയില്‍ ഇന്തോനേഷ്യന്‍ താരം തന്നെയായ ഗ്രിഗോറിയ തുന്‍ജുംഗിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമുകളില്‍ 14-21,17-21നായിരുന്നു സിന്ധുവിന്റെ തോല്‍വി.

അഹമ്മദാബാദ്: ഐ.പി.എല്‍ ഫൈനലിന് ഇനി ഒരുപകലിന്റെ കാത്തിരിപ്പ് മാത്രം. പതിനാറാം സീസണിലെ കിരീടാവകാശിയെ ഇന്ന് രാത്രിയറിയാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7. 30 മുതലാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഹാര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തും ചെന്നൈയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അഹമ്മദാബാദ് തന്നെയായിരുന്നു വേദി. ആ മത്സരത്തില്‍ ഗുജറാത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 14 മത്സരത്തില്‍ നിന്ന് 20 പോയിന്റുമായി ഗുജറാത്ത് ലീഗ് ഘട്ടത്തില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ആദ്യ പ്ലേ ഓഫില്‍ ക്വാളിഫയര്‍ 1ല്‍ ഗുജറാത്തിനെ 15റണ്‍സിന് കീഴടക്കി ചെന്നൈ ഫൈനലുറപ്പിച്ചു. പിന്നീട് ക്വാളിഫയര്‍ 2 വില്‍ മുംബയ്യെ 62 റണ്‍സിന് കീഴടക്കിയാണ് ഗുജറാത്ത് ഫൈനലിന് ടിക്കറ്റെടുത്തത്.

ക്വാലാലംപുര്‍: എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്‍പതാം നമ്ബര്‍ താരമായ പ്രണോയ് ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 25-23, 18-21, 21-13ന് തോല്‍പ്പിച്ചാണ് അവസാന നാലില്‍ ഇടം പിടിച്ചത്. ആദ്യ ഗെയിം മുതല്‍ നിഷിമോട്ടോയോട് ഇഞ്ചോടിഞ്ച് പൊരുതിയ പ്രണോയ് രണ്ടാം ഗെയിം കൈവിട്ടെങ്കിലും മൂന്നാം ഗെയിമില്‍ അതിഗംഭീരമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ക്വാര്‍ട്ടറില്‍ 11-ാം റാങ്കുകാരനായ ചൈനയുടെ ലി ഷിഫെങ്ങിനെയാണ് പ്രണോയ് കീഴടക്കിയിരുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറിലും മലയാളിതാരം വിജയം നേടിയത്.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സിന്ധു ചൈനയുടെ യി മാന്‍ ഷാംഗിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 21-16, 13-21, 22-20 നാണ് സിന്ധു കീഴടക്കിയത്. ജപ്പാന്റെ ആയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയിരുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ അഡിനാറ്റയോട് തോറ്റ് പുറത്തായി.

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക ബാറ്റിങ് കരുത്തില്‍ ഉയര്‍ത്തിയ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന രോഹിത് പട ലക്ഷ്യത്തിന് 62 റണ്‍സകലെ മുട്ടുമടക്കി. മുംബൈ നിരയിലെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് വീണ്ടും ഫൈനലിലേക്ക് അനായാസം കടന്നുകയറിയത്.

28ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. മഹേന്ദ്രസിങ് ധോണിയുടെ നായകത്വത്തില്‍ തകര്‍പ്പന്‍ ഫോമോടെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് പറന്നുകയറിയത്. തങ്ങളെ തോല്‍പ്പിച്ച അതേ ചെന്നൈയുമായി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുകയാണ് ഗുജറാത്ത്. പന്തില്‍ 61 റണ്‍സ് തികച്ച സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 43 റണ്‍സുമായി മിന്നുംപ്രകടനം കാഴ്ചവച്ച തിലക് വര്‍മ, 20 ബോളില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മാത്രമാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തില്‍ കൂടാരം കയറിയ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് മുംബൈയുടെ നടുവൊടിച്ചത്.

തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ മറുപടി ബാറ്റിങ്. ഓപണിങ് ജഴ്സിയില്‍ ഇറങ്ങിയ ഇംപാക്ട പ്ലയര്‍ നെഹാല്‍ വധേരയാണ് ആദ്യം മടങ്ങിയത്. പിന്നാലെ രണ്ടാം ഓവറില്‍ ക്യാപ്റ്റനേയും നഷ്ടമായി. പിന്നീട് ക്രീസിലുണ്ടായിരുന്ന തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് അതിവേഗം സ്‌കോറിന്റെ വേഗം കൂട്ടി ടീമിന് ഒരുവേള വിജയപ്രതീക്ഷ നല്‍കി. മൂന്നാമനായിറങ്ങിയ ഗ്രീന്‍ പരിക്കിനെതുടര്‍ന്ന് തിരികെ കയറിയതോടെയാണ് തിലക് വര്‍മയെത്തി ശുഭപ്രതീക്ഷ നല്‍കിയത്. പിന്നീട് വര്‍മ മടങ്ങിയതോടെയാണ് ഗ്രീന്‍ വീണ്ടുമെത്തി ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. എന്നാല്‍ ഇവരെ മൂന്ന്് പേരുടെ പ്രകടനം കൊണ്ട് മാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല. ഗ്രീനും സൂര്യകുമാറും വീണതോടെ പിന്നീടെത്തിയവരെല്ലാം ഒന്നിനു പിറകെ ഒന്നാകെ കൂടാരം കയറുകയായിരുന്നു. ഒടുവില്‍ 18.2 ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറുടെ കൈകളില്‍ കുമാര്‍ കാര്‍ത്തികേയ കുടുങ്ങിയതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 171 റണ്‍സിന് ഓള്‍ ഔട്ട്. നേരത്തെ, ശുഭ്മന്‍ ഗില്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് റണ്‍മല ഉയര്‍ത്തിയത്. നിര്‍ണായക മത്സരത്തില്‍ സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ച ഗില്‍, 60 പന്തില്‍ 129 റണ്‍സാണ് അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ 43 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സെടുത്തു. ഓപണര്‍ വൃദ്ധിമാന്‍ സാഹ 18 റണ്‍സ് നേടി. റാഷിദ് ഖാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സും സംഭാവന ചെയ്തു. കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗുജറാത്തിന്റെ 233 റണ്‍സ്.