Recent Posts (Page 564)

പേസർ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം 3 മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയ്ക്കായി അയർലൻഡിലെത്തി. പരിക്ക് മൂലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഏറെ നാളായി വിട്ട് നിന്നിരുന്ന ബുമ്രയുടെ തിരിച്ചു വരവിന് ഇതോടെ അയർലൻഡ് വേദിയാകും. ഇന്ത്യൻ ടീമിലെ യുവ താര നിരയാണ് അയർലൻഡിലെ മാച്ചിനെ നേരിടാൻ പോകുന്നത്.

ഐ പി എല്ലിൽ മികവ് തെളിയിച്ച റിങ്കു സിംഗ്, ജിതേഷ് ശർമ തുടങ്ങിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ കപ്പ് , ഏകദിന ലോകകപ്പ് എന്നീ മത്സരങ്ങൾക്കുള്ള സെലക്ഷൻ ട്രയൽസ് കൂടിയാകും ഈ മത്സരങ്ങൾ. ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30 നാണ് കളി നടക്കുന്നത്. ബാക്കി രണ്ട് മത്സരങ്ങൾ 20, 23 എന്നീ തീയതികളിൽ നടക്കും.

ഇഷാൻ കിഷന് വിശ്രമം പറഞ്ഞിരിക്കുന്നതിനാൽ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്നത് സഞ്ജുവോ ജിതേഷ് ശർമയോ ആയിരിക്കും. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി -20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിയാത്തതിനാൽ ഏഷ്യ കപ്പിലേക്കും ഏകദിന ലോക കപ്പിലേക്കും അവസരം ലഭിക്കണമെങ്കിൽ സഞ്ജുവിന് ഈ മത്സരത്തിൽ മികവ് തെളിയിക്കേണ്ടി വരും.

ഉപഭോക്താക്കൾ ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിൽ കിടന്നുറങ്ങരുതെന്ന മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി. ഒരു സർവീസ് അറിയിപ്പായാണ് ആപ്പിൾ ശരിയായ രീതിയിൽ ചാർജ് ചെയ്യുന്നതിന്റെയും ചാർജിങ് ചെയ്യുന്ന ഫോണിന്റെ അടുത്ത് കിടന്നുറങ്ങുന്നതിന്റെയും ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കിടന്നാൽ തീപിടുത്തം, വൈദ്യുതാഘാതം, പരിക്ക്, ഉപകരണങ്ങൾക്ക് കേടുപാടുകൾ തുടങ്ങിയവ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ആപ്പിൾ കമ്പനി നൽകുന്നത്. അപകടം ഒഴിവാക്കാനായി നല്ല വെന്റിലേഷനുള്ള ഭാഗത്ത് മാത്രം ഫോൺ ചാർജ് ചെയ്യാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

പുതപ്പിന്റെയോ തലയണയുടെയോ അടിയിൽ ചാർജ് ചെയ്താൽ ഉപകരണം അമിതമായി ചൂടാകുമെന്ന വസ്തുതയും ആപ്പിൾ പറയുന്നുണ്ട്. ആപ്പിൾ ഫോണിന്റേതല്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് പറയുന്നതിനോടൊപ്പം അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന കേബിൾ തിരഞ്ഞെടുക്കാനും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേടായ ചാർജറുകൾ ഉപയോഗിക്കരുതെന്നും പറഞ്ഞാണ് കമ്പനി നിർദേശങ്ങൾ അവസാനിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കണ്ണിന് വളരെയേറെ പ്രധാന്യമുണ്ട്. കൺപീലി കൊഴിയുന്നതും കണ്ണിന് ചുറ്റുമുള്ള ചുളിവുകളും നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ്. ദിവസവുമുള്ള ഉറക്കക്കുറവും അലച്ചിലുകളുമെല്ലാം നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണിന്റെ സംരക്ഷണത്തിനായുള്ള ചില ടിപ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണിന് നിറവും തിളക്കവും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക കൃത്യമായി ഉറക്കം കിട്ടിയാൽ തന്നെ ഒരു പരിധി വരെ കണ്ണിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും.

  • രാത്രി കിടക്കാൻ നേരം ആവണക്കെണ്ണ കൺപീലിയിൽ പുരട്ടിയാൽ കൊഴിച്ചിൽ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.
  • നാല് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്താൽ കണ്ണിന്റെ തിളക്കം വർധിക്കും.
  • ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതിൽ ആട്ടിൻ പാലും വെള്ളവും ചേർത്ത് പിടിച്ച് മുഖം കഴുകുക.
  • കൺതടങ്ങളിൽ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്താൽ ചുളിവുകൾ അകറ്റാം.

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്നത് രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി ഐക്യമുന്നണി ഒരു വശത്തും ദേശീയ ജനാധിപത്യം മറുവശത്തും നിന്ന് ഏറ്റമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഐക്യമുന്നണിയിൽ രണ്ട് സ്ഥാനാർത്ഥികളുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ലിജിൻ ലാലും പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായി ഐക്യമുന്നണിയിലെ രണ്ട് സ്ഥാനാർത്ഥികളും അവരുടെ പാർട്ടികളും ആശയപരമായി യോജിപ്പിലാണെന്ന് തെളിയിച്ചു. കള്ളപ്പണ ഇടപാടുകൾ മറച്ചു പിടിക്കുന്നതിൽ ആണെങ്കിലും അഴിമതി മൂടിവെയ്ക്കുന്ന കാര്യത്തിലാണെങ്കിലും വിശ്വാസികളെ അവഹേളിക്കുന്ന കാര്യത്തിലാണെങ്കിലും ഇരു പാർട്ടികളും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, അതിനെതിരായിട്ടാണ് ബിജെപിയുടെ കാഴ്ചപ്പാട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ അവർ രണ്ട് പേർ സൗഹൃദ മത്സരം നടത്തുന്നു, തങ്ങൾ അവർ രണ്ടു പേരെയും ഒരുമിച്ച് എതിർക്കുന്നു. മാസപ്പടി വിവാദം ആദ്യം ഉന്നയിച്ചത് ബിജെപിയും എൻഡിഎയുമാണെന്നും വിവാദം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് പറയാൻ വി ഡി സതീശന് ഒരാഴ്ച സമയമെടുക്കേണ്ടി വന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

ടി – 20 പരമ്പരയിലെ അയർലൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. വെസ്റ്റിൻഡീസിലെ സ്ലോ പിച്ചിൽ നിന്ന് അയർലണ്ടിലെ ബാറ്റിംഗ് പിച്ചിലേക്ക് കളി മാറുമ്പോൾ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്. 2022 ൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സഞ്ജു അർദ്ധ സെഞ്ച്വറി നേടിയത്.

അന്നത്തെ ആദ്യ മത്സരം മഴ മൂലം തടസ്സപ്പെട്ടപ്പോൾ 12 ഓവർ വീതം എന്ന നിലയിൽ കളി ചുരുക്കിയിരുന്നു. 12 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് 108 റൺസ് അടിച്ചപ്പോൾ ഇന്ത്യ 9 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ആദ്യം മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ദീപക് ഹൂഡയാണ് 47 റൺസെടുത്ത് ടോപ്പ് സ്കോററായത്. ദിനേശ് കാർത്തിക് വിക്കറ്റ് കീപ്പറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ടാം മത്സരത്തിൽ സഞ്ജുവിനെ ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറക്കി.

മൂന്നാം നമ്പറിൽ എത്തിയ ദീപക് ഹൂഡയ്ക്കൊപ്പം സഞ്ജു മികച്ച പ്രകടനം അന്ന് കാഴ്ചവച്ചിരുന്നു. 104 റൺസ് 57 പന്തിൽ ദീപക് ഹൂഡ നേടിയപ്പോൾ സഞ്ജു 42 പന്തിൽ 77 റൺസ് നേടുകയായിരുന്നു. ഇരുവരും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ ടീം 20 ഓവറിൽ 225 റൺസ് അടിച്ചെങ്കിലും അയർലൻഡ് 20 ഓവറിൽ 224 റൺസ് എടുത്തു. അന്നത്തെ കളിയിൽ നാലു റൺസിനായിരുന്നു ഇന്ത്യ ജയിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസപ്പടി വിവാദത്തിൽ തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി സെക്രട്ടറി വിശദമായി കാര്യങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

അതേസമയം, വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മന്ത്രി റിയാസും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് കോട്ടയം അഡീഷനൽ സബ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസിലാണ് ജെയ്ക്കിന് ജാമ്യം ലഭിച്ചത്. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്ക്.

2012ൽ എംജി സർവകലാശാലയിലേക്കു യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിനു നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ് കേസ്. കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ജെയ്ക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

വരണാധികാരി കോട്ടയം ആർഡിഒ വിനോദ് രാജ് മുൻപാകെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിനു കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിചേർക്കും. കെ കെ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരെയുമാണ് കേസിൽ പ്രതി ചേർക്കുന്നത്. അതേസമയം, നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും.

ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ഹർഷീന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു. ഈ അന്വേഷണങ്ങൾ അനുകൂലമായിരുന്നില്ല. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഹർഷീന ആരോപിച്ചിരുന്നു.

തിരുവനന്തപുരം : കൈതോലപായ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. ശക്തിധരന്റെ പുതിയ ആരോപണം അദ്ദേഹത്തിന്റെ ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നാണ് മന്ത്രി വിമർശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പി രാജീവും പണം കൊണ്ടുപോയെന്ന വെളിപ്പെടുത്തലാണ് ശശിധരൻ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്.

2.35 കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന മുൻപത്തെ ആരോപണത്തിന് തുടർച്ചയായാണ് പണം കൊണ്ടു പോയവർ ആരൊക്കെയെന്ന പേര് വെളിപ്പെടുത്തി ശക്തിധരൻ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് അയാൾ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തിന് ശക്തിധരൻ സഹകരിക്കുന്നില്ലെന്ന് കാണിച്ചു അന്വേഷണസംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ശക്തിധരനെത്തിയത്.

ന്യൂ ഡൽഹി : ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേര് കേന്ദ്രസർക്കാർ മാറ്റിയ സംഭവത്തെ കോൺഗ്രസ് എം പി രാഹുൽഗാന്ധി വിമർശിച്ചു. ‘നെഹ്റു തന്റെ പേര് കൊണ്ടല്ല അറിയപ്പെട്ടത്, അദ്ദേഹം ചെയ്ത പ്രവർത്തികളുടെ പേരിലാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. നെഹ്റു മെമ്മോറിയൽ ആൻഡ് മ്യൂസിയം ലൈബ്രറി എന്ന പേര് മാറ്റി പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്.

സംഭവത്തെ പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്നു തീൻ മൂർത്തി ഭവനിൽ സ്ഥാപിച്ച നെഹ്റു മെമ്മോറിയൽ ആൻഡ് മ്യൂസിയം ലൈബ്രറിയുടെ പേരാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിക്കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയത്.

ഇതിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നെഹ്റുവിന്റെ പൈതൃകത്തെ നശിപ്പിക്കാനും വളച്ചൊടിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ബിജെപി ഈ ശ്രമം നടത്തിയതെന്നാണ് കോൺഗ്രസ് സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ബിജെപി ഗവൺമെന്റ് എന്തൊക്കെ നടപടികൾ സ്വീകരിച്ചാലും നെഹ്റുവിന്റെ പൈതൃകം ലോകത്ത് നിലനിൽക്കുമെന്നും വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.