പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിചേർക്കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിചേർക്കും. കെ കെ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരെയുമാണ് കേസിൽ പ്രതി ചേർക്കുന്നത്. അതേസമയം, നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും.

ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ഹർഷീന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു. ഈ അന്വേഷണങ്ങൾ അനുകൂലമായിരുന്നില്ല. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഹർഷീന ആരോപിച്ചിരുന്നു.