Recent Posts (Page 563)

തിരുവനന്തപുരം : കേരളത്തിൽ ഗുരുതമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നത തലയോഗം ചേരും. യോഗത്തിൽ സ്മാർട്ട് മീറ്റർ പദ്ധതിയും ചർച്ചയാവും. കരാർ നീട്ടിയിട്ടും കമ്പനികൾ ഇതുവരെയും വൈദ്യുതി നൽകാൻ തയ്യാറായിട്ടില്ല. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങണമോ വൈദ്യുതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്നത് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. സംസ്ഥാനത്തെ വൈദ്യുതിയുടെ അപര്യാപ്തത ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് യോഗത്തിന്റെ പ്രധാന വിഷയം.

റെഗുലേറ്ററി കമ്മീഷൻ കരാർ നീട്ടാനായി അനുമതി നൽകിയെങ്കിലും രാജ്യത്തെ ഊർജ്ജ പ്രതിസന്ധി കാരണം കരാറിലെ പഴയ വിലയ്ക്ക് വൈദ്യുതി നൽകാനാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഷോർട്ടേജ് നിലനിൽക്കുന്നതിനാൽ യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലാണ് വൈദ്യുതിയുടെ വില. കഴിഞ്ഞ ദിവസമാണ് 500 മെഗാ വാട്ടിലധികം വൈദ്യുതി യൂണിറ്റിന് 10 രൂപ നിരക്കിൽ വാങ്ങിയത്. ഇതിലൂടെ 240 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. ഇതോടൊപ്പം കേന്ദ്രനിലയങ്ങളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും അപ്രതീക്ഷിതമായ കുറവുണ്ടായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഈ രീതിയിൽ പോയാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെഎസ്ഇബിയിലെ തന്നെ സംഘടനകളും സിപിഐഎം കേന്ദ്ര നേതൃത്വവും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ടോട്ടക്സ് മാതൃക മുഖ്യമന്ത്രിക്കും താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഇതിന് ബദലായുള്ള മാർഗത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിൽ എടുത്തേക്കും.

യു പി ഐ ലൈറ്റിന്റെ പരിധി 200 ൽ നിന്ന് 500 ലേക്കാക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പിൻ നമ്പറില്ലാതെ ഫോൺ വഴി പണമിടപാട് നടത്താവുന്ന ടെക്നോളജിയാണിത്. യു പി ഐ ലൈറ്റിൽ ഇടപാട് നടത്താനുള്ള മിനിമം പരിധി 500 രൂപയാക്കിയ മാറ്റം കഴിഞ്ഞ ദിവസത്തോട് കൂടി നിലവിൽ വന്നിരിക്കുകയാണ്. വിവിധ ഇടപാടുകളിലായി ഒരു ദിവസം കൈ മാറാനുള്ള തുകയുടെ മൊത്തം പരിധി 2000 രൂപയായി തന്നെ തുടരും.

ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫോൺ പേ പോലുള്ള ആപ്പുകളിലെ വാലറ്റിലേക്ക് ആദ്യം യു പി ഐ ഇടപാട് നടത്താൻ പണം നിക്ഷേപിക്കേണ്ടതായുണ്ട്. 500 രൂപ വരെയുള്ള ഇടപാട് നടത്താൻ പിൻ നമ്പറിന്റെ ആവശ്യമില്ല. 2000 രൂപയാണ് മിനിമം വാലറ്റിൽ സൂക്ഷിക്കാൻ കഴിയുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ നിയർ ഫീൽഡ് കമ്മ്യുണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു പി ഐ ഇടപാട് നടത്താനുള്ള സൗകര്യം റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ചെന്നൈ : തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഡി എം കെ. ബിജെപിയുടെയും എ ഐ എ ഡി എം കെയുടെയും മുൻ മന്ത്രികൾക്കെതിരെയുള്ള കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഒരുപോലെയല്ല നടപടി സ്വീകരിക്കുന്നതെന്നും ചില കേസുകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും ഡി എം കെ ആരോപിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടി എടുക്കുന്ന നീക്കത്തിൽ പരിഹാരം വേണമെങ്കിൽ സുപ്രീംകോടതി തന്നെ വേണമെന്നായിരുന്നു ഡിഎംകെ സംഘടനാ സെക്രട്ടറി ആർ ഭാരതി അഭിപ്രായപ്പെട്ടത്.

വെങ്കിടേഷ് നേരത്തെ എടുത്ത പല നടപടികളും സുപ്രീംകോടതി തള്ളിയിട്ടുള്ളതായും പ്രത്യേക കോടതിയിലെ ജഡ്ജിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഭാരതി കൂട്ടിച്ചേർത്തു. കരുണാനിധി മന്ത്രിസഭയിൽ 2011 മുതൽ 2016 കാലത്ത് മന്ത്രിയായിരിക്കെ തങ്കം തെന്നരഷും കെ കെ എസ് എസ് ആർ രാമചന്ദ്രനും വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയലളിത സർക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് കുറ്റപത്രം നൽകിയതാണ്.

എന്നാൽ രണ്ടു മന്ത്രിമാരുടെയും സ്വത്ത് കണക്കുകൂട്ടിയതിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു. പുതിയ കണക്കുകൾ വിലയിരുത്തിയ ശേഷം കോടതി മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയിരുന്നു. എന്നാൽ കീഴ് കോടതി അതിവേഗം നടപടികൾ പൂർത്തീകരിച്ചതിനാൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വെങ്കിടേഷ് കോടതിയുടെ വിധി പുനഃ പരിശോധിക്കാനായി ഒരുങ്ങുന്നത്.

തിരുവനന്തപുരം : മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. വീണക്കെതിരെയുള്ള അന്വേഷണത്തിനായുള്ള മുറവിളി യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. എക്സാ ലോജിക് കമ്പനിയുടെ ഡയറക്ടറായ വീണയ്ക്ക് 1.75 കോടി രൂപ ലഭിച്ചത് വളരെ സുതാര്യമായ രീതിയിലാണ്. ഈ തുകയ്ക്ക് കൃത്യമായ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളെയും അയാളുടെ കമ്പനിയും പറ്റി പരാമർശം ഉയരുമ്പോൾ അയാളുടെ ഭാഗം കേൾക്കാനുള്ള സ്വാഭാവിക നീതി കേസിൽ ഉണ്ടായില്ല.

ഇതിനെതിരെയാണ് സത്യത്തിൽ വിമർശനങ്ങൾ ഉയരേണ്ടത്. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ ഒരു പൊതു സേവകർക്കും പങ്കില്ല. സി എം ആർ എൽ കമ്പനിക്ക് വേണ്ടി ഒരു പൊതു സേവകരും ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായ രേഖകളുമില്ല. അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തണമെങ്കിൽ വ്യക്തമായ തെളിവ് വേണം. ഇവിടെ അത്തരത്തിൽ ഒരു പൊതു സേവകരും നിയമം ലംഘിച്ചിട്ടില്ല.ഇതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നടത്തണമെന്ന് വാശി പിടിക്കുന്നതിൽ കഴമ്പില്ലെന്നാണ് ദേശാഭിമാനി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം : തിരുവോണദിവസം സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണി കഞ്ഞി സത്യാഗ്രഹം നടത്താനൊരുങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി. കർഷകർക്കെതിരെയുള്ള സർക്കാരിന്റെ വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് എംപി അഭിപ്രായപ്പെട്ടു. തിരുവോണദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പട്ടിണി കഞ്ഞി സത്യാഗ്രഹം. കേരളത്തിലെ 360 കോടി നെൽ കർഷകർക്ക് ഇനിയും സർക്കാർ നെല്ല് വില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപ നൽകേണ്ട കണക്കിൽ സർക്കാർ കർഷകർക്ക് നൽകിയിരിക്കുന്നത് 7.92 രൂപയാണ്. ഇത് കർഷകരെ വഞ്ചിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ സുരേഷ് ആരോപിച്ചു.

ഫെബ്രുവരിയിൽ കുട്ടനാട്ടിൽ കൊയ്ത്താണെന്ന് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. എന്നിട്ടും 7 മാസം മാത്രം അവശേഷിക്കുമ്പോൾ 28% പണം മാത്രം നൽകുന്ന നടപടി കർഷകരെ അവഹേളിക്കുന്നതാണ്. ബാങ്കുകളുടെ കൺസോർഷ്യവുമായോ കേരള ബാങ്കുമായോ ചർച്ച നടത്തിയിരുന്നുവെങ്കിൽ തന്നെ സർക്കാരിന് പണം നൽകാൻ കഴിയുമായിരുന്നു. നെല്ല് സംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകർക്ക് തിരിച്ചടിയാണ്. നെല്ല് സംഭരണത്തിലും അഴിമതി കൊണ്ടുവരാൻ പോകുന്ന സർക്കാരിന്റെ ശ്രമത്തെ കോൺഗ്രസ് എതിർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഓഗസ്റ്റ് 31 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എം എൽ എയും മുൻ മന്ത്രിയുമായ എ സി മൊയ് തീന്റെ വീട്ടിലുൾപ്പെടെ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ 15 കോടിയുടെ സ്വത്ത് വകകൾ കണ്ടെത്തിയതായും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇ ഡി വ്യക്തമാക്കിയിരുന്നു.

ബാങ്കിന്റെ മാനേജറായിരുന്ന ബിജു കരീമും മൊയ്തീനും തമ്മിലുള്ള പണമിടപാടിന്റെ ഫോൺ സംഭാഷണത്തിൽ നിന്ന് മൊയ്തീൻ പറഞ്ഞവർക്ക് കോടിക്കണക്കിന് വായ്‌പ അനുവദിച്ചത് കണ്ടെത്തിയതായും ഇ ഡി പറഞ്ഞു. കേസിലുൾപ്പെട്ട അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരുടെ വീട്ടിലും റെയ്ഡ് നടത്തിയ ഇ ഡി ഇവരെല്ലാം മൊയ്തീന്റെ ബിനാമികളാണെന്ന് വ്യക്തമാക്കി. കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് 150 കോടി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

മുംബൈ : അജിത് പവാറാണ് ഞങ്ങളുടെ നേതാവെന്നും എൻസിപി പിളർന്നിട്ടില്ലെന്നും വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിൽ പലതരത്തിലുള്ള ആളുകൾ ഉള്ളതിനാൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിനെ പിളർപ്പായി കാണാനാവില്ലെന്നും ജനാധിപത്യത്തിൽ അവർക്കങ്ങനെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. പാർട്ടിയിൽനിന്ന് ഒരു വലിയ വിഭാഗം ദേശീയതലത്തിൽ വേർപിരിയുന്നതിനെയാണ് പിളർപ്പെന്ന് പറയുന്നത്. പക്ഷേ എൻ സി പിയിൽ അങ്ങനെ സംഭവിച്ചിട്ടില്ല.

എന്നാൽ പാർട്ടിയിൽ ആളുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്നത് ശരിയാണ്. ജനാധിപത്യത്തിൽ അവർക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ അവകാശം ഉള്ളതിനാൽ അതിനെ പിളർപ്പെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം വിമത വിഭാഗവുമായി പിളർപ്പിന് ശേഷം ശരദ് പവാർ ആശയ വിനിമയം നടത്തിയതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് ശരദ് പവാറിന്റെ അജിത്ത് പവാറിനെയും കൂട്ടരെയും തള്ളാതെയുള്ള പുതിയ പ്രസ്താവന. എൻ സി പി പാർട്ടിയിൽ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു. അത് പ്രകാരമായിരുന്നു അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നൽകിയത്. എന്നാൽ ഇ ഡി യെ വച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ആ സ്ഥാനം നൽകിയതെന്നാരോപിച്ച് ശരദ് പവാർ പിന്നീട് രംഗത്ത് വന്നിരുന്നു.

അടുത്തിടെയാണ് അജിത് പവാറും ശരദ് പവാറും മുംബൈയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാറിന് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അതിന് ശേഷം വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുംബൈയിൽ വച്ച് ഈ മാസം അവസാനം യോഗം നടത്താനിരിക്കുകയാണ്. ഈ സമയത്ത് ശരദ് പവാറിന്റെ ഈ കൂടികാഴ്ച്ച ഇന്ത്യ സഖ്യത്തിൽ ചർച്ച ആയിരിക്കുകയാണ്.

ആരോഗ്യത്തിന് അത്യുത്തമമാണ് മുളപ്പിച്ച പയർ. പ്രോട്ടിന്റെ കലവറയാണ് പയറുവർഗങ്ങൾ. അമിനോ ആസിഡുകൾ പോലുള്ള പ്രോട്ടീനുകൾ പയറുവർഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറയ്ക്കാൻ പയറു വർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.

മുളപ്പിച്ച പയറിൽ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും പയർ കഴിക്കുന്നത് പ്രയോജനപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും മുലപ്പിച്ച പയർ സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ളവർ മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം മികച്ച ഭക്ഷണമാണിത്. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡൻറുകൾ മുളപ്പിച്ച പയറിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ചെക്ക് പോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാൽ, മീൻ, മാംസം, പലചരക്കു സാധനങ്ങൾ എന്നിവ ചെക്ക് പോസ്റ്റിൽ തന്നെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി.

മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കും.

പത്തനംതിട്ട ജില്ലയിലെ ശർക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ഇന്ത്യയിലേക്ക് വരാൻ പോകുന്നതായി വാർത്തകൾ പുറത്തു വരുന്നു. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ നിരക്കിലെത്തിക്കുന്ന സ്പേസ് എക്‌സിന്റെ പദ്ധതിയാണ് സ്റ്റാർ ലിങ്ക്. കഴിഞ്ഞ വർഷം കമ്പനി ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനോട് ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യുണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിന് അപേക്ഷിച്ചിരുന്നു. ഈ സെപ്റ്റംബർ 20 ന് ഇത് സംബന്ധിച്ച യോഗം ചേരുമെന്നാണ് ടെലി കമ്മ്യുണിക്കേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കുന്നത്.

അമേരിക്കൻ സന്ദർശനത്തിനിടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എലോൺ മസ്ക്കുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. അന്ന് സ്റ്റാർലിങ്ക് ഇന്ത്യയിൽ കൊണ്ട് വരാൻ ആഗ്രഹിക്കുന്നതായി എലോൺ മസ്ക് പറഞ്ഞിരുന്നു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും സ്റ്റാർ ലിങ്ക് അവതരിപ്പിക്കുമെന്നുമായിരുന്നു മസ്ക് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സ്റ്റാർലിങ്ക് പദ്ധതി വന്നാൽ ഇന്ത്യയിലെ ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാനും സാങ്കേതിക വിദ്യ വികസിപ്പിക്കാനും കഴിയുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.