Recent Posts (Page 565)

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. അവശ്യ സാധനങ്ങളുടെ വില വർധനവുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഇത്തവണ പട്ടിണി ഓണമാണെന്നും സിവിൽ സപ്ലൈസ് വകുപ്പ് ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വീണ വിജയനെതിരായ ആരോപണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആരോപണത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ വിഷയം അവതരിപ്പിക്കും. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസപ്പടി ആരോപണം ഗൗരവത്തിൽ അന്വേഷിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാം. പാർട്ടി പ്രവർത്തനത്തിനായി നേതാക്കൾക്കും സംഭാവനകൾ വാങ്ങാം. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെ ഭീകര പ്രദേശമാക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊലീസ് കൊലയാളികൾ ആകുന്ന അവസ്ഥയാണ്. ആരോപണവിധേയരായ പൊലീസുകാരെ സംരക്ഷിക്കരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നുള്ള മഹാപഞ്ചായത്തിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സുപ്രീംകോടതി. മുസ്ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണമെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങളിൽ അന്വേഷണം നടത്താനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്റെ ആഹ്വാനത്തിന് എതിരെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

മുസ്ലിം വിഭാഗക്കാരുടെ കച്ചവടസ്ഥാപനങ്ങളിൽ പോകരുതെന്നടക്കമാണ് മഹാപഞ്ചായത്തിൽ നിർദ്ദേശിച്ചിരുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദ്വേഷ പ്രസംഗം ആർക്കും നല്ലതിനല്ലെന്നും ആർക്കുമത് അംഗീകരിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

താനൂർ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്. താനൂർ കസ്റ്റഡി മരണത്തിൽ പങ്കാളികളായ മലപ്പുറം എസ്. പി ഉൾപ്പെടെയുള്ളവർക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി താനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരിൽ മാന്യഷരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിർ ജിഫ്രിയെ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവർക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്. പി. യെ സസ്പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തല്ക്കാലം കണ്ണിൽപ്പൊടി ഇടാൻ വേണ്ടിയാണ് ഇപ്പോൾ എട്ട് പൊലീസുകാർക്കെതിരെയുള്ള സസ്‌പെൻഷൻ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ്റ്റഡിയിൽ പൊലീസ് കൊന്നത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് പോലീസുകാരുടെ ചീട്ടുകളിയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണ്. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് എസ്. പി. സുജിത് ദാസ് ഐ. പി. എസ്. ശ്രമിക്കുന്നത്. മലപ്പുറം ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് വരുത്തി തീർക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സമയവും സ്ഥലവും തെറ്റായാണ് ഈ എസ്. പി. മാധ്യമങ്ങളോട് പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനമൈത്രി പോലീസല്ല, ഗുണ്ട മൈത്രി പോലീസാണ് കേരളത്തിലുള്ളത്. ലഹരി വേട്ടയുടെ പേരിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ ഡാൻസാഫ് ക്രൂരമായി മർദ്ദിക്കുകയാണ്. എസ്. പി. യെ സസ്പെൻഡ് ചെയ്താൽ മാത്രമേ സി.ബി.ഐ. അന്വേഷണം നിഷ്പക്ഷമാകൂ. ഈ സർക്കാർ വന്നതിനു ശേഷം നിരവധി കസ്റ്റഡി മരണങ്ങൾ നടന്നു. സർക്കാർ മനോവീര്യമുണ്ടാക്കുന്നത് പൊലീസിലെ കൊലയാളി സംഘങ്ങൾക്കാണെന്നും മനുഷ്യരെ അടിച്ചു കൊല്ലുന്നത് പോലീസിന് ഒരു ലഹരിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

അന്തരിച്ച സംവിധായകൻ സിദ്ധിഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ സൂര്യ. സൂര്യയും നിർമാതാവ് ചന്ദ്രശേഖറും സിദ്ധിഖിന്റെ കാക്കനാടുള്ള വീട്ടിലാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനെത്തിയത്. ഏറെ നേരം കുടുംബത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് നടൻ തിരികെ പോയത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ഫ്രണ്ട്സ് തമിഴിൽ എടുത്തപ്പോൾ സിദ്ധിഖ് കാസ്റ്റ് ചെയ്തത് യുവ താരങ്ങളായ വിജയ്യെയും സുര്യയെയും ആയിരുന്നു. നീണ്ട നാളുകൾക്ക് ശേഷം സിനിമയിൽ എത്തിയ സൂര്യയ്ക്ക് കരിയറിലെ മികച്ച ബ്രേക്ക് ഫ്രണ്ട്‌സ് സിനിമ നൽകി.

പകരം വയ്ക്കാനാവാത്ത നഷ്ടമാണ് സിദ്ധിഖിന്റെ വിടവാങ്ങലെന്നാണ് സൂര്യ ട്വിറ്ററിൽ കുറിച്ചത്. ഒരു സീനിൽ നമ്മുടെ ചെറിയ സംഭാവനയെപ്പോലും അഭിനന്ദിക്കുന്ന സംവിധായകനായിരുന്നു സിദ്ധിഖ് സർ. അദ്ദേഹം നമ്മളെ എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. എന്റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ ഓർമ്മകൾ ഞാൻ എന്റെ ജീവിതത്തിൽ നിലനിർത്തും എന്നായിരുന്നു സൂര്യ ട്വിറ്ററിൽ കുറിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ 30 വനിതാ തടവുകാരെ നിയമിക്കുന്നതെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനിൽ തൊഴിലെടുക്കുന്നത് തടവുകാരായ സ്ത്രീകളാണ്. പ്രതിമാസം 6,000 രൂപ ഇവർക്ക് ശമ്പളം ലഭിക്കും.

തമിഴ്നാട് ജയിൽ വകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പുഴൽ സെൻട്രൽ ജയിലിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിന് സമീപമാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തടവുകാരായ സ്ത്രീകൾക്ക് പുതിയ കഴിവുകൾ പഠിക്കാനും തൊഴിൽ പരിചയം നേടാനും പുതിയ സംരംഭം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറ്റവാളികളായ സ്ത്രീകളുടെ പുനരധിവാസത്തിനും സമൂഹവുമായുള്ള പുനരൈക്യത്തിനും സംരംഭം സഹായിക്കുമെന്നും ജയിൽ ഡിജിപി വ്യക്തമാക്കി. ജയിൽ മോചിതരായ ശേഷം അവർക്ക് തൊഴിൽ കണ്ടെത്താനും സംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുഴൽ, വെല്ലൂർ, കോയമ്പത്തൂർ, പാളയംകോട്ട, പുതുക്കോട്ട എന്നിവിടങ്ങളിൽ സെൻട്രൽ ജയിൽ പരിസരത്ത് 5 പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി.

സോഴ്സ് ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു വാഗ്ദാനങ്ങളും മറ്റും നൽകി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്ന നിരവധി എപികെ ആപ്പുകളെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ്പാണ് സേഫ് ചാറ്റ്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ മാൽവെയറുള്ള ഫേക്ക് ആൻഡ്രോയ്ഡ് ചാറ്റിങ് ആപ്പ് ദക്ഷിണേക്ഷ്യയിലെ ഉപയോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൈഫിർമയെന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് സേഫ് ചാറ്റ് എന്ന ഈ മാൽവെയർ ആപ്പിനെ കണ്ടെത്തിയത്.

സേഫ് ചാറ്റിന് ടെലഗ്രാം, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സിഗ്നൽ, ഫൈബർ എന്നിവയിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സേഫ് ചാറ്റ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾ ആക്സസ് അനുമതി നൽകുന്നതോടെ ഹാക്കർമാർക്ക് ഉപകരണത്തിന്റെ പൂർണ നിയന്ത്രണം ലഭിക്കുമെന്ന വിവരങ്ങളാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി കെ വി തോമസ്. ബംഗളൂരു , ചെന്നൈ , ഡൽഹി, കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പ്രത്യേക തീവണ്ടികൾ വേണമെന്ന ആവശ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും കെ വി തോമസ് അറിയിച്ചു. അതേസമയം, മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയിലാണ് വിമർശനം.

ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തത വേണമെന്ന് ഇടക്കാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്നായിരുന്നു മൂന്നംഗ ബഞ്ചിന്റെ വിമർശനം. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത വ്യക്തമാക്കി.

അതേസമയം, ഹർജിക്കാരന്റെ അഭിഭാഷകനെ കൊണ്ട് ഡിവിഷൻ ബഞ്ച് ഉത്തരവ് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചു. കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സ്‌പെഷ്യൽ’പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

ന്യൂ ഡൽഹി : പാർലമെന്റിലെ മോദിയുടെ പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയക്കാരനെ പോലെ വെറും രണ്ട് മിനിട്ട് സമയമാണ് മോദി സംസാരിച്ചത്. 2 മണിക്കൂറും 13 മിനിട്ടും നീണ്ട് നിന്ന പ്രസംഗത്തിൽ മോദി മണിപ്പൂരിനെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല. മണിപ്പൂർ മാസങ്ങളായി കത്തികൊണ്ടിരിക്കുകയാണ്. ബലാത്സംഗങ്ങൾ നടക്കുന്നു, മനുഷ്യർ മരിച്ച് വീഴുന്നു ,പക്ഷേ പ്രധാനമന്ത്രി ചിരിക്കുകയാണ്- എന്നായിരുന്നു രാഹുലിന്റെ വിമർശനം.

ഇന്ത്യൻ സൈന്യം വിചാരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ മണിപ്പൂർ കലാപം നിർത്താനാകുമെന്നും എന്നാൽ പ്രധാനമന്ത്രി തീ കെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടി ചേർത്തു. അപകീർത്തി കേസിൽ സുപ്രീം കോടതി വിധി വന്ന് ലോക്സഭാംഗത്വം തിരിച്ച് കിട്ടിയതോടെ രാഹുൽ ഗാന്ധി പാർലമെന്റിൽ സജീവമാകുന്നതിന്റെ തെളിവാണ് മോദിക്കെതിരെയുള്ള പുതിയ വിമർശനം.

ന്യൂഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബില്ലാണിത്. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ അടിമുടി മാറും. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അമിത് ഷാ അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത തുടങ്ങിയ ബില്ലുകൾ അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചു. 1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വിശദീകരിച്ചു.

ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവയാണ് ഭാരതീയ സാക്ഷ്യ സംഹിതയിൽ വ്യവസ്ഥ ചെയ്യുന്നത്.