ഐഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി

ഉപഭോക്താക്കൾ ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിൽ കിടന്നുറങ്ങരുതെന്ന മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി. ഒരു സർവീസ് അറിയിപ്പായാണ് ആപ്പിൾ ശരിയായ രീതിയിൽ ചാർജ് ചെയ്യുന്നതിന്റെയും ചാർജിങ് ചെയ്യുന്ന ഫോണിന്റെ അടുത്ത് കിടന്നുറങ്ങുന്നതിന്റെയും ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കിടന്നാൽ തീപിടുത്തം, വൈദ്യുതാഘാതം, പരിക്ക്, ഉപകരണങ്ങൾക്ക് കേടുപാടുകൾ തുടങ്ങിയവ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ആപ്പിൾ കമ്പനി നൽകുന്നത്. അപകടം ഒഴിവാക്കാനായി നല്ല വെന്റിലേഷനുള്ള ഭാഗത്ത് മാത്രം ഫോൺ ചാർജ് ചെയ്യാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

പുതപ്പിന്റെയോ തലയണയുടെയോ അടിയിൽ ചാർജ് ചെയ്താൽ ഉപകരണം അമിതമായി ചൂടാകുമെന്ന വസ്തുതയും ആപ്പിൾ പറയുന്നുണ്ട്. ആപ്പിൾ ഫോണിന്റേതല്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് പറയുന്നതിനോടൊപ്പം അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന കേബിൾ തിരഞ്ഞെടുക്കാനും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേടായ ചാർജറുകൾ ഉപയോഗിക്കരുതെന്നും പറഞ്ഞാണ് കമ്പനി നിർദേശങ്ങൾ അവസാനിപ്പിക്കുന്നത്.