പുതുപ്പള്ളിയിൽ നടക്കുന്നത് രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരം; വി മുരളീധരൻ

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്നത് രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി ഐക്യമുന്നണി ഒരു വശത്തും ദേശീയ ജനാധിപത്യം മറുവശത്തും നിന്ന് ഏറ്റമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഐക്യമുന്നണിയിൽ രണ്ട് സ്ഥാനാർത്ഥികളുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ലിജിൻ ലാലും പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായി ഐക്യമുന്നണിയിലെ രണ്ട് സ്ഥാനാർത്ഥികളും അവരുടെ പാർട്ടികളും ആശയപരമായി യോജിപ്പിലാണെന്ന് തെളിയിച്ചു. കള്ളപ്പണ ഇടപാടുകൾ മറച്ചു പിടിക്കുന്നതിൽ ആണെങ്കിലും അഴിമതി മൂടിവെയ്ക്കുന്ന കാര്യത്തിലാണെങ്കിലും വിശ്വാസികളെ അവഹേളിക്കുന്ന കാര്യത്തിലാണെങ്കിലും ഇരു പാർട്ടികളും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, അതിനെതിരായിട്ടാണ് ബിജെപിയുടെ കാഴ്ചപ്പാട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ അവർ രണ്ട് പേർ സൗഹൃദ മത്സരം നടത്തുന്നു, തങ്ങൾ അവർ രണ്ടു പേരെയും ഒരുമിച്ച് എതിർക്കുന്നു. മാസപ്പടി വിവാദം ആദ്യം ഉന്നയിച്ചത് ബിജെപിയും എൻഡിഎയുമാണെന്നും വിവാദം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് പറയാൻ വി ഡി സതീശന് ഒരാഴ്ച സമയമെടുക്കേണ്ടി വന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.