ഡൽഹിയിലെ മ്യൂസിയത്തിന്റെ പേര് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി

ന്യൂ ഡൽഹി : ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേര് കേന്ദ്രസർക്കാർ മാറ്റിയ സംഭവത്തെ കോൺഗ്രസ് എം പി രാഹുൽഗാന്ധി വിമർശിച്ചു. ‘നെഹ്റു തന്റെ പേര് കൊണ്ടല്ല അറിയപ്പെട്ടത്, അദ്ദേഹം ചെയ്ത പ്രവർത്തികളുടെ പേരിലാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. നെഹ്റു മെമ്മോറിയൽ ആൻഡ് മ്യൂസിയം ലൈബ്രറി എന്ന പേര് മാറ്റി പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്.

സംഭവത്തെ പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്നു തീൻ മൂർത്തി ഭവനിൽ സ്ഥാപിച്ച നെഹ്റു മെമ്മോറിയൽ ആൻഡ് മ്യൂസിയം ലൈബ്രറിയുടെ പേരാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിക്കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയത്.

ഇതിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നെഹ്റുവിന്റെ പൈതൃകത്തെ നശിപ്പിക്കാനും വളച്ചൊടിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ബിജെപി ഈ ശ്രമം നടത്തിയതെന്നാണ് കോൺഗ്രസ് സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ബിജെപി ഗവൺമെന്റ് എന്തൊക്കെ നടപടികൾ സ്വീകരിച്ചാലും നെഹ്റുവിന്റെ പൈതൃകം ലോകത്ത് നിലനിൽക്കുമെന്നും വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.