വൈദ്യുതി പ്രതിസന്ധി; ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ ലോഡ്‌ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെഎസ്ഇബി. ലോഡ്‌ഷെഡിംഗിലേക്ക് പോകേണ്ടെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനം.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ബദൽ നടപടികളുമായി മുന്നോട്ടു വരാൻ ബോർഡിനോട് ആവശ്യപ്പെട്ട സർക്കാർ ലോഡ് ഷെഡിംഗ് നടപ്പാക്കാനുള്ള കെഎസ്ഇബിയുടെ നിർദ്ദേശം നിരസിക്കുകയായിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ബോർഡ് അധികൃതരുമായി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ജനങ്ങളുടെ എസി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഉപയോഗത്തിൽ കുറവ് വരില്ലെന്നും കെഎസ്ഇബി അറിയിച്ചിട്ടുള്ളത്.

ഇന്നലത്തെ ഉപഭോഗം വീണ്ടും റെക്കോർഡിട്ടു. മാക്‌സിമം ഡിമാന്റ് 5854 മെഗാവാട്ടായി. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റ്. ഉപഭോക്താക്കൾ സഹകരിച്ചാൽ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്‌ന പരിഹാരത്തിനായി പൊതുജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. പൊതുജനങ്ങൾ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മണി മുതൽ പുലർച്ചെ 2 മണിവരെയുള്ള സമയത്ത് കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സാങ്കേതിക കാരണത്താൽ വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി. ഓഫീസുകളിൽ ബഹളം ഉണ്ടാക്കുന്നതും, ജീവനക്കാരരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതി മേഖലയുടെ പ്രവർത്തനം താറുമാറാക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.