ജിതേഷ് ശർമ്മ ഭീഷണിയാകില്ല ;അയർലൻഡിനെതിരെ കീപ്പറായി സഞ്ജുവെത്തും

പേസർ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം 3 മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയ്ക്കായി അയർലൻഡിലെത്തി. പരിക്ക് മൂലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഏറെ നാളായി വിട്ട് നിന്നിരുന്ന ബുമ്രയുടെ തിരിച്ചു വരവിന് ഇതോടെ അയർലൻഡ് വേദിയാകും. ഇന്ത്യൻ ടീമിലെ യുവ താര നിരയാണ് അയർലൻഡിലെ മാച്ചിനെ നേരിടാൻ പോകുന്നത്.

ഐ പി എല്ലിൽ മികവ് തെളിയിച്ച റിങ്കു സിംഗ്, ജിതേഷ് ശർമ തുടങ്ങിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ കപ്പ് , ഏകദിന ലോകകപ്പ് എന്നീ മത്സരങ്ങൾക്കുള്ള സെലക്ഷൻ ട്രയൽസ് കൂടിയാകും ഈ മത്സരങ്ങൾ. ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30 നാണ് കളി നടക്കുന്നത്. ബാക്കി രണ്ട് മത്സരങ്ങൾ 20, 23 എന്നീ തീയതികളിൽ നടക്കും.

ഇഷാൻ കിഷന് വിശ്രമം പറഞ്ഞിരിക്കുന്നതിനാൽ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്നത് സഞ്ജുവോ ജിതേഷ് ശർമയോ ആയിരിക്കും. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി -20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിയാത്തതിനാൽ ഏഷ്യ കപ്പിലേക്കും ഏകദിന ലോക കപ്പിലേക്കും അവസരം ലഭിക്കണമെങ്കിൽ സഞ്ജുവിന് ഈ മത്സരത്തിൽ മികവ് തെളിയിക്കേണ്ടി വരും.