മാസപ്പടി വിവാദം; തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസപ്പടി വിവാദത്തിൽ തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി സെക്രട്ടറി വിശദമായി കാര്യങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

അതേസമയം, വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മന്ത്രി റിയാസും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.