വിമർശകരുടെ വായടപ്പിക്കാനായി സഞ്ജു വീണ്ടും കളത്തിലിറങ്ങുന്നു

ടി – 20 പരമ്പരയിലെ അയർലൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. വെസ്റ്റിൻഡീസിലെ സ്ലോ പിച്ചിൽ നിന്ന് അയർലണ്ടിലെ ബാറ്റിംഗ് പിച്ചിലേക്ക് കളി മാറുമ്പോൾ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്. 2022 ൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സഞ്ജു അർദ്ധ സെഞ്ച്വറി നേടിയത്.

അന്നത്തെ ആദ്യ മത്സരം മഴ മൂലം തടസ്സപ്പെട്ടപ്പോൾ 12 ഓവർ വീതം എന്ന നിലയിൽ കളി ചുരുക്കിയിരുന്നു. 12 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് 108 റൺസ് അടിച്ചപ്പോൾ ഇന്ത്യ 9 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ആദ്യം മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ദീപക് ഹൂഡയാണ് 47 റൺസെടുത്ത് ടോപ്പ് സ്കോററായത്. ദിനേശ് കാർത്തിക് വിക്കറ്റ് കീപ്പറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ടാം മത്സരത്തിൽ സഞ്ജുവിനെ ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറക്കി.

മൂന്നാം നമ്പറിൽ എത്തിയ ദീപക് ഹൂഡയ്ക്കൊപ്പം സഞ്ജു മികച്ച പ്രകടനം അന്ന് കാഴ്ചവച്ചിരുന്നു. 104 റൺസ് 57 പന്തിൽ ദീപക് ഹൂഡ നേടിയപ്പോൾ സഞ്ജു 42 പന്തിൽ 77 റൺസ് നേടുകയായിരുന്നു. ഇരുവരും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ ടീം 20 ഓവറിൽ 225 റൺസ് അടിച്ചെങ്കിലും അയർലൻഡ് 20 ഓവറിൽ 224 റൺസ് എടുത്തു. അന്നത്തെ കളിയിൽ നാലു റൺസിനായിരുന്നു ഇന്ത്യ ജയിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.