നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കെ മുരളീധരന്‍

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണ്.അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ പറഞ്ഞു.ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല.

എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.