Politics (Page 585)

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ഏറ്റത് കനത്ത പ്രഹരം. 24 ല്‍ 18 സീറ്റ് കഴിഞ്ഞ തവണ ലീഗ് പിടിച്ചപ്പോള്‍ ഇത്തവണ 27 ല്‍ 15 മാത്രമാണുള്ളത്. സിറ്റിംഗ് സീറ്റുകള്‍ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റില്‍ പോലും ജയിക്കാനും ആയില്ല. അവ അടക്കം 12 സീറ്റുകളിലാണ് തോല്‍വി അറിഞ്ഞത്. പലയിടത്തും ലീഗ് കണക്ക് കൂട്ടിയതിലും വലിയ തോല്‍വി ആണ് സംഭവിച്ചത്. എന്താണ് സംഭവിച്ചത് എന്ന് നോക്കിയിട്ട് വിലയിരുത്തല്‍ നടത്താമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കൂടുതല്‍ തോല്‍വി ഉണ്ടാകും എന്നായിരുന്നു കെ പി എ മജീദിന്റെ പ്രതികരണം. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വം ഇടത് തരംഗത്തിലും യുഡിഎഫ് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തിലും വച്ച് കൈ കഴുകാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി യുടെ എംപി സ്ഥാനം രാജി വെച്ചുള്ള തിരിച്ച് വരവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും എല്ലാം വരും ദിവസങ്ങളില്‍ ലീഗിനുള്ളില്‍ കലാപ കൊടി ഉയര്‍ത്തും എന്ന് തീര്‍ച്ചയാണ്.

bjp

കോട്ടയം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി. പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ. ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ട്ടി പ്രതീക്ഷയും പാളി. ഇടതുമുന്നണിക്കൊപ്പമോ അൽപം കൂടുതലായോ പണമൊഴുക്കി രംഗം കൊഴുപ്പിക്കുന്നതിൽ ബിജെപി ഏറെ മുന്നിലായിരുന്നു.

എണ്ണയിട്ട യന്ത്രം പോലെ നേതാക്കൾ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും അതെല്ലാം വെറും ഉപരിപ്ലവം മാത്രമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

സംഘടനാ സംവിധാനവും പ്രവർത്തന രീതിയും പൊളിച്ചെഴുതിയില്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ ഭാവി നിലവിലെ സംവിധാനത്തിൽ നിന്ന് ഉയരില്ലെന്നുതന്നെ വേണം കരുതാൻ.അതുകൊണ്ട് തന്നെയാണ് മറ്റു മുന്നണികളെപ്പോലെ മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചതും. എന്നാൽ,അവസാനം വരെ പൊരുതിയ അദ്ദേഹത്തിനുപോലും ജയിക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വാർഡുകളിൽ മത്സരിച്ചത് അധ്യക്ഷനായി എത്തിയ കെ. സുരേന്ദ്രന്റെ നേട്ടമായി വിലയിരുത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയത്.

മത്സരിക്കുന്ന എല്ലായിടത്തും മറ്റു മുന്നണികളെപ്പോലെ പ്രവർത്തിക്കാൻ ആളുണ്ടെന്ന പ്രതീതി ഇതുവഴി ഉണ്ടാക്കി. എന്നാൽ തോന്നിപ്പിക്കലിനപ്പുറം പ്രവർത്തനം അടിത്തട്ടിലേക്ക് നീണ്ടില്ലെന്നാണ് ഫലം നൽകുന്ന സൂചന. ഒരിക്കൽക്കൂടി തകർന്നടിഞ്ഞ ദുരവസ്ഥയിലാണ് കേരളത്തിലെ എൻഡിഎയും ബിജെപിയും. പ്രചാരണരംഗത്ത് പടഹമുയർത്തിയ ബിജെപിക്കു കേരളത്തിന്റെ മനം കവരാനായില്ല. പ്രചാരണത്തിൽ തുടക്കത്തിൽ കാട്ടിയ കോലാഹലം വോട്ടായി മാറിയില്ല.

കോഴിക്കോട്: ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ച് നിന്ന് നേരിടുകയും ചെയ്ത സര്‍ക്കാരിന് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പൗരത്വവിഷയം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണെന്ന നിലയില്‍ ബോധവത്ക്കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലം, എല്ലാവര്‍ക്കും സഹായവും സാന്ത്വനവും നല്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിര്‍മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു.മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍് പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കാന്തപുരം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും. പ്രതിസന്ധികളില്‍ കേരളാജനതയ്‌ക്കൊപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനം നല്‍കിയത് സമാനതകളില്ലാത്ത വിജയമാണ്. ചരിത്രം തിരുത്തികുറിച്ച് രണ്ടാംവട്ടവും എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് നടന്നുകയറുകയായിരുന്നു. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും വിജയത്തിന് 2016നെക്കാളും പകിട്ട് ഉണ്ട്. എണ്‍പത് സീറ്റ് വരെ മാത്രം കണക്കുകൂട്ടിയ എല്‍ഡിഎഫ് പോലും ഞെട്ടിയ വിജയമായിരുന്നു സംസ്ഥാനത്തുണ്ടായത്.
പിണറായിയും,കെ കെ ശൈലജയും, എംഎം മണിയുമെല്ലാം വിജയിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ്. എന്നാല്‍ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം മുന്നണിക്ക് നഷ്ടമേകി. മന്ത്രിസഭയിലെ മൂന്നാം നമ്പര്‍ കാര്‍ ഉറപ്പിച്ച ജോസ് കെ മാണി പാലായില്‍ വീണതും, കല്‍പറ്റയില്‍ ശ്രേയാംസ് കുമാര്‍ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ,അമ്പലപ്പുഴ,കോഴിക്കോട് നോര്‍ത്ത്,തൃശൂര്‍ അടക്കം ടേം വ്യവസ്ഥയില്‍ പ്രമുഖരെ മാറ്റി രണ്ട് ഡസന്‍ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും വിജയിച്ചത് സിപിഎം ,സിപിഐ നേതൃത്വങ്ങള്‍ക്ക് ആശ്വാസമായി. എന്ത് വിലക്കൊടുത്തും തോല്പിക്കാന്‍ നേതൃത്വവും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും,അഴീക്കോടും,തൃത്താലയിലും യുഡിഎഫ് യുവനിര തോല്‍ക്കുകയായിരുന്നു.ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സിപിഐയക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തിലാണ് കരുത്തോടെ സിപിഎം വിജയിച്ചത്. 12ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.നേമത്ത് മൂന്നാമനായ കെ.മുരളീധരന് ലഭിച്ചത് 35000ത്തോളം വോട്ടുകള്‍ മാത്രം. തൃശൂരില്‍ പത്മജയുടെ തോല്‍വിയും ഇരട്ടപ്രഹരമായി.

തൃശൂര്‍: വടക്കാഞ്ചേരിയില്‍ തോറ്റ പശ്ചാത്തലത്തില്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കര. സ്വന്തം പഞ്ചായത്തില്‍ പോലും താന്‍ പിന്നിലായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അനില്‍ അക്കരെ ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടാട്ട് പഞ്ചായത്ത് യുഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. അപ്പോള്‍ എടുത്ത തീരുമാനമാണ്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെ, താന്‍ ഉയര്‍ത്തി വിഷയങ്ങളില്‍ മറുപടി പറയേണ്ടി വരും. അതുകൊണ്ടാണ് മത്സരിച്ചത്.ജനപ്രതിനിധിയെന്ന നിലയില്‍ ഇനി പുതിയ ആളുകള്‍ വരട്ടെയെന്നും അനില്‍ അക്കര പറഞ്ഞു.

തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലം, ഒടുവില്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാല്‍പ്പത്തിയാറ് വോട്ടിന് ജയിച്ച അനില്‍ അക്കര ഇത്തവണ കനത്ത തിരിച്ചടി ഏറ്റുവാങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഈ പരാജയം പ്രതീക്ഷിച്ചില്ല. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

“വിജയിച്ചുവന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.”- രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെതാത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല. വലിയ തോതില്‍ ആഘോഷത്തിന് തയാറെടുത്തവര്‍ അടക്കം ഒഴിഞ്ഞുനില്‍ക്കുന്ന നിലയാണ്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയാണ്.

തെരഞ്ഞെടുപ്പ് തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എത്ര വലിയ ഉറപ്പ് എന്നൊക്കെ ചോദിച്ചവരുണ്ട്. അന്ന് പറഞ്ഞ മറുപടി. ഞങ്ങള്‍ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നു. അതിനാല്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നായിരുന്നു പറഞ്ഞത്. അത് തീര്‍ത്തും അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് ഫലം വന്നിരിക്കുന്നത്.

കോട്ടയം: തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിട്ടില്ലെന്നും പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും തുറന്നടിച്ചു. പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി.തിരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: ടീച്ചറമ്മയെ ഹൃദയത്തോട് ചേര്‍ത്ത് കേരളം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കെ.കെ ശൈലജ 61,000ത്തിലധികം വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മട്ടന്നൂരില്‍ ആദ്യം മുതലേ വിവാദം നിലനിന്നിരുന്നു. അവസാനലാപ്പിലാണ് യുഡിഎഫിന്റെ പ്രചാരണം മണ്ഡലത്തില്‍ ശക്തമായത്.കഴിഞ്ഞ തവണ മന്ത്രി ഇപി ജയരാജന്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂരില്‍ വിജയിച്ചത്. 2011-നേക്കാള്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇപിക്ക് സാധിച്ചിരുന്നു.

തിരുവനന്തപുരം: ഒ. രാജഗോപാല്‍ നേമത്ത് തുറന്ന ബിജെപിയുടെ ഒരേയൊരു അക്കൗണ്ടും പൂട്ടി. ഫലങ്ങള്‍ പുറത്ത് വന്ന ആദ്യമണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തുവെങ്കിലും അവസാനലാപ്പില്‍ എല്‍ഡിഎഫി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയം ഉറപ്പിക്കുകയായിരുന്നു. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ ലീഡ് ചെയ്ത് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവസാനം കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. മൂവായിരത്തില്‍ അധികം വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി. തെരഞ്ഞെടുപ്പിന് മുന്‍പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേമത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യം മുതല്‍ കുമ്മനം രാജശേഖരന്‍ മുന്നിലായിരുന്നു. എന്നാല്‍ പാലക്കാട് പോലെ അവസാന റൗണ്ടില്‍ വി ശിവന്‍കുട്ടിയുടെ കുതിപ്പ് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയും ബിജെപിക്ക് പ്രതീക്ഷ നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ടി പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മുന്നണി.