പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമായി ഇ ശ്രീധരൻ

sreedharan

പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമാണ് ഇ ശ്രീധരൻ.എന്നാൽ ഈ ചൂടിനെ അതിജീവിക്കാന്‍ തന്റെ ശീലങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശ്രീധരന്റെ മറുപടി. മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ഥിയായല്ല, തങ്ങള്‍ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് കൂടെയുള്ള എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞത് മുതല്‍ ഞങ്ങളെല്ലാം ആവേശത്തിലാണെന്നും അവർ പറയുന്നു. വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരന്റെ മറുപടി.

തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് പ്രസംഗിച്ച് തുടങ്ങിയ ശ്രീധരന്‍ പാലക്കാടിനായുള്ള തന്റെ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചും വോട്ടര്‍മാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയര്‍ത്തുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.എതിര്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിച്ച് ഒരു വാക്കുപോലും ശ്രീധരൻ പറയില്ല. ഏറ്റവും ഒടുവില്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയും നടത്തി.ശ്രീധരനെ പോലൊരാള്‍ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് കണ്ണാടി പഞ്ചായത്തില്‍ ശ്രീധരനെ കാത്തിരുന്ന ഒരു വോട്ടര്‍ പറഞ്ഞു.

ശ്രീധരന്‍ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യര്‍ഥിക്കേണ്ട ആവശ്യമില്ല. അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ നല്‍കുമെന്നും വോട്ടര്‍മാര്‍ പറയുന്നു. അതേസമയം, ശ്രീധരന്‍ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമര്‍ശിച്ച വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും നൂറണി അഗ്രഹാരത്തില്‍ അദ്ദേഹത്തിന്റെ പ്രചാരണം വീക്ഷിച്ചിരുന്ന ഒരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീധരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല. കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണില്‍ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, മണ്ഡലത്തില്‍ ഉടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തില്‍ ശ്രീധരന്‍ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവേള നല്‍കി തിരിച്ച് ഫ്ളാറ്റിലേക്ക്. ഭക്ഷണത്തിന് ശേഷം സമയമുണ്ടെങ്കില്‍ കുറച്ചു നേരം ഉച്ചയുറക്കവും പതിവുണ്ട്.

എന്നാല്‍, തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചതോടെ ഈ ശീലം പലപ്പോഴും നടക്കാറില്ല. ഫ്ളാറ്റിന് പുറത്ത് രണ്ട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാലോളം ചാനലുകള്‍ അഭിമുഖത്തിനായി കാത്തിരിക്കുന്നു. ‘സ്ഥാനാര്‍ഥിയായതിന് ശേഷം ഏതു നേരവും മാധ്യമപ്പട സാറെ കേള്‍ക്കാന്‍ ഫ്‌ളാറ്റിലേക്കെത്തും’ – ശ്രീധരന്റെ സഹായി പറഞ്ഞു. ഭക്ഷണത്തിന് മുമ്പ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ മറുപടി നല്‍കി.