യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്; ബിജെപിക്കെതിരെ വിമർശനവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: ബിജെപിക്കെതിരെ വിമർശനവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗം ബിജെപി ബഹിഷ്‌ക്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹം വമർശനവുമായി രംഗത്തെത്തിയത്. ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണെന്നും ചർച്ച പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തുവെന്നും ഇനിയും ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ല. അക്രമം ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനം. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ ഇരട്ടക്കൊലപാതകങ്ങളിൽ പൊലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പൊലീസ് നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഇന്റലിജൻസ് സംവിധാനവും ശക്തമാക്കും. സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.