സിപിഎം സമ്മേളന വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസുകാരൻ താനല്ല; അച്ചടക്ക സമിതിക്ക് മറുപടിയുമായി കെ വി തോമസ്

കൊച്ചി: അച്ചടക്ക സമിതിക്ക് മറുപടി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത വിഷയത്തിലാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്.

സി.പി.എം സമ്മേളന വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസുകാരൻ താനല്ലെന്നും രമേശ് ചെന്നിത്തലയടക്കമുള്ളവർ നേരത്തേ സമ്മേളനത്തിന് പോയിട്ടുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി. അച്ചടക്ക സമിതി ചെയർമാനായ എ.കെ ആന്റണിടയടക്കമുള്ളവർ സിപിഎം നേതാക്കളെ പ്രകീർത്തിച്ച് പ്രസംഗിച്ചതടക്കമുള്ള കാര്യങ്ങളും മറുപടിയിൽ വിശദമാക്കുന്നുണ്ട്. ഇ മെയിലിലൂടെയാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്. അച്ചടക്ക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവാൻ അനുവദിക്കണമെന്നും ഇ മെയിലിൽ കെ വി തോമസ് ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന വേളയിലാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തി സംസാരിച്ചത്. വികസനകാര്യത്തിൽ എൽ.ഡി.എഫ്. സർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യത്തെയാണ് എ കെ ആന്റണി പ്രശംസിച്ചത്. ബ്രഹ്മോസ് കേരളത്തിന് അനുവദിച്ചപ്പോൾ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ പൂർണസഹകരണം തനിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി വി.എസും പിന്തുണ നൽകിയെന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതൽ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികൾ കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ തന്റെ നിഘണ്ടുവിൽ വാക്കുകളില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ആന്റണി.ുടെ പരാമർശം. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് കെ വി തോമസ് മറുപടി തയ്യാറാക്കിയിട്ടുള്ളത്.