പാലക്കാട് ഇരട്ടക്കൊലപാതകം; സർവകക്ഷി സമാധാന യോഗം ബഹിഷ്ക്കരിച്ച് ബിജെപി

പാലക്കാട്: പാലക്കാട്ട് ജില്ലയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ആർഎസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ ബിഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. അതേസമയം, ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ ഇരട്ടക്കൊലപാതകങ്ങളിൽ പൊലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

യോഗം ആരംഭിച്ച് 15 മിനിറ്റിനകം ആർഎസ്എസ്-ബിജെപി നേതാക്കൾ യോഗ ഹാൾ വിട്ടിറങ്ങി. യോഗം പ്രഹസനമെന്നും യോഗം നിയന്ത്രിക്കുന്നതിനെച്ചൊല്ലി എം പി വി കെ ശ്രീകണ്ഠനും മുൻ എം പി എൻ എൻ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർത്ഥമില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. പിന്നീട് യോഗത്തിൽ നിന്നും ഇറങ്ങി പോകുന്നതിലേക്ക് നയിച്ച മറ്റ് കാരണങ്ങളും ആർഎസ്എസ്-ബിജെപി നേതാക്കൾ വിശദമാക്കി. പൊലീസിന്റെ അറസ്റ്റും അന്വേഷണവും പ്രഹസനമാണ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട ഘട്ടത്തിൽ സർക്കാർ സമാധാന യോഗം വിളിച്ചില്ല. സഞ്ജിതിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

പൊലീസ് നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഇന്റലിജൻസ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വിശദമാക്കി. സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.