രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം; പി.ജെ കുര്യനെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ നടപടി ആവശ്യം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരെ നടപടി വേണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടതായി സൂചന. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സമയക്രമം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

അതേസമയം, രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പിന്നീട്, വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാതെ മനപ്പൂര്‍വം മാറിനിന്നുവെന്നാണ് വിലയിരുത്തല്‍. പി.ജെ കുര്യന്‍, കെ.വി തോമസ് എന്നിവരുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നതാണ് കെപിസിസിയുടെ പക്ഷം.