എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. നിലവിലെ കണ്‍വീനറായ എ. വിജയരാഘവനെ പിബിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന് പകരക്കാരനായാണ് ഇപി വരുന്നത്. നേരത്തെ ഇപിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു എന്നാല്‍ എ.വിജയരാഘവനെയാണ് പാര്‍ട്ടി ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ശാരീരിക അവശത കാരണം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപി തുറന്നു പറഞ്ഞിരുന്നു. മൂന്ന് തവണ എംഎല്‍എയായിരുന്ന ഇപി ജയരാജന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ, കായിക മന്ത്രി കൂടിയായിരുന്നു. 1997- ല്‍ അഴീക്കോടുനിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജയരാഘവന് പകരം മറ്റൊരു ഉന്നതനേതാവിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്.