Politics (Page 588)

ന്യൂഡല്‍ഹി : കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലം.കേരളത്തില്‍ ആകെയുള്ള 140 സീറ്റുകളില്‍ 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടിയേക്കാം.എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലപ്രകാരം 88 സീറ്റുമായി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും. യുഡിഎഫിന് 50 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടാമെന്നും എന്‍ഡിടിവി പ്രവചിക്കുന്നു. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ ഭരണത്തിലേക്കെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. 234 അംഗ സിയമസഭയില്‍ ഡിഎംകെ സഖ്യത്തിന് 175 മുതല്‍ 195 സീറ്റുകള്‍ വരെയാണ് പ്രവചനം. എഐഎഡിഎംകെ ബിജെപി സഖ്യത്തിന് 38 മുതല്‍ 54 സീറ്റുകള്‍ മാത്രമാണ് പ്രവചനം.
ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, എന്‍ഡിടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമില്‍ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തുമ്പോള്‍ പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. അസമില്‍ ബിജെപിക്ക് 75 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 4 സീറ്റുകള്‍ വരെയും നേടും. എന്‍ഡിഎ 74 മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെയും നേടും. ബിജെപി 69 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി പ്രവചിക്കുന്നു.

ചെന്നൈ: മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജി. മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് രൂക്ഷ വിമര്‍ശനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കോവിഡ് രൂക്ഷമാകാന്‍ കാരണം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും, തിരഞ്ഞെടുപ്പ് റാലികള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു.കോവിഡിന്റെ ഈ സാഹചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ . വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ൽനിന്ന് 633 ആയി ഉയർന്നിട്ടുണ്ട് .(78 ശതമാനം വർധന). 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഒരു ഹാളിൽ 14 ടേബിളുകൾ ഉണ്ടായിരുന്നത്, ഇത്തവണ കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ ഒരു ഹാളിൽ ഏഴായി കുറച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വർധനവുണ്ടായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. 527 ഹാളുകൾ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണം.ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാൻ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്‌ട്രോംഗ് റൂമുകളുമാണുള്ളത്. റിസർവ് ഉൾപ്പെടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും, 54349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. റിസർവ് ഉൾപ്പെടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്.

നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജൻറുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോംഗ് റൂമുകൾ തുറക്കുക. 49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്.ഇതിനൊപ്പം സ്‌റ്റേറ്റ് ആംഡ് പോലീസ് ബറ്റാലിയനും സംസ്ഥാന പോലീസ് സേനയുമാണ് രണ്ടുതല സുരക്ഷയും സ്‌ട്രോങ്ങ് റൂമുകളിലുണ്ട്. 584238 തപാൽ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതിൽ 296691 പേർ 80 വയസ് കഴിഞ്ഞവരും 51711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32633 അവശ്യസർവീസ് വോട്ടർമാരും 202602 പേർ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രിൽ 28 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകളുടെ എണ്ണം 454237 ആണ്.

കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളിലായി നടന്ന പശ്ചിമബംഗാള്‍ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. ഇന്ന് നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊല്ക്കത്ത നോര്‍ത്തിലെ 7 മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും. ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ് എന്നീ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാനരണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്.അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ബിജെപി അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷമാകട്ടെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സിരിക്കുന്നതിലൂടെ അധികാരവഴിയില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്ന #ResignModi ഹാഷ്‌ടാഗ് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകി ഫേസ്‌ബുക്ക്.’ഹാഷ്‌ടാഗ് അബദ്ധത്തിൽ ബ്ളോക്ക് ചെയ്‌തതാണ്. ഇന്ത്യൻ സർക്കാർ പറഞ്ഞതുകൊണ്ടല്ല. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.’ – ഫേസ്‌ബുക്ക് കമ്പനി വക്താവ് ആന്റി സ്‌റ്റോൺ ഹാഷ്‌ടാഗ് നീക്കിയതിനെ തുടർന്ന് കൊവിഡ് കാലത്ത് സർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.

തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തിയത്. ബംഗാൾ തിരഞ്ഞെടുപ്പ് കാലത്തു നരേന്ദ്രമോദി രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് നീക്കിയത്.ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുമ്പോൾ മതിയായ മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ‌ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്‌ടാഗ് ക്യാമ്പെയിനും നടന്നിരുന്നു.

രോഗവ്യാപനം രൂക്ഷമായ ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കാതെ ആളുകൾ തെരുവിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഇടപെടലുകൾ നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ #ResignModi പുന:സ്ഥാപിച്ചത്.

balakrishna pillai

കൊല്ലം : കേരള കോൺഗ്രസ് ബി അദ്ധ്യക്ഷനും, മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടെ നില അതീവഗുരുതരം.അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് വിവരം.ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ അന്തരിക്കുകയായിരുന്നു. എടക്കരയിലെ വീട്ടില്‍ നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനെ തുടര്‍ന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അന്ത്യം. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍ സരോജിനി അമ്മ എന്നിവരുടെ മകനാണ് വിവി പ്രകാശ്.

തിരുവനന്തപുരം: ജനവിധിയില്‍ പൂര്‍ണവിശ്വാസമാണെന്നും യുഡിഎഫിന് ജനങ്ങള്‍ നല്ല വിജയം നല്‍കുമെന്നും കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഒരു മനസ്സോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കാരുണ്യ ലോട്ടറിയില്‍ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയ്ക്കുള്ള കാരുണ്യ ബെനവലെന്റ് ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും സിഎജി റിപ്പോര്‍ട്ടും തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് അംഗീകരിച്ചിരുന്നു.

തിരുവനന്തപുരം: കെ എം എംഎല്ലിന്റെ പഴയ പ്ലാന്റ് നവീകരിച്ചാൽ 30 ടൺ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വ്യവസ്യാ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. ആരോഗ്യരക്ഷയിൽ ഓക്സിജന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഓക്സിജൻ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കൊവിഡ് ചികിൽസയ്ക്ക് ആവശ്യമായ ഓക്സിജൻ കൈവശമുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് ഗവൺമെന്റ് സ്വീകരിച്ച ക്രിയാത്മക നടപടികളാണ് സ്ഥിതി ഭദ്രമാക്കിയത്. നിലവിൽ കൂടുതൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയുമാണ്. കൊല്ലം ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസിലെ പഴയ ഓക്സിജൻ പ്ലാന്റ് നവീകരിക്കാനുള്ള സാധ്യതകൾ തേടുന്നത് അതിന്റെ ഭാഗമാണ്. ഇക്കാര്യം പരിശോധിക്കാൻ കെ എം എം എല്ലിന്റെ എം ഡിയ്ക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നടപടികൾ സജീവമാക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതുകയും ചെയ്തു.

1984ല്‍ ആണ് കെ എം എം എല്ലിൽ ആദ്യ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിച്ചത്. 50 ടണ്‍ ആയിരുന്നു ഉൽപ്പാദനശേഷി. കാലക്രമേണ അത് 30 ടണ്ണായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് എൽ സി എഫ് ഗവൺമെന്റ് മുൻകൈ എടുത്ത് ആധുനിക പ്ലാൻറ് സ്ഥാപിച്ചത്. ഈ പ്ലാന്റിൽ 10 ശതമാനം മാത്രമേ മെഡിക്കൽ ആവശ്യത്തിനുള്ള ദ്രവീകൃത ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. 90 ശതമാനം വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്.

കൊച്ചി: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഷംസീറിന്റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില് 16ന് 30 ഉദ്യോഗാര്‍്ത്ഥികളുടെ ഓണ്‍ലൈന്‍ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീറിന്റെ ഭാര്യയുമുണ്ടായിരുന്നു. എന്നാല്‍ ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്നായിരുന്നു ആരോപണം. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്ക്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍് പ്രത്യേക അനുമതി നല്കിയിരുന്നു.